കേരളത്തിലെ പോലീസ് ഭരണം ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ അമ്പാടെ പരാജയപ്പെടുന്ന കാഴ്ചയാണ് നമ്മുടെ മുന്നിലുള്ളത്. വന്നുവന്ന് അധികാരത്തിൽ ഇരിക്കുന്ന മേലാളന്മാർക്ക് സംരക്ഷണം ഒരുക്കൽ മാത്രമാണ് പോലീസ് സേനയുടെ പണി എന്ന് തോന്നിപ്പോകും. അതുകൊണ്ടാണല്ലോ കേട്ട് കേൾവി ഇല്ലാത്ത രീതിയിൽ മൈക്കും, വയറും, ആംപ്ലിഫയറുമെല്ലാം കേരള പോലീസിന്റെ എഫ്ഐആറിൽ പ്രതിയാകുന്നത്.

സമാനമായി ഭാര്യ ഭർത്താവിനെ തല്ലിക്കൊന്നു എന്ന് കുറ്റസമ്മതം നടത്തി എന്ന വെളിപ്പെടുത്തലുമായി ഒരു നാട് നീളെ ശവം തേടി കുഴിയെടുത്തതും കേരള പോലീസ് ആണ്. കേസിൽ പ്രതിയായ യുവതിക്ക് വീട് വാടകയ്ക്ക് കൊടുത്ത ആളുടെ കാര്യം അതിലും കഷ്ടമാണ്. അയാളുടെ പെരത്തറയും കക്കൂസ് കുഴിയും വരെ പോലീസ് ശവം തേടി തോണ്ടിയെടുത്തു. വീട്ടുടമ്മയ്ക്ക് നഷ്ടം 50,000ത്തിലധികം. പ്രതിയായ യുവതി ജാമ്യത്തിൽ ഇറങ്ങിയപ്പോൾ പറയുന്നത് അവരെ പീഡിപ്പിച്ച് കുറ്റസമ്മതം നടത്തിച്ചതാണ് എന്നാണ്. പോലീസിനെതിരെ നിയമം നടപടിയുമായി മുന്നോട്ടു പോകുമെന്നും ഇവർ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതൊക്കെ ചെറിയ വിഷയങ്ങളാണ്… പക്ഷേ മാപ്പ് പറഞ്ഞ് സമൂഹമാധ്യമത്തിൽ കുറുപ്പിട്ടാൽ തീരാത്ത ഒരു ദുഃഖമാണ് കേരളത്തിൽ പിടഞ്ഞുവീണ പിഞ്ചു ബാലികയുടെ മരണം. പോലീസ് മാത്രമല്ല ജനങ്ങളും ഇതിൽ ഒരുപോലെ ഉത്തരവാദികളാണ്. അന്യസംസ്ഥാന തൊഴിലാളിയുടെ മകൾ ആയതുകൊണ്ട് തന്നെ ഇവിടെ രാഷ്ട്രീയപാർട്ടികൾ തെരുവിൽ ഇറങ്ങിയില്ല. സാംസ്കാരിക പ്രവർത്തകർ വായ്മുടി കെട്ടുകയോ മെഴുകുതിരി കത്തിക്കുകയോ ചെയ്തില്ല. ഒന്നാം ക്ലാസിൽ പഠിക്കുന്ന ഒരു ബാലികയെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കഴുത്തൊടിച്ചു കൊലപ്പെടുത്തി ആലുവ മാർക്കറ്റിനുള്ളിൽ കുഴിച്ചിട്ടത് അർദ്ധരാത്രിയിൽ ആളൊഴിഞ്ഞ നേരത്തല്ല… അത്യാവശ്യം തിരക്കുള്ള ഒരു സായാഹ്നത്തിലാണ്.

രാഷ്ട്രീയ നേതാക്കൾ പലപ്പോഴും ആവർത്തിക്കാറുള്ള ഒരു പദപ്രയോഗം ഉണ്ട് രാഷ്ട്രീയ ധാർമികത… ഉന്നതമായ മൂല്യങ്ങൾ മുറുകെപ്പിടിച്ചിരുന്ന ഒരു നേതൃതലമുറ ഇതിലും നിസ്സാരമായ കാര്യങ്ങളുടെ പേരിലാണ് പദവികൾ രാജിവച്ച് ഒഴിഞ്ഞു പോയത്. അതിന് തങ്ങളുടെ രാജിക്ക് അവർ പറഞ്ഞിരുന്ന കാരണം രാഷ്ട്രീയ ധാർമികതയുടെ പേരിലുള്ള രാജി എന്നാണ്. അതില്ലാത്തതുകൊണ്ട് താൻ രാജിവെക്കേണ്ടതില്ല എന്ന നിലപാടുള്ള ഒരു മുഖ്യമന്ത്രിയാണ് ഇന്ന് ആഭ്യന്തരവകുപ്പ് ഭരിക്കുന്ന പിണറായി വിജയൻ. മറ്റൊരു അർത്ഥത്തിൽ പറഞ്ഞാൽ നാണവും മാനവും ഇല്ലാത്തതുകൊണ്ട് രാജിവെക്കുന്ന പ്രശ്നമേ ഇല്ല എന്ന നിലപാടുള്ള ആൾ ആണ് കേരളത്തിന്റെ മുഖ്യമന്ത്രി.

പക്ഷേ ഇവിടുത്തെ വിഷയം നാണവും, മാനവും ധാർമികതയും അല്ല. പബ്ലിക് അക്കൗണ്ടബിലിറ്റി ആണ്…പൊതുജനങ്ങളോടുള്ള ഉത്തരവാദിത്വവും പ്രതിബദ്ധതയും. അത് പിണറായിക്ക് ഉണ്ടോ ഇല്ലയോ എന്നതല്ല വിഷയം ഉണ്ടാവേണ്ടതാണ്, അതില്ലാത്ത ഒരുത്തനും അധികാര കസേരയ്ക്ക് ജനാധിപത്യത്തിൽ അർഹനല്ല. അത് ഉണ്ടാവും എന്ന പ്രതീക്ഷയിൽ തന്നെയാണ് 40 അകമ്പടി വാഹനങ്ങളും, കരുമ്പൂച്ചകളുടെ സംരക്ഷണവും, അമേരിക്കൻ ചികിത്സയ്ക്ക് പൊതുജനാവിലെ പണവും എല്ലാം ലഭ്യമാകുന്ന തരത്തിലുള്ള ആനുകൂല്യങ്ങൾ ഭരണാധികാരികൾക്ക് നൽകുന്നത്. ജനങ്ങളെ പക്ഷപാതമില്ലാതെ ഭരിച്ച ജനാധിപത്യ മൂല്യങ്ങളെ മുറുകെപ്പിടിച്ചു മുന്നോട്ടു കൊണ്ടുപോകാനുള്ള ഉത്തരവാദിത്വം. അതിന് പ്രാപ്തിയില്ലാതെ വരുമ്പോൾ പദവി വിട്ടു ഒഴിഞ്ഞു പോകാനുള്ള അന്തസ്സിന്റെ പേരാണ് രാഷ്ട്രീയ മാന്യത. ഇവിടെ ഏറ്റവും കുറഞ്ഞപക്ഷം പിണറായി എന്ന മുഖ്യമന്ത്രി ഈ പബ്ലിക് അക്കൗണ്ടബിലിറ്റിയുടെ പേരിൽ, തനിക്ക് ആഭ്യന്തര വകുപ്പ് ഭരിക്കാൻ കഴിവില്ല എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞു കൊണ്ട് വകുപ്പൊഴിഞ്ഞ് മറ്റൊരാളെ ഏൽപ്പിക്കേണ്ടതാണ്… ഒന്നല്ല അനേകം തെറ്റുകൾ ആവർത്തിക്കപ്പെട്ടു… ഇനിയുള്ള കാലങ്ങളിൽ അതിന് തിരുത്തൽ ഉണ്ടാവണം അതുറപ്പാക്കാൻ ഉള്ള ഒരു ആഭ്യന്തര മന്ത്രി ഉണ്ടാവണം അത്തരം ഒരാൾ മന്ത്രിസഭയിൽ ഉണ്ടാവേണ്ടത് മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക