സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസർ തൊപ്പി എന്ന നിഹാദ് സാമൂഹിക മാധ്യമങ്ങളില്‍ പങ്ക് വെച്ച വീഡിയോയാണ് ഇപ്പോള്‍ ചർച്ചാ വിഷയം. താനൊരു ക്രിപ്റ്റോ സ്കാമില്‍ പെട്ടുവെന്നും കയ്യിലുണ്ടായിരുന്നതെല്ലാം പോയെന്നുമാണ് നിഹാദ് പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്. താൻ ഇൻവെസ്റ്റ് ചെയ്ത കോയിൻ കുടുങ്ങി കിടക്കുന്നു എന്നാണ് തൊപ്പി പറയുന്നത്. ഇതിനായി ക്രിപ്റ്റോ എക്സ്പെർട്ടുകളുണ്ടെങ്കില്‍ അവരുടെ സഹായവും നിഹാദ് വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്.
തൻ്റെ ഇതുവരെയുള്ള സേവിംങ്ങ്സ് എല്ലാം അതിലായിരുന്നു എന്നും നിഹാദ് പറയുന്നുണ്ട്. എന്നാല്‍ ഇൻവെസ്റ്റ് ചെയ്ത കോയിൻ ഏതാണെന്ന് തൊപ്പി വെളിപ്പെടുത്തിയില്ല. ഇനി ആരെങ്കിലും ക്രിപ്റ്റോയില്‍ നിക്ഷേപിക്കുന്നുണ്ടെങ്കില്‍ അവർ കുറഞ്ഞത് ആറ് മാസമെങ്കിലും പഠിക്കണമെന്നും എന്നിട്ട് മാത്രമെ ക്രിപ്റ്റോയില്‍ നിക്ഷേപിക്കാവു എന്നും വീഡിയോയില്‍ പറയുന്നുണ്ട്. മുഴുവൻ തുകയും വേണമെന്നില്ല പകുതിയെങ്കിലും ലഭിച്ചാല്‍ പോലും മതിയെന്നാണ് നിഹാദ് പറയുന്നത്. എത്ര രൂപയാണ് നഷ്ടപ്പെട്ടതെന്നും വ്യക്തമാക്കിയിട്ടില്ല.
നാടകമെന്ന് കമൻ്റ്:
തൊപ്പിക്ക് ഒപ്പം ഉണ്ടാകാറുള്ള അച്ചായൻ തൻ്റെ അമ്മ അസുഖ ബാധിതയായി ആശുപത്രിയിലാണെന്നും വലിയ ചികിത്സാ ചിലവ് നല്‍കാതിരിക്കാനുള്ള തട്ടിപ്പാണെന്നുമാണ് ഒരു വിഭാഗം പറയുന്നത്. എന്നാല്‍ തൊപ്പി തന്നെ മറ്റൊരു വീഡിയോയില്‍ എത്തി തനിക്ക് സഹായിക്കാവുന്നതിൻ്റെ പരമാവധി സഹായിച്ചെന്നും എല്ലാവരും സഹായിക്കണമെന്നും പറഞ്ഞിരുന്നു.
തൊപ്പി പറഞ്ഞ വരുമാനം:
തനിക്ക് ദിവസത്തില്‍ ഒരു മണിക്കൂർ സ്ട്രീമിംഗില്‍ നിന്നും മാത്രം കുറഞ്ഞത് 21000 രൂപ ലഭിക്കുന്നുണ്ടെെന്നാണ് നേരത്തെ തൊപ്പി പറഞ്ഞത്. കുറഞ്ഞത് 1 ദിവസം കൊണ്ട് ഉണ്ടാക്കുന്നത് 1 ലക്ഷമാണെന്നും തൊപ്പി പറയുന്നു. നേരത്തെ നിഹാദും സുഹൃത്തുക്കളും താമസിക്കുന്ന കൊച്ചിയിലെ സ്ഥലത്ത് നിന്നും രാസലഹരി പിടിച്ചിരുന്നു, ഇതിന് പിന്നാലെയാണ് തൻ്റെ വരുമാനമടക്കം തൊപ്പി ലൈവ് സ്ട്രീമിംഗില്‍ എത്തി വരുമാനം വെളിപ്പെടുത്തിയത്. കുറഞ്ഞത് 8 മണിക്കൂറാണ് താൻ സ്ട്രീംമിംഗ് ചെയ്യുന്നതെന്നും ഇതിന് പുറമെ ബ്രാൻഡ് കൊളബറേഷൻ, ഉദ്ഘാടനങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം തനിക്ക് വലിയ വരുമാനം ലഭിക്കുന്നുണ്ടെന്നും ഇത്തരത്തിലുള്ള താൻ എന്തിനാണ് മയക്കു മരുന്ന് കച്ചവടം ചെയ്യുന്നതെന്നുമായിരുന്നു അന്ന് വീഡിയോയില്‍ തൊപ്പി പറഞ്ഞത്.