കാലം ഇത്രയൊക്കെ പുരോഗതി പ്രാപിച്ചിട്ടും സ്ത്രീകള്‍ ലൈംഗികപരമായി നിരവധി ചൂഷണങ്ങള്‍ നേരിടുന്നുണ്ട്. ശാരീരികം മാത്രമല്ല പൊതുസ്ഥലങ്ങളിലെ പുരുഷന്മാരുടെ തുറിച്ചുനോട്ടവും അശ്ലീലച്ചുവയോടെയുള്ള സംസാരവും സ്ത്രീകളെ മാനസികമായി തളർത്തുന്നുണ്ട്.
വളരെ ചെറിയ ഒരു ശതമാനം സ്ത്രീകള്‍ മാത്രമാണ് മുൻപ് ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രതികരിച്ചിരുന്നത്. എന്നാല്‍ ഇന്ന് ഇത് സംബന്ധിച്ച കൂടുതല്‍ അവബോധവും സാമൂഹിക പിന്തുണയും കാരണം, ഇത്തരം സംഭവങ്ങളോട് പ്രതികരിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കിയിരിക്കുന്നു. ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളുടെ കയ്യടി ഏറ്റുവാങ്ങുന്നത്.
-->
പൊതുസ്ഥലത്ത് വെച്ച് അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടറെ സ്കൂള്‍ വിദ്യാർത്ഥിനികള്‍ ചെരിപ്പുകൊണ്ട് അടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. “ഘർ കേ കലേഷ്” എന്ന് പേരിട്ടിരിക്കുന്ന എക്‌സ് അക്കൗണ്ടില്‍ പങ്കിട്ട വൈറല്‍ വീഡിയോയില്‍ , ഒരു സ്‌കൂള്‍ വിദ്യാർത്ഥിനി ബസ് കണ്ടക്ടറെ സധൈര്യം നേരിടുകയും മോശമായ പെരുമാറ്റത്തിന് ചെരിപ്പുകൊണ്ട് അടിക്കുന്നതുമാണ് കാണുന്നത്.
രത്‌നഗിരി ജില്ലയിലാണ് ഈ സംഭവം നടന്നത്, പെണ്‍കുട്ടിയും സുഹൃത്തുമാണ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ ശക്തമായി പ്രതികരിച്ചത്. ഇത്തരം പ്രവൃത്തികള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് വ്യക്തമാക്കി സ്‌കൂള്‍ വിദ്യാർത്ഥിനി ഉറച്ചു നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
നിമിഷനേരങ്ങള്‍ക്കുള്ളില്‍ വൈറലായ വീഡിയോ ഇതിനോടകം ആയിരകണക്കിന് ആളുകളാണ് കണ്ടത്. നിരവധി ആളുകളാണ് പെണ്‍കുട്ടിയെ പിന്തുണച്ച് രംഗത്തെത്തിയത്. പലരും പെണ്‍കുട്ടിയുടെ ധൈര്യത്തെ പ്രശംസിച്ചു. ഒരു ഉപഭോക്താവ് ഇനിയും ധൈര്യത്തോടെ മുന്നോട്ടു പോകണമെന്ന് കുറിച്ചു. ” ആ പെണ്‍കുട്ടി അവനെ നല്ലൊരു പാഠം പഠിപ്പിച്ചു” മറ്റൊരാള്‍ കുറിച്ചു.
സ്ത്രീകളോട് മോശമായി പെരുമാറുന്ന ആളുകളെ സമൂഹം വീക്ഷിക്കുന്ന രീതി ഗണ്യമായി മാറിയിട്ടുണ്ടെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ശല്യപ്പെടുത്തലുകള്‍ക്കെതിരെ നിശബ്ദരായിട്ടിരിക്കാൻ അവർക്ക് കഴിയില്ല. വൈറലായ വീഡിയോയിലെ സ്കൂള്‍ പെണ്‍കുട്ടിയുടെ ധൈര്യം നിരവധി സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാതൃകയാണ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക