സ്ത്രീ സുരക്ഷാ മുദ്രാവാക്യമുയർത്തി വനിതാ ശിശു ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ പാലായിൽ നടത്തിയ വനിതകളുടെ രാത്രി നടത്തം പരിപാടിക്ക് ഉദ്ഘാടകയായി നിശ്ചയിച്ചിരുന്നത് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമല ജിമ്മിയെയാണ്. ഇന്നലെ രാത്രി 10 മണിക്കാണ് നടത്തം ആരംഭിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ നഗരസഭയിലെ വനിതാ കൗൺസിലർമാർ അടക്കം സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ രാത്രി പതിനൊന്നര വരെ കാത്തിരുന്നിട്ടും ഉദ്ഘാടക സ്ഥലത്തെത്തിയില്ല എന്നുമാത്രമല്ല അവരെ ഫോണിൽ പോലും ബന്ധപ്പെടുവാൻ സാധിച്ചില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഒടുവിൽ ക്ഷമ നശിച്ച ആളുകൾ രോഷാകുലരായതിനെ തുടർന്ന് നഗരസഭാ വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു.

പാലായിൽ വനിതാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന രാത്രി നടത്തം നഗരസഭാ വൈസ് ചെയർപേഴ്സൺ ശ്രീമതി. സിജി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

സ്ത്രീ സുരക്ഷ ഉയർത്തിപ്പിടിച്ച് നടത്തുന്ന ഒരു പരിപാടിക്ക്, അതും രാത്രി നടത്തം പോലെ ഗൗരവമേറിയ ഒരു പരിപാടിക്ക് സമയനിഷ്ഠ പാലിച്ചില്ല എന്ന് മാത്രമല്ല ഫോൺ എടുക്കാനുള്ള മര്യാദപോലും ജില്ലാ പഞ്ചായത്ത് അധ്യക്ഷ കാട്ടാതിരുന്നത് വലിയ രീതിയിലുള്ള പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. സ്ത്രീ സുരക്ഷയെ സംബന്ധിച്ച് ഉയരുന്ന വിഷയങ്ങളിൽ സർക്കാർ തന്നെ പ്രതിരോധത്തിലായ അവസരത്തിൽ ഇടതുമുന്നണിയുടെ പ്രതിനിധിയായ ജില്ലാപഞ്ചായത്ത് അധ്യക്ഷയിൽ നിന്ന് ഉണ്ടായ ഈ നിഷേധാത്മക നിലപാട് മുന്നണിക്കുള്ളിൽ തന്നെ ചർച്ചയാകും. വരുംദിവസങ്ങളിൽ പ്രതിപക്ഷവും വിഷയം ശക്തമായി ഉയർത്തിക്കാട്ടാനുള്ള സാധ്യതയുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരള കോൺഗ്രസും പ്രതിരോധത്തിൽ:

രാഷ്ട്രീയ വിരോധമുള്ള വ്യക്തിയുടെ ഭാര്യയെയും കുട്ടികളെയും സൈബർ ആക്രമണത്തിന് ഇരയാക്കിയ കേരള കോൺഗ്രസ് പ്രവർത്തകർക്കെതിരെയും, അവരെ സംരക്ഷിക്കുന്ന പോലീസ് നിലപാടിനെതിരെയും കഴിഞ്ഞദിവസം പാലാ കുരിശുപള്ളി കവലയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ ആഭിമുഖ്യത്തിൽ 24 മണിക്കൂർ ഉപവാസ സമരം നടന്നിരുന്നു. സമര പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ കെ കെ രമ എംഎൽഎയ്ക്ക്, പിറ്റേന്ന് തൃശൂരിൽ നടന്ന പൊതുപരിപാടിക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായ വാർത്ത പങ്കുവെച്ചുകൊണ്ട് എംഎൽഎയ്ക്കെതിരെ കേരള കോൺഗ്രസ് വനിതാവിഭാഗം സംസ്ഥാന നേതാവ് ഫേസ്ബുക്ക് അവഹേളനപരമായ കുറുപ്പ് പങ്കു വെച്ചതും വിവാദമായിരുന്നു. ഇതിനു പിന്നാലെ നിർമ്മല ജിമ്മിയുടെ നിരുഉത്തരവാദിത്വവും പ്രതിപക്ഷം ചർച്ചയാക്കും എന്ന് ഉറപ്പാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക