ന്യൂഡല്‍ഹി: ത്രിപുര തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞിരിക്കെ 34 ശതമാനം സീറ്റുകളില്‍ ബി.ജെ.പി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. അഗര്‍ത്തല കോര്‍പ്പറേഷനിലും 13 നഗരസഭകളിലും 6 പഞ്ചായത്തുകളിലുമായി 334 സീറ്റുകളിലായാണ് മത്സരം നടക്കുന്നത്. 112 സീറ്റുകളിലാണ് ബി.ജെ.പി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

പടിഞ്ഞാറന്‍ ത്രിപുരയിലെ ജിറാനിയ, റാണിര്‍ ബസാര്‍, മോഹന്‍ പൂര്‍, ബിഷാല്‍ ഗഡ്, ശാന്തിര്‍ ബസാര്‍, ഉദയ് പൂര്‍, വടക്കന്‍ ത്രിപുരയിലെ കമാല്‍ പൂര്‍ എന്നീ ഏഴ് നഗരസഭകളില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമായി. എന്നാല്‍ ഭീഷണിയും അക്രമവും കാരണം തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാനായില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. പത്രിക നല്‍കിയ പലരെയും ഭീഷണിപ്പെടുത്തി സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിച്ചതായി അവര്‍ പറഞ്ഞു. ബി.ജെ.പി ഇത് നിഷേധിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഴുവന്‍ സീറ്റുകളിലും മത്സരിക്കുന്നത് ബി.ജെ.പി മാത്രമാണ്. സി.പി.എം (212), തൃണമൂല്‍ കോണ്‍ഗ്രസ് (124), കോണ്‍ഗ്രസ് (100), സി.പി.ഐ (6), ഫോര്‍വേഡ് ബ്ലോക്ക് (5), ആര്‍.എസ്.പി (2) എന്നിങ്ങനെയാണ് വിവിധ പാര്‍ട്ടികള്‍ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം. 29 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും രംഗത്തുണ്ട്. നവം.25ന് തിരഞ്ഞെടുപ്പ് നടക്കും. 28നാണ് ഫലപ്രഖ്യാപനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക