ഫുട്‍ബോളിലെ സൂപ്പര്‍ താരമായ ലയണല്‍ മെസ്സിക്കൊപ്പം സെല്‍ഫി എടുത്ത് നില്‍ക്കുന്ന മലയാളി യുവാവിന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ സംഗീത് വേണുഗോപാലിനാണ് സാക്ഷാല്‍ ലയണല്‍ മെസ്സിക്കൊപ്പം ഒരു ചിത്രമെടുക്കാനുള്ള ഭാഗ്യം ലഭിച്ചത്. അപ്രതീക്ഷിതമായി കൈവന്ന ആ ഭാഗ്യത്തിന്റെയും ഒപ്പം മെസ്സിയെ നേരിട്ട് കാണാന്‍ കഴിഞ്ഞതിന്റെ അമ്ബരപ്പിലുമാണ് സംഗീത് ഇപ്പോഴും നില്‍ക്കുന്നത്.

പാരിസില്‍ താമസിക്കുന്ന സംഗീത് കഴിഞ്ഞ ദിവസം തന്റെ മകള്‍ അനികയെ അമേരിക്കന്‍ സ്‌കൂള്‍ ഒഫ് പാരിസില്‍ കൊണ്ടുവിടാന്‍ പോയപ്പോഴാണ് അപ്രതീക്ഷിതമായി മെസ്സി അദ്ദേഹത്തിന്റെ മുന്നിലെത്തിയത്. സ്‌കൂള്‍ തുറക്കുന്ന ദിവസമായിരുന്നു, മെസ്സിയല്ലേ എന്ന് സംശയം തോന്നി, അദ്ദേഹത്തോട് തന്നെ ചോദിച്ചപ്പോള്‍ ഒരു ചെറു ചിരിയോടെ അതേയെന്ന മറുപടിയാണ് ലഭിച്ചത് എന്നാണ് സംഗീത് പറഞ്ഞത്. സെല്‍ഫി എടുക്കാന്‍ സമ്മതം ചോദിച്ചതും മെസ്സി തന്റെ അടുത്തേക്ക് ചേര്‍ന്ന് നിന്നെന്നും, അപ്രതീക്ഷിതമായി കണ്ടതിന്റെ അമ്ബരപ്പില്‍ പെട്ടെന്ന് തന്നെ ചിത്രം പകര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.മെസ്സിയെ പെട്ടെന്ന് കണ്ട അമ്ബരപ്പിനടയില്‍ അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്ന മക്കളെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല എന്നും സംഗീത് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താരത്തോട് ചേര്‍ന്ന് നിന്ന് ചിത്രം എടുത്തപ്പോഴേക്കും സ്‌കൂളില്‍ നിന്ന് ഒരു സ്ത്രീയെത്തി അദ്ദേഹത്തെയും മക്കളെയും കൂട്ടിക്കൊണ്ടുപോയെന്നും യുവാവ് പറഞ്ഞു. വീട്ടിലെത്തി ഭാര്യയോടും മക്കളോടും കാര്യം പറഞ്ഞപ്പോള്‍ അവരെല്ലാം ആഹ്ളാദത്തിലായി എന്നും സംഗീത് പറഞ്ഞു.എണ്ണ ഖനനവുമായി ബന്ധപ്പെട്ട സ്ലംബഗര്‍ എന്ന കമ്ബനിയിലെ ഉദ്യോഗസ്ഥനാണ് സംഗീത്. 2009 മുതല്‍ 2012 വരെ ദുബായില്‍ ഇതേ കമ്ബനിയില്‍ ഉണ്ടായിരുന്നു. പിന്നീട് സൗദിയിലേക്കു മാറി. കഴിഞ്ഞ വര്‍ഷമാണ് പാരിസില്‍ എത്തിയത്. മെസ്സിയുടെ മക്കള്‍ ഇതേ സ്കൂളില്‍ ആണ് എന്നത് അറിഞ്ഞിരുന്നു. എന്നാല്‍ മെസ്സിയെപ്പോലെ ഇത്രയും വലിയൊരാള്‍ സാധാരണക്കാരനെപ്പോലെ കുട്ടികളുമായി സ്‌കൂളില്‍ എത്തി, അവരെ ക്ലാസിലേക്ക് ആക്കാന്‍ വരുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്ന് സംഗീത് പറയുന്നു.

ബാഴ്‌സയില്‍ നിന്നും ഫ്രഞ്ച് ക്ലബായ പി എസ് ജിയിലേക്ക് ചേക്കേറിയ മെസ്സി കഴിഞ്ഞ ദിവസമാണ് പി എസ് ജി ജേഴ്‌സിയില്‍ ആദ്യ മത്സരത്തിന് ഇറങ്ങിയത്. റെയിംസിനെതിരെ നടന്ന മത്സരത്തില്‍ രണ്ടാം പകുതിയിലാണ് മെസ്സി കളത്തിലിറങ്ങിയത്. 30 മിനിറ്റോളം കളത്തിലുണ്ടായിരുന്ന താരം ഗോള്‍ നേടിയില്ലെങ്കിലും മികച്ച ടച്ചുകളും പാസുകളുമായി മികച്ച പ്രകടനം തന്നെയാണ് നടത്തിയത്. മത്സരത്തില്‍ ഫ്രഞ്ച് താരം എംബാപ്പെയുടെ ഇരട്ട ഗോളില്‍ വിജയം നേടിയ പി എസ് ജി, ലീഗില്‍ പോയിന്റ് പട്ടികയില്‍ നാല് മത്സരങ്ങളില്‍ നാല് ജയങ്ങളോടെ 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.പി എസ് ജിയില്‍ മെസ്സിക്ക് രണ്ട് വര്‍ഷത്തേക്കാണ് കരാര്‍. സീസണില്‍ 35 ദശലക്ഷം യൂറോ ആയിരിക്കും മെസ്സിയുടെ പ്രതിഫലം. രണ്ടു വര്‍ഷത്തേക്കാണ് പ്രാഥമിക കരാറെങ്കിലും ഇത് 2024വരെ നീട്ടാമെന്നും ധാരണയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക