വാഹനങ്ങളുടെ സുരക്ഷ അളക്കുന്നതിനുള്ള പരീക്ഷണമാണ് ക്രാഷ് ടെസ്റ്റ് അഥവാ ഇടി പരീക്ഷ. ഇപ്പോഴിതാ സുരക്ഷാ പരിശോധനയില്‍ ഒരു സ്റ്റാര്‍ പോലും സ്വന്തമാക്കാനാകാതെ വാഹനലോകത്തെയും ഉടമകളെയുമൊക്കെ ആകെ ഞെട്ടിച്ചിരിക്കുകയാണ് മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലായ സ്വിഫ്റ്റ്. ലാറ്റിന്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റിലാണ് സുസുക്കി സ്വിഫ്റ്റ് തകര്‍ന്ന് തരിപ്പണമായതെന്ന് കാര്‍ ദേഖോ ഉള്‍പ്പെടെയുള്ള വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ നിര്‍മ്മിത മാരുതി സ്വിഫ്റ്റിന് ലാറ്റിന്‍ അമേരിക്കന്‍ ക്രാഷ് ടെസ്റ്റില്‍ പൂജ്യം റേറ്റിംഗ് മാത്രമേ നേടിയൂള്ളു. ലാറ്റിന്‍ അമേരിക്കയ്ക്ക് വേണ്ടി എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റിലാണ് മാരുതി സുസുക്കിയുടെ ജനപ്രിയ വാഹനമായ സ്വിഫ്റ്റ് ദയനീയമായി പരാജയപ്പെട്ടത്. ലാറ്റിനമേരിക്കയ്ക്കും കരീബിയന്‍ വിപണികളില്‍ വില്‍ക്കുന്ന വാഹനങ്ങള്‍ക്കായുള്ള കാര്‍ അസസ്മെന്റ്​ പ്രോഗ്രാമിന് കീഴിലാണ് ടെസ്റ്റ് നടന്നത്.

മാരുതി സുസുക്കിയുടെ ഗുജറാത്ത് ആസ്ഥാനമായുള്ള നിര്‍മ്മാണ കേന്ദ്രത്തിലാണ് സുസുക്കി സ്വിഫ്റ്റ് നിര്‍മ്മിക്കുന്നത്.സ്വിഫ്റ്റില്‍ രണ്ട് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി സജ്ജീകരിച്ചിരുന്നു. എന്നാല്‍ ടെസ്റ്റിന്റെ ഏകദേശം എല്ലാ വിഭാഗങ്ങളിലും ഈ ജനപ്രിയന്‍ പരാജയപ്പെട്ടു എന്നതാണ് അമ്ബരപ്പിക്കുന്നത്. കാര്‍ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളില്‍പെട്ടാല്‍ മുതിര്‍ന്ന യാത്രക്കാര്‍ക്ക് 15.53 ശതമാനം സുരക്ഷയെ മാരുതി സ്വിഫ്റ്റില്‍ നിന്ന് ലഭിക്കൂ എന്നാണ് തെളിഞ്ഞത്. എന്നാല്‍ കുട്ടികളുടെ സുരക്ഷയുടെ കാര്യമാണ് ഞെട്ടിക്കുന്നത്. വാഹനം അപകടത്തില്‍പ്പെട്ടാല്‍ യാതൊരുവിധ സുരക്ഷയും ഈ വാഹനത്തില്‍ സ‍ഞ്ചരിക്കുന്ന കുട്ടികള്‍ക്ക് കിട്ടില്ലെന്നും ക്രാഷ് ടെസ്റ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം കാല്‍നടക്കാര്‍ക്കുള്ള സുരക്ഷ പരിശോധനയില്‍ 66.07 ശതമാനം പോയിന്റും കാര്‍ സ്വന്തമാക്കി. സ്വിഫ്റ്റിന്റെ ക്രാഷ് ടെസ്റ്റ് ഫലം ഹാച്ച്‌ബാക്കിന് മാത്രമല്ല, സെഡാന്‍ പതിപ്പായ ഡിസയറിനും സാധുതയുള്ളതാണെന്നും ലാറ്റിന്‍ എന്‍സിഎപി പറഞ്ഞു. ഹാച്ച്‌ബാക്കിന് സ്റ്റാന്‍ഡേര്‍ഡ് സൈഡ് ഹെഡ് പ്രൊട്ടക്ഷന്‍ എയര്‍ബാഗുകളും സ്റ്റാന്‍ഡേര്‍ഡ് ESC -യും ഇല്ലെന്ന് ലാറ്റിന്‍ എന്‍സിഎപി വ്യക്തമാക്കി. സുസുക്കി സ്വിഫ്റ്റിന്‍റെ ഉള്‍പ്പെടെ ക്രാഷ് ടെസ്റ്റിലെ പ്രകടനം നിരാശാജനകമാണെന്ന് ലാറ്റിന്‍ എന്‍സിഎപി സെക്രട്ടറി ജനറല്‍ അലജാന്‍ഡ്രോ ഫ്യൂറസ് പറഞ്ഞു.

സ്വിഫ്റ്റിനൊപ്പം ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്ത റെനോ ഡസ്റ്ററും പൂജ്യം സ്റ്റാര്‍ റേറ്റിംഗാണ് സ്വന്തമാക്കിയത്. ലാറ്റിന്‍ അമേരിക്ക, കരീബിയന്‍ വിപണികള്‍ക്കായി എത്തുന്ന ഡസ്റ്റര്‍ മോഡലിനെയാണ് സ്വിഫ്റ്റിനൊപ്പം കാര്‍ അസസ്മെന്‍റ്​ പ്രോഗ്രാമിന് കീഴിലുള്ള സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കിയത്. നിലവില്‍ ഈ വിപണികളില്‍ എത്തുന്ന രണ്ടാം തലമുറ ഡസ്റ്ററിന് ഇടിപരീക്ഷയില്‍ ഒരു റേറ്റിംഗ് പോലും സ്വന്തമാക്കാന്‍ സാധിച്ചില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക