സംസ്‌ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്ബോഴും തട്ടിപ്പ്‌ നടത്തിയതായി കണ്ടെത്തിയ കേസുകളില്‍നിന്ന്‌ ഏകദേശം 20,000 കോടി രൂപ പിരിക്കുന്നതിന്‌ താല്‍പര്യമെടുക്കാതെ ജി.എസ്‌.ടി. വകുപ്പ്‌. ജി.എസ്‌.ടി. നടപ്പാക്കിയതുമുതല്‍ ഇതുവരെ വ്യാപാരികള്‍ നല്‍കിയ ബില്ലിലും മറ്റും നടത്തിയ തട്ടിപ്പ്‌ കണ്ടെത്തിയതുമായി ബന്ധപ്പെട്ട തുകയാണ്‌ അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും പിരിച്ചെടുക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്തത്‌. അതോടൊപ്പം തന്നെ നികുതിവരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പരിഷ്‌ക്കരണം ഇതുവരെ ജി.എസ്‌.ടി. വകുപ്പില്‍ പ്രാവര്‍ത്തികമായിട്ടുമില്ല.

കഴിഞ്ഞ സാമ്ബത്തിക വര്‍ഷം വിജയകരമായി കടത്തിവിടാനായി എന്ന്‌ മന്ത്രിയും സര്‍ക്കാരും ആശ്വസിക്കുമ്ബോഴും വരുന്ന വര്‍ഷം എന്താകുമെന്ന ആശങ്ക ശക്‌തമാകുകയുമാണ്‌. വരുന്ന വര്‍ഷം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നാണ്‌ ധനമന്ത്രി പറയുന്നത്‌. അതുകൊണ്ട്‌ 12,000 കോടി രൂപ അധികം കണ്ടെത്തേണ്ടിവരുമെന്നും പറയുന്നുണ്ട്‌. പക്ഷേ വരുമാന വര്‍ധന കടലാസില്‍ ഒതുങ്ങുകയാണ്‌. ജി.എസ്‌.ടി. നടപ്പാക്കിയതുമുതല്‍ ബില്‍ തുകയിലും വകുപ്പിന്റെ പരിശോധനയിലും കണ്ടെത്തിയ കൃത്രിമത്തില്‍ ബന്ധപ്പെട്ടവര്‍ക്ക്‌ നോട്ടീസ്‌ നല്‍കിയത്‌ തന്നെ ഏകദേശം 20,000 കോടിയോളം രൂപ വരുമെന്നാണ്‌ വകുപ്പ്‌ വൃത്തങ്ങള്‍ വ്യക്‌തമാക്കുന്നത്‌.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സി.ജി.എസ്‌.ടി, എസ്‌.ജി.എസ്‌.ടി, ഐ.ജി.എസ്‌.ടി. എന്നീ മൂന്നുവിഭാഗത്തിലും നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കണക്കുകളാണ്‌ ഇതിലുള്ളത്‌. ജി.എസ്‌.ടി. എന്നിലേയും വ്യാപാരികള്‍ നല്‍കുന്ന ബില്ലിലെയും കണക്കുകളിലെ പൊരുത്തകേടുകള്‍ കണ്ടെത്തി ജി.എസ്‌.ടി. ഇന്റലിജന്റ്‌സ്‌ ഇതിനകം നോട്ടീസ്‌ നല്‍കികഴിഞ്ഞ തുകയാണിത്‌. എന്നാല്‍, ഇതു പിരിച്ചെടുക്കാന്‍ വേണ്ട താല്‍പര്യം കാട്ടുന്നില്ലെന്ന ആരോപണം ശക്‌തമാണ്‌. വ്യാപാരികള്‍ തുക അടയ്‌ക്കാന്‍ തയാറാകാത്ത പക്ഷം റവന്യു റിക്കവറി ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക്‌ വേണ്ട വ്യവസ്‌ഥകള്‍ നിയമത്തിലുണ്ടെങ്കിലും നടപ്പാകുന്നില്ല. നോട്ടീസ്‌ ലഭിച്ചെങ്കിലൂം വാറ്റിലേയും മറ്റും പോലെ മാപ്പാക്കല്‍ പദ്ധതി വരുമെന്ന പ്രതീക്ഷയില്‍ വ്യാപാരികള്‍ ഈ തുക അടയ്‌ക്കാതിരിക്കുകയാണെന്നാണ്‌ വകുപ്പു വൃത്തങ്ങള്‍ വ്യക്‌തമാക്കുന്നത്‌.

ജി.എസ്‌.ടി. വരുമാനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ജി.എസ്‌.ടി. വകുപ്പ്‌ പുനഃസംഘടനയും പ്രവര്‍ത്തനപഥത്തില്‍ എത്തിയിട്ടില്ല. പുനഃസംഘടന നടത്തി മാസം മൂന്നായിട്ടും ഇതുവരെ അതിന്റെ അടിസ്‌ഥാനത്തിലുള്ള ഒരു പ്രവര്‍ത്തനവും ഉണ്ടായിട്ടില്ല. ടാക്‌സ്‌പേയി. ഓഡിറ്റ്‌, ഇന്റലിജന്റസ്‌ എന്നിങ്ങനെ മൂന്നായാണ്‌ വകുപ്പിനെ മൂന്നായാണ്‌ തരംതിരിച്ചത്‌. നിലവിലെ ജീവനക്കാരെ പുനര്‍വിന്യസിപ്പിച്ചാണ്‌ ഈ പുനഃസംഘടന നടപ്പാക്കിയതും. അതുകൊണ്ടുതന്നെ നിലവിലെ ജീവനക്കാരില്‍ നിന്നും ഒരുവിഭാഗത്തിനെ പുതുതായി വന്ന ഓഡിറ്റിലേക്ക്‌ മാറ്റി. ഇത്തരത്തില്‍ ജീവനക്കാരെ തരം മാറ്റിയിട്ട്‌ മാസം മൂന്നായിട്ടും അവരെ ഒരു ജോലിയിലും ഏര്‍പ്പെടുത്തുന്നില്ലെന്ന പരാതിയുമുണ്ട്‌.

അതുകൊണ്ടുതന്നെ അവിടത്തെ പ്രവര്‍ത്തനങ്ങള്‍ തീര്‍ത്തും മന്ദഗതിയിലാണ്‌ നീങ്ങുന്നതും. ഈ വിഭാഗത്തില്‍ നിന്ന്‌ മാറ്റി ഓഡിറ്റിലാക്കിയവര്‍ക്കാണെങ്കില്‍ നിലവില്‍ ഒരു ജോലിയുമില്ല. ഇവര്‍ക്ക്‌ കഴിഞ്ഞ മൂന്നുമാസമായി ആഴ്‌ചയില്‍ രണ്ടു ദിവസം പരിശീലനമാണ്‌. അതുകഴിഞ്ഞ്‌ അവര്‍ ഒരു പണിയുമില്ലാതെ വെറുതെ ഇരിക്കുന്ന സ്‌ഥിതിയിലുമാണ്‌. ഇത്‌ വകുപ്പിലെ ലക്ഷ്യത്തിന്‌ തന്നെ വലിയ തിരിച്ചടിയാകുകയാണ്‌. വ്യാപാരികള്‍ നല്‍കുന്ന റിട്ടേണുകളും മറ്റും പരിശോധിച്ച്‌ നികുതി തട്ടിപ്പ്‌ കണ്ടെത്തുകയാണ്‌ ഓഡിറ്റ്‌ വിഭാഗത്തിന്റെ പ്രധാനപ്പെട്ട ജോലി. വരുമാന വര്‍ധനയുണ്ടാക്കുന്നതിന്‌ സുപ്രധാന പങ്കുവഹിക്കേണ്ട വിഭാഗവുമാണ്‌ ഇവര്‍.

നിലവില്‍ വകുപ്പിലെ ജീവനക്കാരില്‍ ഏകദേശം 700 പേരെയാണ്‌ ഇതിനായി മാറ്റിയിരിക്കുന്നത്‌. കഴിഞ്ഞ മൂന്നു മാസമായി ഈ 700 പേര്‍ക്കും ഒരു പണിയും നല്‍കുന്നില്ലെന്നാണ്‌ വകുപ്പിനുള്ളിലെ പരാതി. ഇതൊക്കെ പരിഹരിച്ച്‌ സജീവമായി രംഗത്തിറങ്ങിയാല്‍മാത്രമേ പ്രതീക്ഷിക്കുന്ന രീതിയില്‍ വരുമാന വര്‍ധന സാധ്യമാകുകയുള്ളു. ഇപ്പോള്‍ നികുതിയിലുണ്ടായിട്ടുള്ളത്‌ സ്വാഭാവികമായ വളര്‍ച്ച മാത്രമാണ്‌.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക