
മുകേഷ് അംബാനിയും കുടുംബവും ഭാഗികമായി ലണ്ടനിലേക്ക് താമസം മാറുന്നുവെന്ന് റിപ്പോര്‍ട്ട്. ലണ്ടനില്‍ അടുത്തിടെ വാങ്ങിയ ബംഗ്ലാവിലേക്കാണ് മുകേഷ് അംബാനിയും കുടുംബവും മാറുന്നത്. ഭാവിയില്‍ തങ്ങളുടെ സമയം മുംബൈയിലും ലണ്ടനിലുമായി പങ്കിടാനാണ് അംബാനി കുടുംബത്തിന്റെ തീരുമാനം. ഏപ്രില്‍ മാസം 592 കോടി രൂപ മുടക്കി ബക്കിംഗ്ഹാംഷെയറില്‍ 300 ഏക്കറിലുള്ള ബംഗ്ലാവ് മുകേഷ് അംബാനി വാങ്ങിയിരുന്നു. ഇവിടേക്കാണ് താമസം മാറുന്നത്.
കൊവിഡ് ലോക്ഡൗണ്‍ സമയങ്ങളില്‍ മുബൈയിലെയും ജംനഗറിലെയും വസതികളിലായിരുന്നു മുകേഷ് അംബാനിയും കുടുംബവും കഴിഞ്ഞത്. ഈ സമയത്താണ് മറ്റൊരു വീട് ആവശ്യമാണെന്ന് അംബാനി കുടുംബത്തിന് തോന്നിയതെന്ന് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ദീപാവലി ആഘോഷം സാധാരണയായി മുംബൈയിലെ വീട്ടില്‍ വെച്ചാണ് മുകേഷ് അംബാനിയും നിത അംബാനിയും ആഘോഷിക്കാറ്. എന്നാല്‍ ഇത്തവണ ആഘോഷം ലണ്ടനിലായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.