കേരള കോൺഗ്രസ് സിപിഎം ബന്ധത്തിന് ഏറ്റവും അധികം വിള്ളൽ ഏൽപ്പിക്കുന്നത് പാലാ നഗരസഭയിൽ ഇരുകക്ഷികളും തമ്മിൽ നടക്കുന്ന പോരാട്ടങ്ങളാണ്. പതിറ്റാണ്ടുകളായി രാഷ്ട്രീയമായി എതിർച്ചേരികളിൽ നിന്ന് പോരടിച്ചവർക്ക് ഇടതുപക്ഷത്തെ രാഷ്ട്രീയ സമവാക്യം അംഗീകരിക്കാൻ കഴിയുന്നില്ല. കമ്മ്യൂണിസ്റ്റ് ശൈലിയിൽ വല്യേട്ടന് പിന്നാലെ പോകാൻ പാലായിലെ കേരള കോൺഗ്രസുകാർ തയ്യാറുമല്ല. പാലായിൽ തങ്ങളാണ് വല്യേട്ടൻമാർ എന്ന നിലപാടാണ് അവർക്ക്.

കേരള കോൺഗ്രസ് സിപിഎം കിട മൽസരത്തിന്റെ ഭാഗമായി തന്നെയാണ് സിപിഎം പാർലമെന്ററി പാർട്ടി ലീഡറും അഞ്ചാം ടേം കൗൺസിലറുമായ അഡ്വ ബിനു പുളിക്കകണ്ടത്തിനെതിരെ കേരള കോൺഗ്രസ് കൗൺസിലർ ജോസ് ചീരാൻകുഴി മോഷണം കുറ്റം ആരോപിച്ചു രംഗത്ത് വന്നത്. ചീരാംകുഴിക്ക് പിന്നിൽ നിൽക്കുന്നത് നഗരസഭ കൗൺസിൽ യോഗത്തിനിടെ ബിനുവിൻറെ കൈയുടെ ചൂട് അറിഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിൽ അലറി കരഞ്ഞ മറ്റൊരു കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ ആണ് എന്നും വിലയിരുത്തപ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോഷണം പോയ എയർപോഡ് ബിനുവിൻറെ വീടിന് സമീപം ലൊക്കേഷൻ കാണിച്ചതാണ് പ്രധാന തെളിവായി കേരളാ കോൺഗ്രസ് കൗൺസിലർ ജോസ് മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ബിനുവിന്റെ ഫോണുമായോ, മറ്റേതെങ്കിലും ഫോണുമായോ ഈ ഉപകരണം ബന്ധിപ്പിച്ചതിന് തെളിവുകൾ ഒന്നും തന്നെയില്ല. ഒക്ടോബറിൽ മോഷണം പോയി എന്ന് പറയുന്ന ഉപകരണത്തെക്കുറിച്ച് പരാതിയും ആരോപണവും ഉന്നയിക്കുന്നത് മൂന്നു മാസങ്ങൾക്കിപ്പുറം ജനുവരിയിലാണ്. മികച്ച വരുമാനം നേടുന്ന സംരംഭങ്ങളുടെ ഉടമയും സാമ്പത്തിക ഭദ്രതയും ഉള്ള ബിനു പുളിക്കകണ്ടം ഇങ്ങനെ ഒരു മോഷണം നടത്തുമെന്ന് നിഷ്പക്ഷരായ രാഷ്ട്രീയ എതിരാളികൾ പോലും വിശ്വസിക്കുന്നുമില്ല.

അർഹതപ്പെട്ട നഗരസഭ അധ്യക്ഷ സ്ഥാനത്തുനിന്ന് ജോസ് കെ മാണി സിപിഎം സംസ്ഥാന നേതൃത്വവുമായി നേരിട്ട് വിലപേശിയാണ് ബിനുവിനെ മാറ്റി നിർത്തിയത്. അതുകൊണ്ടുതന്നെ സിപിഎം നേതാവിനെതിരെയുള്ള തുടർ നീക്കങ്ങളുടെ ഭാഗമായ കേരള കോൺഗ്രസ് ആരോപണമാണ് ഇതെന്നും പാലായിലെ ആളുകൾ വിശ്വസിക്കുന്നു. ആരോപണങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിക്കാനുള്ള കേരള കോൺഗ്രസ് നീക്കത്തിന്റെ ഭാഗമായിട്ടാണ് കൗൺസിലർ ജോസ് ചീരാൻകുഴി ഇന്ന് പൊലീസിൽ വീണ്ടും പരാതി നൽകിയത്. വിഷയം സജീവമാക്കി നിർത്താൻ ഉള്ള നീക്കത്തിന് ബിനു പുളിക്കകണ്ടം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മനോരമ ന്യൂസ് ചാനലിനോട് വിഷയത്തെക്കുറിച്ച് പ്രതികരിക്കുമ്പോൾ താൻ പാർട്ടി നേതൃത്വവുമായി ആലോചിച്ച് മുന്നോട്ടുള്ള നടപടികൾ സ്വീകരിക്കുമെന്നും ആരോപണമുന്നയിക്കുന്ന കൗൺസിലറുടെ തന്ത അല്ല തന്റെ തന്ത എന്നുമാണ് ബിനുവിന്റെ പ്രതികരണം. ബിനുവിൻറെ ഈ ലൂസിഫർ ഡയലോഗ് എന്താണെങ്കിലും പാലായിൽ വൈറലാണ്. വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക