ന്യൂഡെല്‍ഹി: 15കാരിയായ പെണ്‍കുട്ടിയെ 60,000 രൂപയ്ക്ക് ‘വില്‍പന’ നടത്തിയെന്ന കേസില്‍ ഡെല്‍ഹി പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയെ രാജസ്ഥാനിലെ സിക്കര്‍ സ്വദേശിയായ ഗോപാല്‍ ലാല്‍ എന്നയാളുടെ വീട്ടില്‍ നിന്നും പൊലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. ഗോപാല്‍ തന്റെ സഹോദരനായ ദാന്‍വീറിന് പെണ്‍കുട്ടിയെ വിവാഹം കഴിച്ചുകൊടുക്കാന്‍ ആഗ്രഹിച്ചിരുന്നതായി പൊലീസ് പറഞ്ഞു.ഡെല്‍ഹിയിലെ ഹൈദര്‍പൂറില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ സെപ്തംബര്‍ 16 മുതല്‍ കാണാനില്ലെന്ന പരാതിയില്‍ ഷാലിമാര്‍ ബാഗ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടിക്ക് പ്രദേശവാസിയായ നീരജ് സോങ്കര്‍ എന്ന യുവാവുമായി അടുപ്പമുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. നീരജും രോഹിണി നിവാസിയായ ഒരു മുസ്‌കാനും പെണ്‍കുട്ടിയെ ആഗ്രയിലുള്ള വീട്ടിലേക്ക് കൊണ്ടുപോയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.ആഗ്രയിലെ കൂട്ടാളിയുടെ സഹായത്തോടെ ഇരുവരും സിക്കറിലെ ഗോപാല്‍ ലാലിന് 60,000 രൂപക്ക് പെണ്‍കുട്ടിയെ വില്‍ക്കുകയും നീരജിന് 30,000 രൂപ ലഭിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ബാക്കി തുക ആഗ്രയിലെ ഇരുവരുടെയും കൂട്ടാളിയായ ശീതളിന് നല്‍കി. പ്രതികളില്‍ നിന്നും ഈ തുക പൊലീസ് കണ്ടെടുത്തു.