ആലുവ: സ്ത്രീ പീഡനത്തെതുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആലുവ ഈസ്റ്റ് സി ഐ സുധീറിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. മോഫിയ പര്‍വീണിന്റെ ആത്മഹത്യാകുറിപ്പില്‍ തന്നോട് മോശമായി പെരുമാറിയ സി ഐക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വളരെ മോശമായാണ് സിഐ പെരുമാറിയതെന്നും പൊലീസ് സ്റ്റേഷനില്‍ നേരിട്ട അവഹേളനവും ആത്മഹത്യക്ക് കാരണമായെന്ന് മോഫിയയുടെ പിതാവ് പറഞ്ഞിരുന്നു.
മോഫിയയുടെ ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരെ കേസെടുത്തിട്ടും സി ഐ സുധീറിനെതിരെ നടപടി വരാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസും മുസ്ലീം ലീഗും അടക്കമുള്ള പ്രതിപക്ഷ സംഘടനകള്‍ ആലുവ സി ഐ ഓഫീസിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.അതേസമയം സി ഐയെ സസ്പെന്‍ഡ് ചെയ്യാതെ സമരം പിന്‍വലിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. അന്‍വര്‍ സാദത്ത് എം എല്‍ എ, ബെന്നി ബഹനാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരം ആലുവ പൊലീസ് സ്റ്റേഷനു മുന്നില്‍ ഇപ്പോഴും തുടരുകയാണ്.
സി ഐ സുധീറിനെ സ്റ്റേഷന്‍ ഡ്യൂട്ടികളില്‍ നിന്ന് മാറ്റിനിര്‍ത്തിയെന്ന് ഇന്നലെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇന്ന് രാവിലെ ഉദ്യോഗസ്ഥന്‍ ഡ്യൂട്ടിക്ക് ഹാജരായിരുന്നു. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്രെ നേതൃത്വത്തില്‍ ആലുവ സി ഐ ഓഫീസിന് മുന്നില്‍ കനത്ത പ്രതിഷേധമാണ് നടന്നത്. ഇതിനിടെ സി ഐ ഓഫീസിലേക്കെത്തിയ ഡി ഐ ജിയുടെ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനത്തിന്രെ ആന്റിന പ്രവര്‍ത്തകര്‍ ഊരിയെടുത്തു. പൊലീസ് സ്റ്റേഷന്റെ മുറ്റത്തും ഗേറ്റിന് വെളിയിലുമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ സമരം ചെയ്യുന്നുണ്ട്. മഹിളാ മോര്‍ച്ച പ്രവര്‍ത്തകരും ആലുവയില്‍ റോഡ് ഉപരോധിച്ച് സമരം ചെയ്യുന്നുണ്ട്.