കൊച്ചി: ആലുവയിലെ നിയമവിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ സിഐ സുധീറിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പൊലീസ് റിപ്പോര്‍ട്ട്. മോഫിയ പര്‍വീണ്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ കേസെടുക്കുന്നതിലാണ് സിഐക്ക് വീഴ്ച സംഭവിച്ചത്. ഒക്ടോബര്‍ 29 ന് ഡിവൈഎസ്പി പരാതി സിഐക്ക് കൈമാറിയിരുന്നു.

എന്നാല്‍ സി ഐ തുടര്‍ നടപടികള്‍ എടുത്തില്ല. കേസെടുക്കാതെ 25 ദിവസമാണ് പൊലീസ് നടപടി വൈകിപ്പിച്ചത്. പെണ്‍കുട്ടി ആത്മഹത്യാ ചെയ്ത ദിവസം മാത്രമാണ് കേസ് എടുത്തതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എറണാകുളം റേഞ്ച് ഡി ഐ ജി നീരജ് കുമാര്‍ ​ഗുപ്ത നേരിട്ടാണ് അന്വേഷണം നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സി ഐ അവസരോചിതമായി ഇടപെട്ടില്ല

ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്. ‌അതേസമയം സി ഐ സുധീര്‍ മോഫിയ പര്‍വീണിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സി ഐ യുടെ മുറിയില്‍ വെച്ച്‌ പെണ്‍കുട്ടി ഭര്‍ത്താവിനെ അടിച്ചു. തുടര്‍ന്നുണ്ടായ ബഹളം നിയന്ത്രിക്കുന്നതില്‍ സി ഐ അവസരോചിതമായി ഇടപെട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയി‍ട്ടുണ്ട്.

എന്നാല്‍ തനിക്ക് സ്റ്റേഷനില്‍ മറ്റ് തിരക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ പരാതി അന്വേഷിക്കാന്‍ മറ്റൊരു ഉദ്യോ​ഗസ്ഥനെ ഏര്‍പ്പാടാക്കിയെന്നും അദ്ദേഹത്തിനാണ് വീഴ്ച വന്നതെന്നുമാണ് സുധീര്‍ വിശദീകരിച്ചത്. നവംബര്‍ 18ന് മോഫിയയേയും കുടുംബത്തേയും വിളിപ്പിച്ചെങ്കിലും പെണ്‍കുട്ടിയും കുടുംബവും അസൗകര്യം പറഞ്ഞു. തുടര്‍ന്ന് 22-ാം തിയതിയാണ് ചര്‍ച്ചയ്ക്കായി സ്റ്റേഷനില്‍ വന്നത് എന്നും സിഐ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കോണ്‍​ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി

മോഫിയയുടെ കുടുംബത്തിന്റെ പരാതികളുടെ പശ്ചാത്തലത്തില്‍ സിഐ സുധീറിനെ സ്ഥലം മാറ്റിയിരുന്നു. പൊലീസ് ഹെഡ്ക്വാട്ടേഴ്സിലേക്കാണ്
സ്ഥലംമാറ്റിയത്. എന്നാല്‍ സിഐയെ സസ്പെന്റ് ചെയ്യണമെന്ന ആവശ്യത്തില്‍ തന്നെ ഉറച്ച്‌ നില്‍ക്കുകയാണ് കുടുംബവും കോണ്‍ഗ്രസ് പാര്‍ട്ടിയും. സിഐക്കെതിരെ സസ്പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍​ഗ്രസ് എസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്‌ സംഘര്‍ഷത്തില്‍ കലാശിച്ചു.

സമരക്കാരെ പൊലീസ് തടഞ്ഞു. ഇതേത്തുര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന് നേര്‍ക്ക് കല്ലേറ് നടത്തുകയും, പൊലീസ് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് സമരക്കാര്‍ക്ക് നേര്‍ക്ക് പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഹൈബി ഈഡന്‍ എംപി അടക്കമുള്ളവര്‍ക്ക് നേരെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.

ഭര്‍ത്താവ് അടക്കം മൂന്നു പ്രതികളും റിമാന്‍ഡില്‍

അതിനിടെ, മോഫിയ പര്‍വീണിന്റെ മരണത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (27), ഭര്‍തൃപിതാവ് യൂസഫ് (63), ഭര്‍തൃമാതാവ് റുഖിയ ( 55) എന്നിവരെ ആലുവ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അതീവ സുരക്ഷയോടെ പ്രതികളെ മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കുകയായിരുന്നു.

കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ്

അതിനിടെ പ്രതികളെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്നും, പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. പ്രതികള്‍ സ്ത്രീധനം ആവശ്യപ്പെട്ടതായും, ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നും കസ്റ്റഡി അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക