പാരിസ്: സെക്‌സ് ടേപ്പ് ഉപയോഗിച്ച്‌ സഹ കളിക്കാരനെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ ഫ്രഞ്ച് ഫുട്ബോള്‍ താരം കരീം ബെന്‍സേമയെ കോടതി ശിക്ഷിച്ചു. ഒരു വര്‍ഷത്തെ തടവും എഴുപത്തയ്യായിരം യൂറോ പിഴയുമാണ് ഫ്രഞ്ച് കോടതി ശിക്ഷ വിധിച്ചത്. ഫ്രഞ്ച് ഫുട്‌ബോള്‍ താരം മാത്യു വെല്‍ബ്യുനയെ സെക്‌സ് ടേപ്പ് ഉപയോഗിച്ച്‌ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസിലാണ് ബെന്‍സേമ അടക്കം അഞ്ചുപേരെ കോടതി ശിക്ഷിച്ചത്.

എന്നാല്‍, സസ്‌പെന്‍ഡഡ് തടവുശിക്ഷ ആയതിനാല്‍ അടുത്ത ഒരു വര്‍ഷത്തേയ്ക്ക് ബെന്‍സെമ ജയിലില്‍ കിടക്കേണ്ടതില്ല. ഈ പ്രൊബേഷന്‍ കാലാവധിയില്‍ കുറ്റകൃത്യം ആവര്‍ത്തിക്കുകയാണെങ്കില്‍ മാത്രം തടവുശിക്ഷ അനുഭവിച്ചാല്‍ മതിയാവും. ഫ്രഞ്ച് ഫുട്ബോള്‍ താരമായ കരിം ബെന്‍സേമ, റയല്‍ മാഡ്രിഡ് താരവുമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2015-ലാണ് കേസിന് ആസ്പദമായ സംഭവം. ഇരുവരും അന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ ടീമില്‍ ഉണ്ടായിരുന്നു. ദേശീയ ടീമിന്റെ പരിശീലന ക്യാമ്ബില്‍ വച്ച്‌ മറ്റ് നാലു പേര്‍ക്കും വേണ്ടി ബെന്‍സെമ വെല്‍ബ്യുനയെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. വെല്‍ബ്യൂനയുടെ മൊബൈല്‍ ഫോണില്‍ നിന്നു ലഭിച്ച ഒരു അശ്ലീല വീഡിയോയുടെ പേരിലായിരുന്നു ബ്ലാക്ക്മെയില്‍. സംഭവത്തെത്തുടര്‍ന്ന് ഇരുവരും ഫ്രഞ്ച് ടീമില്‍ നിന്നും പുറത്തായിരുന്നു.

കേസില്‍ താന്‍ നിരപരാധിയാണെന്നും യഥാര്‍ത്ഥത്തില്‍ വെല്‍ബ്യുനയെ രക്ഷിക്കുകയായിരുന്നു ഉദ്ദേശ്യമെന്നുമാണ് ബെന്‍സേമ കോടതിയില്‍ വ്യക്തമാക്കിയത്. സംഭവത്തിന് ആധാരമായ വീഡിയോ നശിപ്പിക്കണം എന്നു മാത്രമാണ് താന്‍ വെല്‍ബ്യുനയോട് ആവശ്യപ്പെട്ടതെന്നും ബെന്‍സെമ കോടതിയില്‍ മൊഴി നല്‍കി. എന്നാല്‍ താരത്തെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം പിടുങ്ങിയ സംഭവത്തില്‍ ബെന്‍സേമയ്ക്ക് വ്യക്തിപരമായ പങ്കാളിത്തമുണ്ടെന്ന് കോടതി വിധി പ്രസ്താവിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക