ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ വീണ്ടും ബ്ലേഡ് മാഫിയ സംഘത്തിന്റെ അഴിഞ്ഞാട്ടം. പാമ്പാടിയിൽ നിന്നും, തലയോലപ്പറമ്പിൽ നിന്നുമാണ് മാഫിയ സംഘത്തിനെതിരെ പരാതി എത്തിയിരിക്കുന്നത്. പാമ്പാടി സ്വദേശിയുടെ കാർ തട്ടിയെടുത്ത സംഘം, തലയോലപ്പറമ്പ് സ്വദേശിയുടെ ആധാരവും കൈവശപ്പെടുത്തിയിരിക്കുകയാണ്. ഏറ്റുമാനൂർ സ്വദേശിയായ ഹാറൂണിനെതിരെ പാമ്പാടി സ്വദേശിയും തലയോലപ്പറമ്പ് സ്വദേശികളായ വീട്ടമ്മമാരാണ് ഇപ്പോൾ ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയ്ക്കു പരാതി നൽകിയിരിക്കുന്നത്.

തലയോലപ്പറമ്പ് സ്വദേശിയായ വീട്ടമ്മ വസ്തുവിന്റെ ആധാരം നൽകിയ ശേഷം രണ്ടു ലക്ഷം രൂപയാണ് ഏറ്റുമാനൂരിലെ ബ്ലേഡ് സംഘത്തിൽ നിന്നും വാങ്ങിയത്. ഇതിനായി ആറു സെന്റിന്റെ ആധാരമാണ് ബ്ലേഡ് സംഘത്തിന് നൽകിയത്. രണ്ടു ലക്ഷം രൂപയ്ക്കു പകരം 1.75 ലക്ഷം രൂപയാണ് നൽകിയത്. 25000 രൂപ പലിശയായി ആദ്യം തന്നെ ഈടാക്കി. തുടർന്നു, പല തവണയായി പലിശ അടക്കം രണ്ടരലക്ഷത്തോളം രൂപ ബ്ലേഡ് സംഘത്തിന് നൽകി. എന്നാൽ, വസ്തു തിരികെ എഴുതി നൽകാൻ ഇവർ തയ്യാറായില്ലെന്നു തലയോലപ്പറമ്പ് സ്വദേശിയായ വീട്ടമ്മ നൽകിയ പരാതിയിൽ പറയുന്നു. ബുദ്ധിമാന്ദ്യമുള്ള മക്കളുടെ ചികിത്സയ്ക്കായി വാങ്ങിയ പണത്തിന്റെ പേരിലാണ് ഇപ്പോൾ ഭീഷണിമുഴക്കുന്നതെന്നും പരാതിക്കാരി പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാമ്പാടിയിലെ മിനറൽ വാട്ടർ കമ്പനി ഉടമയായ വീട്ടമ്മയുടെ കാറാണ് മാഫിയ സംഘം പണയത്തിന് പലിശ നൽകി തട്ടിയെടുത്തത്. ഇവരുടെ മാരുതി സ്വിഫ്റ്റ് കാർ പണയത്തിന് എടുത്ത ശേഷം രണ്ടു ലക്ഷം രൂപയാണ് പലിശയ്ക്കു നൽകാമെന്നു വാഗ്ദാനം ചെയ്തത്. എന്നാൽ, 1.60 ലക്ഷം രൂപയാണ് പലിശ തുക പിടിച്ച ശേഷം നൽകിയത്. പിന്നീട്, പലതവണയായി 80 ദിവസം കൊണ്ട് 3.20 ലക്ഷം രൂപ തിരികെ നൽകി. എന്നാൽ, ഇതുവരെയായും കാർ തിരികെ വിട്ടു നൽകാൻ ബ്ലേഡ് മാഫിയ സംഘം തയ്യാറായില്ലെന്നും പാമ്പാടി സ്വദേശിയായ വീട്ടമ്മ പരാതിയിൽ പറയുന്നു.

ഒരിടവേളയ്ക്കു ശേഷം ഏറ്റുമാനൂരിൽ വീണ്ടും ബ്ലേഡ് മാഫിയ സംഘം സജീവമാകുന്നതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ ബ്ലേഡ് മാഫിയ സംഘങ്ങൾക്ക് എതിരെ പൊലീസ് നടപടി കർശനമാക്കണമെന്ന ആവശ്യമാണ് ഉയർന്നിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക