തൃശൂര്‍ : കാര്‍ഷിക സര്‍വകലാശാലാ ഹോര്‍ട്ടികള്‍ച്ചര്‍ കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ മഹേഷ് റാഗിങ്ങിനിരയായതായി സഹപാഠികളുടെ മൊഴി.മഹേഷിനൊപ്പം പഠിക്കുന്ന പെണ്‍കുട്ടികളാണ് പൊലീസിന് മൊഴി നല്‍കിയത്. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ മഹേഷിന്റെ തലയില്‍ ബക്കറ്റ് കമഴ്ത്തിവച്ചശേഷം കറക്കിവിട്ട് നടത്തിച്ചിട്ടുണ്ട്. മഹേഷിന്റെ മൊബൈല്‍ ഫോണ്‍ ബലമായി പിടിച്ചെടുത്ത് പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശം അയച്ചതായും മൊഴി നല്‍കി. മാനസിക സംഘര്‍ഷത്തെത്തുടര്‍ന്ന് മഹേഷ് സുഹൃത്തുക്കള്‍ക്ക് വിവരം കൈമാറുകയായിരുന്നു.ഇതാണ് പൊലീസിന് കൈമാറിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒന്നാംവര്‍ഷ വിദ്യാര്‍ഥികളുടെ മൊഴികള്‍ മണ്ണുത്തി പൊലീസ് ശേഖരിച്ചു വരികയാണ്. കെഎസ്യുവിന് ആധിപത്യമുള്ള ക്യാമ്ബസിലാണ് കുട്ടികള്‍ ക്രൂരമായ റാഗിങ്ങിനിരയാവുന്നത്. ഹോര്‍ട്ടികള്‍ച്ചറല്‍ കോളേജ് ഹോസ്റ്റലായ പമ്ബയില്‍ കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങിയവര്‍ ക്യാമ്ബ് ചെയ്താണ് റാഗിങ് നടത്തുന്നത്. മഹേഷ് മരിച്ച ദിവസം രാത്രി പന്ത്രണ്ടുവരെ ഈ സംഘം ഹോസ്റ്റലില്‍ ക്യാമ്ബ് ചെയ്തിരുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഹോസ്റ്റലില്‍ താമസിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ നിരന്തരം റാഗിങ്ങിന് ഇരയാവുന്നതായി മറ്റു കുട്ടികളും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24ന് കാര്‍ഷിക സര്‍വകലാശാലാ ഹോര്‍ടികള്‍ച്ചറല്‍ കോളേജ് ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ റാഗ് ചെയ്യാന്‍ ശ്രമിച്ചതായി കുട്ടികള്‍ സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജില്‍ പ്രവേശനം നേടിയ പെണ്‍കുട്ടികള്‍ രക്ഷിതാക്കളുമൊത്ത് പമ്ബ ഹോസ്റ്റലിലെത്തിയപ്പോഴാണ് അതിക്രമവും ഭീഷണിയുമുണ്ടായത്.കാലാവസ്ഥാ പഠന കോളേജില്‍ ഹോസ്റ്റല്‍ സൗകര്യം ഒരുക്കാത്തതിനാല്‍ സര്‍വകലാശാലാ അധികൃതരുടെ നിര്‍ദേശപ്രകാരം ഇവിടെ എത്തിയപ്പോഴാണ് റാഗിങ്ങിന് ശ്രമിച്ചത്.

കോഴ്സില്‍ ആണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞതോടെ ഹോസ്റ്റലിന്റെ ഒരു ബ്ലോക്ക് പെണ്‍കുട്ടികള്‍ക്കായി വിട്ടു നല്‍കിയിരുന്നു. എന്നാല്‍ ഇവിടെ താമസിച്ചാല്‍ തങ്ങള്‍ അതിക്രമിച്ച്‌ കയറുമെന്നായിരുന്നു ഭീഷണി. മൂന്നര മണിക്കൂര്‍ റാഗിങ് രീതിയില്‍ പെരുമാറിയെന്നാണ് പരാതി. കോളേജില്‍ റാഗിങ് വിരുദ്ധ കമ്മിറ്റി നിയമാനുസൃതമായി രൂപീകരിച്ചിട്ടില്ല. ഇല്ലാത്ത കമ്മിറ്റിയുടെ പേരില്‍, റാഗിങ് നടന്നിട്ടില്ലെന്ന് കാണിച്ച്‌ തിടുക്കത്തില്‍ റിപ്പോര്‍ട്ട് നല്‍കിയത് ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്.വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഹോര്‍ട്ടികള്‍ച്ചര്‍ കോളേജിലേക്ക് ( കോളേജ് ഓഫ് അഗ്രികള്‍ച്ചര്‍) പ്രതിഷേധ മാര്‍ച്ച്‌ നടത്തി. സര്‍വകലാശാലാ കവാടത്തില്‍നിന്നാരംഭിച്ച മാര്‍ച്ച്‌ ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞത് സഘര്‍ഷത്തിനിടയാക്കി. യോഗം കേന്ദ്രകമ്മിറ്റി അംഗം വി പി ശരത്പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജാസിര്‍ ഇക്ബാല്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി എസ് സംഗീത്, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ എ എന്‍ സേതു, പി എസ് മിത്ര, രജിത ജയന്‍, ആര്‍ വിഷ്ണു, ജിഷ്ണു സത്യന്‍ എന്നിവര്‍ സംസാരിച്ചു.ഹോര്‍ട്ടികള്‍ച്ചര്‍ കോളേജില്‍ ബിഎസ്സി ഹോണേഴ്സ് അഗ്രികള്‍ച്ചറല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥി മഹേഷിനെയാണ് (19) ഞായറാഴ്ച പുലര്‍ച്ചെ ഹോസ്റ്റലില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. കെഎസ്യുവിനും വലതുപക്ഷ അരാജകവാദികള്‍ക്കും വലിയ സ്വാധീനമുള്ള ക്യാമ്ബസാണ് ഹോര്‍ട്ടികള്‍ച്ചര്‍ കോളേജ്. നിരന്തരമായി വിദ്യാര്‍ഥികളെ റാഗിങ്ങിനിരയാക്കുന്നതായി പരാതിയുണ്ട്. പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹോസ്റ്റലില്‍ തമ്ബടിച്ച്‌ റാഗ് ചെയ്യുന്നതായാണ് പരാതി. റാഗിങ് പശ്ചാത്തലം അന്വേഷിക്കുക, പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്ന കോളേജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക