പാലായിൽ ഏറ്റ കനത്ത പരാജയത്തിന് രാഷ്ട്രീയ എതിരാളികൾക്കെതിരെ പകപോക്കൽ നടപടികളുമായി ജോസ് കെ മാണി. പോലീസിനെ കൂട്ടുപിടിച്ചാണ് രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്ത നീക്കം നടത്തുന്നത്. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, മുൻ കെപിസിസി പ്രസിഡൻറും , ഗവർണറായിരുന്ന പ്രൊഫസർ കെ എം ചാണ്ടിയുടെ കൊച്ചുമകൻ സഞ്ജയ് സക്കറിയാസിനെതിരായിട്ടാണ് ഗൗരവതരമായ പോലീസ് നീക്കമുണ്ടായത്. അപ്രതീക്ഷിതമായി അറസ്റ്റ് നടത്തുവാനും, തുടർ അവധികളുടെ ആനുകൂല്യത്തിൽ ഇദ്ദേഹത്തെ ജയിലിലടക്കാനും ഉള്ള നീക്കം തലനാരിഴയ്ക്കാണ് പാളിപ്പോയത്.

കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണിയെ തിരഞ്ഞെടുപ്പുകാലത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി എന്ന് കാട്ടി കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നീക്കം നടത്തിയത്. തിരഞ്ഞെടുപ്പ് കാലത്ത് (ഏപ്രിൽ-മെയ് മാസങ്ങളിൽ) നടത്തിയ അപവാദ പ്രചരണം എന്ന് ആരോപിച്ച് പരാതി നൽകിയിരിക്കുന്നത് സംഭവത്തിന് ശേഷം 60 ദിവസങ്ങൾ കഴിഞ്ഞ് ജൂലൈ മാസം പതിനാലാം തീയതി ആണ്. അന്ന് തന്നെ കേസിൽ എഫ്ഐആർ ഇട്ടെങ്കിലും ഹൈക്കോടതി തുടർ അവധിക്ക് പോകുന്ന അവസരം നോക്കി ഇന്ന് വൈകുന്നേരമാണ് പോലീസ് അറസ്റ്റ് നീക്കം നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഐടി ആക്ടിലെ സെക്ഷൻ 67 എ ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഏഴുവർഷംവരെ തടവും 10 ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന വകുപ്പാണ് ഇത്. ഇതുകൂടാതെ ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള ഐപിസി വകുപ്പുകളും ചാർജ് ചെയ്തിട്ടുണ്ട്. മാണി സി കാപ്പനും ജോസ് കെ മാണിയും തമ്മിൽ വാശിയേറിയ മത്സരം നടന്ന പാലായിൽ മാണി സി കാപ്പനും, യുഡിഎഫിനും വേണ്ടി സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ തിരഞ്ഞെടുപ്പ് പ്രചരണം ഏകോപിപ്പിക്കാൻ മുൻനിരയിലുണ്ടായിരുന്ന വ്യക്തിയാണ് ഐടി വിദഗ്ധൻ കൂടിയായ സഞ്ജയ്. ഇതിൻറെ പ്രതികാര നടപടി എന്നവണ്ണം ആണ് കേസ് രജിസ്റ്റർ ചെയ്തതും അറസ്റ്റ് ചെയ്യാൻ നീക്കം നടത്തിയിരിക്കുന്നതും.

രാഷ്ട്രീയ ശത്രുക്കളെ അനാവശ്യമായി അപകീർത്തിപ്പെടുത്താനും, ഇവർക്കെതിരെ അടിസ്ഥാനരഹിതമായ കുറ്റങ്ങൾ ആരോപിച്ച് കേസ് എടുക്കുവാനും, കൽതുറങ്കിൽ അടയ്ക്കുവാനും ഉള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത് എന്ന് സംശയമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നത്. ഐടി ആക്ട് 67 എ എന്ന വകുപ്പ് പബ്ലിഷിംഗ് ആൻഡ് ട്രാൻസ്മിഷൻ ഓഫ് സെക്സ്ഷുവലി എക്സ്പ്ളിസിറ്റ് കണ്ടൻറ് എന്ന കുറ്റകൃത്യവും ആയി ബന്ധപ്പെട്ടതാണ്. തിരഞ്ഞെടുപ്പ് രംഗത്ത് ഇത്തരം യാതൊരു ആക്ഷേപങ്ങളും യുഡിഎഫ് കേന്ദ്രങ്ങൾ ജോസ് കെ മാണിക്കെതിരെ ഉപയോഗിച്ചിരുന്നില്ല എന്ന് യുഡിഎഫ് കേന്ദ്രങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് കേസ് ഫയൽ ചെയ്ത അവസരത്തിൽ പോലും ജോസ് കെ മാണിയോ, അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങളോ ഇത്തരം ആരോപണങ്ങൾ ചൂണ്ടി കാണിച്ചിട്ടില്ല. അതു കൊണ്ടുതന്നെ പോലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ പകപോക്കൽ നടത്തുവാനുള്ള നീക്കമാണ് നടത്തുന്നത് എന്ന വിമർശനമാണ് യുഡിഎഫ് ഉന്നയിക്കുന്നത്.

ഒരു പരാതി ലഭിച്ച് എഫ്ഐആർ ഇട്ടിട്ട് ഒരു മാസമായ കേസിൽ അദ്ദേഹത്തോട് നേരിട്ട് ഹാജരാകുവാൻ പോലും ആവശ്യപ്പെടാതെ തുടർ അവധി ദിവസങ്ങൾക്ക് തൊട്ടു തലേന്ന് പോലീസ് വീട്ടിലേക്ക് അപ്രതീക്ഷിതമായി കടന്നു കയറി നടത്തിയ നാടകീയ നീക്കങ്ങളാണ് സംശയം ജനിപ്പിക്കുന്നത്. ഇദ്ദേഹത്തിൻറെ പ്രായമായ മാതാപിതാക്കൾ മാത്രമാണ് ഈ അവസരത്തിൽ വീട്ടിൽ ഉണ്ടായിരുന്നത്. വീടിനുള്ളിൽ പോലീസ് പരിശോധന നടത്തിയെന്നും വിവരമുണ്ട്. എന്തെങ്കിലും പിടിച്ചെടുത്തിട്ട് ഉള്ളതായി സൂചനയൊന്നും ലഭ്യമായിട്ടില്ല.

നിയമപരമായും രാഷ്ട്രീയപരമായും ഈ വിഷയത്തെ കൈകാര്യം ചെയ്യുകയും, ജോസ് കെ മാണിയും കൂട്ടരും പ്രാവർത്തികമാക്കുന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയം ജനങ്ങൾക്ക് മുന്നിൽ ബോധ്യപ്പെടുത്തുവാൻ ഉള്ള പ്രചാരണ പരിപാടികളുമായി മുന്നോട്ടു പോകും എന്ന് തന്നെയാണ് യുഡിഎഫ് വിഷയവുമായി ബന്ധപ്പെട്ട് കൈക്കൊണ്ടിട്ടുള്ള നിലപാട്. കോൺഗ്രസിലെ ഏറ്റവും ബഹുമാന്യനായ ഒരു നേതാവിൻറെ കുടുംബത്തിനെതിരെ നടത്തുന്ന രാഷ്ട്രീയ പകപോക്കൽ നീക്കങ്ങൾ യുഡിഎഫ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക