ന്യൂഡല്‍ഹി:ക്രൈസ്തവരുമായി കൂടുതല്‍ അടുക്കാന്‍ മോദി സര്‍ക്കാര്‍. ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ വെള്ളിയാഴ്ച റോമിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിക്കുന്നത് ഇതിന്റെ ഭാഗമായിരുന്നു. കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് പാപ്പയെ പ്രധാനമന്ത്രി ഔദ്യോഗികമായി ഇന്ത്യയിലേക്കു ക്ഷണിക്കുമെന്നാണു സൂചന. കേരളത്തിലെ കത്തോലിക്കാ സഭകളുടെ ദീര്‍ഘകാല ആഗ്രഹമാണ് പോപ്പിനെ ഇന്ത്യയില്‍ എത്തിക്കല്‍. ഇതിന് ബിജെപി സര്‍ക്കാര്‍ തടസം നില്‍ക്കുകയായിരുന്നു. ബിജെപിയുടെ മതേതരമുഖത്തിനും ഇത് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പുതിയ നീക്കം.

ഇന്ത്യ സന്ദര്‍ശിക്കാന്‍ ഫ്രാന്‍സിസ് പാപ്പ പരസ്യമായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ്, ലോകത്തിന്റെ സമാധാന നായകന്റെ ഇന്ത്യയിലേക്കുള്ള വരവിനോട് ബിജെപി സര്‍ക്കാര്‍ നേരത്തേ അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. വത്തിക്കാന്റെ രാഷ്ട്ര തലവന്‍ കൂടിയാണ് മാര്‍പ്പാപ്പ. അതുകൊണ്ട് തന്നെ ക്ഷണം കിട്ടിയാല്‍ മാത്രമേ മറ്റൊരു രാജ്യത്ത് എത്താനാകൂ. ഈ ക്ഷണം ഒരു കത്തിലൂടെ വത്തിക്കാനെ അറിയിക്കണമെന്നതായിരുന്നു ഇന്ത്യയിലെ കത്തോലിക്കാ സഭകളുടെ ആഗ്രഹം. എന്നാല്‍ ഇപ്പോള്‍ മോദി നേരിട്ട് വത്തിക്കാനിലെത്തുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യയില്‍ പോപ്പ് എത്തിയാല്‍ കേരളത്തിലും എത്തുമെന്ന് ഉറപ്പാണ്.കേരളത്തിലെ ക്രൈസ്തവ സഭകളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഗോവ ഗവര്‍ണ്ണറായ പി എസ് ശ്രീധരന്‍ പിള്ള നേരിട്ട് ഇടപെട്ടിരുന്നു. പലവട്ടം ചര്‍ച്ച നടത്തി. പ്രധാനമന്ത്രിക്ക് മുമ്ബിലും സഭാ പ്രതിനിധികളെത്തി. ഈ ചര്‍ച്ചകളുടെ വികാരം കൂടി മാനിച്ചാണ് പ്രധാനമന്ത്രി പോപ്പിനെ സ്വീകരിക്കുന്നത്. കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ ബിജെപിക്ക് കരുത്ത് കൂടാന്‍ ക്രൈസ്തവ സഭകളുടെ പിന്തുണ അനിവാര്യമാണ്. ഗോവയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങിലും ക്രൈസ്തവര്‍ നിര്‍ണ്ണായക സ്വാധീന ശക്തിയാണ്. ഇതു പരിഗണിച്ചാണ് മോദിയുടെ നീക്കം. മിസോറാം ഗവര്‍ണ്ണറായിരുന്ന ശ്രീധരന്‍പിള്ളയ്ക്ക് ഗോവാ ചുമതല നല്‍കിയതും ക്രൈസ്തവരുമായി കൂടുതല്‍ അടുക്കുക എന്ന ലക്ഷ്യത്തോടെയാണ്.

റോമില്‍ 30, 31 തീയതികളില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള യാത്രയ്ക്കായി റോമിലെത്തുന്‌പോള്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്താനാണു മോദിയുടെ പരിപാടി. കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ ഐക്യരാഷ്ട്രസഭ നവംബര്‍ ഒന്നിനു നടത്തുന്ന കോപ് -26 സമ്മേളനത്തില്‍ പങ്കെടുക്കാനായി സ്‌കോട്ട്ല ന്‍ഡിലെ ഗ്ലാസ്‌ഗോയിലേക്കു പോകുന്നതിനുമുന്പായി വത്തിക്കാനിലെത്തി മാര്‍പാപ്പയെ കാണുകയാണു മോദിയുടെ പരിപാടി. മാര്‍പാപ്പയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്കായി വിദേശകാര്യമന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും വത്തിക്കാന്‍ കാര്യാലയവും തിരക്കിട്ട കൂടിയാലോചനകള്‍ തുടങ്ങി.മാര്‍പാപ്പയും മറ്റു ലോകനേതാക്കളുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ക്കായി പ്രധാനമന്ത്രി വ്യാഴാഴ്ച റോമിലേക്ക് യാത്ര തിരിക്കും.

മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച ചടങ്ങില്‍ പങ്കെടുക്കാനായി 2016 സെപ്റ്റംബര്‍ നാലിന് വത്തിക്കാനിലെത്തിയപ്പോള്‍ അന്നത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള ക്ഷണക്കത്ത് വിദേശകാര്യമന്ത്രി നല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും സന്ദര്‍ശന തീയതികള്‍ സംബന്ധിച്ച അനിശ്ചിതത്വത്തെത്തുടര്‍ന്നു പാപ്പായുടെ സന്ദര്‍ശനം ഉണ്ടായില്ല. തെരഞ്ഞെടുപ്പിനുശേഷം ഇക്കാര്യം പരിഗണിക്കുമെന്നായിരുന്നു സൂചന. ഇതനുസരിച്ചാണ് ഇറ്റലി ആതിഥേയത്വം വഹിക്കുന്ന ജി20 രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിക്കായി റോമിലെത്തുന്‌പോള്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്.

ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നതും ഇന്ത്യയിലേക്കു ക്ഷണിക്കുന്നതും മോദിയുടെ ആഗോള പ്രതിച്ഛായയ്ക്കു സഹായകമാകുമെന്നാണു വിലയിരുത്തല്‍. ഇന്ത്യാ സന്ദര്‍ശനം വര്‍ഷങ്ങളോളം നീണ്ടതിനെത്തുടര്‍ന്ന് ഫ്രാന്‍സിസ് പാപ്പ 2017 നവംബറില്‍ മ്യാന്മറിലും ബംഗ്ലാദേശിലും പിന്നീട് 2018 ഫെബ്രുവരിയില്‍ യുഎഇയിലും സന്ദര്‍ശനം നടത്തി മടങ്ങി.ഒരു മാര്‍പാപ്പയുടെ ചരിത്രത്തിലാദ്യത്തെ മ്യാന്മര്‍ സന്ദര്‍ശനവും അറബ് രാജ്യത്തെ സന്ദര്‍ശനവും ഏറെ ചര്‍ച്ചയുമായി. ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്നും എത്രയും വേഗം അതിനു കഴിയുമെന്നുമാണു പ്രതീക്ഷയെന്നും പോപ്പ് പലപ്പോഴും പരസ്യമായി പറഞ്ഞിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക