കൈക്കൂലി കേസില്‍ പിടിയിലായ എറണാകുളം റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫീസർക്കെതിരെ എക്സൈസ് കേസെടുക്കും. വീട്ടില്‍ അനധികൃതമായി 49 കുപ്പി വിദേശമദ്യം സൂക്ഷിച്ചതിനാണ് നടപടി.ബസിന് റൂട്ട് പെർമിറ്റ് അനുവദിക്കാനടക്കമാണ് ആർടിഒ കൈക്കൂലിയായി പണവും മദ്യവും വാങ്ങിയത്. കൈക്കൂലിയായി ലക്ഷക്കണക്കിന് രൂപ വാങ്ങിയെന്നും ആരോപണമുണ്ട്.
എറണാകുളം റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫീസിലെ ആർടിഒ ജെർസണ്‍, ഏജന്റുമാരായ സജി, രാമപടിയാർ എന്നിവരെയാണ് കഴിഞ്ഞ ദിവസം വിജിലൻസ് പിടികൂടിയത്. ജെഴ്സന് ബാങ്കിലുള്ള ലക്ഷങ്ങളുടെ നിക്ഷേപത്തിന്റെ രേഖകളും വിജിലൻസ് പിടിച്ചെടുത്തിരുന്നു. കൈക്കൂലി പണം ഉപയോഗിച്ചാണ് ഭൂരിഭാഗം നിക്ഷേപങ്ങളും എന്ന് പ്രാഥമിക വിലയിരുത്തല്‍. റബ്ബർ ബാൻഡ് ഇട്ട് ചുരുട്ടിയ നിലയിലാണ് കൈക്കൂലിയായി വാങ്ങിയ പണം വീട്ടില്‍ സൂക്ഷിച്ചിരുന്നത്. ഏകദേശം 60,000 രൂപ ഇത്തരത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
-->
ചെല്ലാനം സ്വദേശിയുടെ പരാതിയിലാണ് നടപടി. സുഹൃത്തിന്റെ പേരിലുള്ള ബസിൻ്റെ റൂട്ട് പെർമിറ്റ് ഈ മാസം മൂന്നിന് അവസാനിച്ചിരുന്നു. ചെല്ലാനം-ഫോർട്ട് കൊച്ചി റൂട്ടില്‍ സർവ്വീസ് നടത്തുന്ന പ്രൈവറ്റ് ബസ്സിന് റൂട്ട് പെർമ്മിറ്റ് ആർടിഒ നല്‍കിയില്ല. ആർ.ടി.ഒ ജെർസണ്‍ ആറാം തീയതി വരെ താല്കാലിക പെർമിറ്റ് അനുവദിക്കുകയും അതിന് ശേഷം പലകാരണങ്ങള്‍ പറഞ്ഞ് മനപൂർവ്വം പെർമിറ്റ് അനുവദിക്കുന്നത് വൈകിപ്പിക്കുകയുമായിരുന്നെന്ന് പരാതിക്കാരൻ പറയുന്നു.
പിന്നാലെ ഏജന്‍റായ രാമപടിയാർ പരാതിക്കാരനെ നേരില്‍ കണ്ട് പെർമിറ്റ് അനുവദിക്കുന്നതിനായി 5,000 രൂപ കൈക്കൂലി നല്‍കണമെന്ന് ആർടിഒ ജെർസണ്‍ പറഞ്ഞതായി അറിയിച്ചു. ഇതോടെയാണ് പരാതിക്കാരൻ വിവരം എറണാകുളം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിച്ചത്. പിന്നാലെ വിജിലൻസ് സംഘം ആർടിഒയെ പിടികൂടുകയായിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക