മുംബൈയിലെ പ്രശസ്തമായ ലീലാവതി ആശുപത്രിയുടെ മുൻ ട്രസ്റ്റികള്‍ 1200 കോടി രൂപയുടെ ഫണ്ട് വകമാറ്റി ചെലവഴിച്ചതായി ആരോപണം. ഇതിന് പുറമെ ആശുപത്രിയില്‍ ദുർമന്ത്രവാദം നടത്തിയതായും ആരോപണമുണ്ട്. ഇപ്പോഴത്തെ ട്രസ്റ്റ് ആയ ലിലാവതി കിർത്തിലാല്‍ മെഹ്ത മെഡിക്കല്‍ ട്രസ്റ്റാണ് ആരോപണവുമായി രംഗത്തെത്തിയത്.
20 വർഷത്തോളമായി ഫണ്ട് ദുർവിനിയോഗം ചെയ്യുന്നുണ്ടെന്നും ഇത് ഏകദേശം 1200 കോടി രൂപ വരുമെന്നും ഇപ്പോഴത്തെ ട്രസ്റ്റ് ആരോപിക്കുന്നു. 2024 ജൂലൈയിലാണ് ഇതിനെതിരെ പരാതി നല്‍കിയത്. എന്നാല്‍ 2001 മുതല്‍ തട്ടിപ്പ് ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
-->
ആശുപത്രിയിലെത്തുന്ന ആയിരക്കണക്കിന് രോഗികള്‍ക്ക് ദിവസവും നല്‍കുന്ന സേവനങ്ങളെ ഫണ്ടിന്റെ അഭാവം ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മാർച്ച് ഏഴിന് ട്രസ്റ്റ് ബാന്ദ്ര പോലീസില്‍ പുതിയ പരാതി നല്‍കിയിരുന്നു. ഇതിനൊപ്പം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും പരാതി നല്‍കി. ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന ട്രസ്റ്റികള്‍ ദുബായിലും ബെല്‍ജിയത്തിലുമാണെന്ന് ലീലാവതി ആശുപത്രിയുടെ ഏക്സിക്യൂട്ടീവ് ഡയറക്ടറും മുംബൈ പോലീസ് മുൻ കമ്മീഷണറുമായ പരംബീർ സിങ് വ്യക്തമാക്കി.
മുൻ ട്രസ്റ്റിമാർ മന്ത്രവാദം നടത്തിയിരുന്നതായും ആരോപണങ്ങളുണ്ട്. ഒരു ട്രസ്റ്റിയുടെ ഓഫീസിന്റെ തറയുടെ താഴെനിന്നും അസ്ഥികളും മുടിയും കണ്ടെത്തിയതായും പരംബീർ സിങ് പറയുന്നു. ഈ വസ്തുക്കളെല്ലാം സീല്‍ ചെയ്ത് തെളിവായി പോലീസിന് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ ട്രസ്റ്റ് അധികാരത്തില്‍ വന്നശേഷം നടത്തിയ ഓഡിറ്റ് പരിശോധനയില്‍ സാമ്ബത്തിക ക്രമക്കേടുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സാമ്ബത്തിക ഇടപാടുകളില്‍ നടത്തിയ ഫോറൻസിക് ഓഡിറ്റില്‍ മുൻ ട്രസ്റ്റ് നടത്തിയ വൻ ക്രമക്കേടുകളും സാമ്ബത്തിക തട്ടിപ്പും ഫണ്ട് ദുരുപയോഗവും കണ്ടെത്തി. വലിയ തോതിലുള്ള ഫണ്ട് വകമാറ്റലും നിയമവിരുദ്ധ സാമ്ബത്തിക ഇടപാടുകളും വഞ്ചനാപരമായ നിക്ഷേപങ്ങളും കൈക്കൂലിയും മുൻ ട്രസ്റ്റികള്‍ക്കെതിരായ ആരോപണങ്ങളില്‍ ഉള്‍പ്പെടുന്നു.
‘ഓഡിറ്റില്‍ കണ്ടെത്തിയ ഗുരുതരമായ സാമ്ബത്തിക ദുരുപയോഗം, മുൻ ട്രസ്റ്റിമാരില്‍ അർപ്പിച്ച വിശ്വാസത്തോടുള്ള വഞ്ചന മാത്രമല്ല, മറിച്ച് ഞങ്ങളുടെ ദൗത്യത്തിന് തന്നെയുള്ള നേരിട്ടുള്ള ഭീഷണിയാണ്. ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളില്‍ ഉള്‍പ്പെട്ട ഓരോ വ്യക്തിയും അതിന്റെ ഉത്തരവാദിത്വം ഏല്‍ക്കേണ്ടിവരും. കൂടാതെ PMLAയുടെ വ്യവസ്ഥകള്‍ പ്രകാരം ഈ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതില്‍ വേഗത്തിലും നിർണായകവുമായ നടപടി സ്വീകരിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ഞങ്ങള്‍ അഭ്യർത്ഥിക്കുന്നു.’ -ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പെർമനന്റ് റെസിഡെന്റ് ട്രസ്റ്റി പ്രശാന്ത് മെഹ്ത വ്യക്തമാക്കി.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക