മുംബൈ: മാരുതി സുസുകി കമ്ബനി ഇലക്‌ട്രിക് തകരാറ് മൂലം തങ്ങളുടെ 1.80 ലക്ഷം കാറുകള്‍ തിരിച്ചുവിളിക്കുന്നു. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമോട്ടീവ് മാനുഫാക്‌ടേഴ്‌സ് (SIAM) കണക്കുകള്‍ പ്രകാരം രാജ്യത്തെ പ്രധാന വാഹന നിര്‍മാതാക്കള്‍ നടത്തുന്നത്‌ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചുവിളിക്കലുകളില്‍ ഒന്നാണ്. പെട്രോള്‍ വാഹന ഗണത്തില്‍പ്പെടുന്ന സിയാസ്, എര്‍ട്ടിഗ, വിറ്റാരാ ബ്രസ്സ, എസ്‌ക്രോസ്, എക്‌സ് എല്‍ സിക്‌സ് എന്നിവയുടെ 2018 മെയ് നാലു മുതല്‍ 2020 ഒക്‌ടോബര്‍ 27 വരെയിറങ്ങിയ മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്.

നവംബര്‍ ആദ്യ വാരം മുതല്‍ തകരാറുള്ള ഭാഗം മാറ്റിനല്‍കുമെന്ന് കമ്ബനി അറിയിച്ചു. മാരുതി സുസുകി വര്‍ക്‌ഷോപ്പുകള്‍ വഴി മോട്ടോര്‍ ജനറേറ്റര്‍ യൂനിറ്റ് സൗജന്യമായാണ് മാറ്റി നല്‍കുക. അതുവരെ വെള്ളക്കെട്ടിലൂടെയും ഇലക്‌ട്രോണിക് ഭാഗങ്ങളില്‍ വെള്ളം തെറിക്കുന്ന തരത്തിലും വാഹനം ഓടിക്കരുതെന്ന് കമ്ബനി ഉപഭോക്താക്കളോട് അപേക്ഷിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിഴവ് സംശയിക്കപ്പെടുന്ന വാഹനങ്ങളുടെ ഉടമകള്‍ക്ക് കമ്ബനി വെബ്‌സൈറ്റുകളില്‍ ‘Imp Customer Info’ സെക്ഷന്‍ സന്ദര്‍ശിക്കാം. എര്‍ട്ടിഗ, വിറ്റാര ബ്രസ്സ ഉടമകള്‍ http://www.marutisuzuki.com എന്ന വെബ്‌സൈറ്റും സിയാസ്, എക്‌സ്‌എല്‍ സിക്‌സ്, എസ് ക്രോസ് ഉടമകള്‍ http://www.nexaexperience.com എന്ന വെബ്‌സൈറ്റും സന്ദര്‍ശിച്ച്‌ തങ്ങളുടെ വാഹനത്തിന്റെ ചേസിസ് നമ്ബര്‍ നല്‍കണം. ഇവ വാഹനത്തിന്റെ ഐഡി പ്ലെയിറ്റിലും ഇന്‍വോയിസ്‌രജിസ്‌ട്രേഷന്‍ രേഖകളിലും കാണാം.

ഈ വര്‍ഷം ഏപ്രിലില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വാഹനം തിരിച്ചുവിളിക്കല്‍ പോളിസി നിരവധി ഉപഭോക്താക്കള്‍ പരാതിപ്പെട്ടാല്‍ നിര്‍മാതാക്കള്‍ വാഹനം തിരിച്ചുവിളിച്ചു പ്രശ്‌നം പരിഹരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. മാരുതി സുസുകി 2020 ല്‍ 1,35,000 വാഗനര്‍, ബലേനോ കാറുകള്‍ തിരിച്ചുവിളിച്ചിരുന്നു. വോക്‌സ് വാഗനും സ്‌കോഡയും 2016 ല്‍ നടത്തിയതാണ് രാജ്യത്തെ ഏറ്റവും വലിയ തിരിച്ചുവിളിക്കല്‍. ഡീസല്‍ ഗണത്തില്‍പ്പെട്ട 2,85,000 വാഹനങ്ങളാണ് സോഫ്റ്റ്‌വെയര്‍ നവീകരിക്കാനായി വിളിച്ചുവരുത്തിയതെന്ന് സിയാം കണക്കുകള്‍ പറയുന്നു. പുക പരിശോധനയില്‍ വഞ്ചന കാണിക്കാന്‍ സോഫ്റ്റ്‌വെയറുകള്‍ സജ്ജീകരിച്ചത് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഈ നടപടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക