പാലാ നഗരത്തെ അക്ഷരാർത്ഥത്തിൽ മൂവർണ്ണകടലാക്കി ഐഎൻടിയുസി നിയോജകമണ്ഡലം മഹാറാലി. കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി കൃത്യമായ കേഡർ സ്വഭാവത്തോടെ മണ്ഡലം അടിസ്ഥാനത്തിൽ പ്രവർത്തകർ അണിനിരന്നപ്പോൾ സിപിഎം സമ്മേളനങ്ങളുടെ പകിട്ടിനേക്കാൾ ഒരു പടി മുകളിലായിരുന്നു കോൺഗ്രസിന്റെ ഇന്നത്തെ ശക്തി പ്രകടനം. തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പാർട്ടിക്ക് പുതു ഊർജ്ജം പകർന്നു നൽകിക്കൊണ്ട് ഗ്രൂപ്പ് ഭേദമന്യേ നേതാക്കൾ ഒറ്റക്കെട്ടായി ഒരേ മനസ്സോടെ അണി നിരന്ന കാഴ്ച്ചയും പാലായിലെ കോൺഗ്രസിനെ സ്നേഹിക്കുന്നവർക്ക് ആവേശമായി മാറി എന്ന് പറയാതെ വയ്യ.
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയാണ് പൊതുയോഗം ഉദ്ഘാടനം ചെയ്തത്. പാലാ എം എൽ എ മാണി സി കാപ്പൻ വേദിയിലെത്തി ചെന്നിത്തലയെ ത്രിവർണ്ണ ഷാൾ അണിയിച്ചു. ഐഎൻടിയുസി നിയോജകമണ്ഡലം പ്രസിഡന്റ് രാജൻ കൊല്ലപറമ്പിൽ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കൻ, ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡണ്ട് അനിയൻ മാത്യു, കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ഐഎൻടിയുസി കോട്ടയം ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ്, കെപിസിസി അംഗം ടോമി കല്ലാനി, ഡിസിസി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ടുമാരായ എൻ സുരേഷ്,മോളി പീറ്റർ, യുഡിഎഫ് നിയോജകമണ്ഡലം പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി, ഡിസിസി ജനറൽ സെക്രട്ടറിമാരായ സി റ്റി രാജൻ, ആർ പ്രേംജി, ജോയി സ്കറിയ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആൽബിൻ ഇടമനശ്ശേരി, കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി നെച്ചിക്കാട്ട്, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ഷോജി ഗോപി, ബിബിൻ രാജ്, ടോണി തൈപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
പാലായെ മൂവർണ്ണക്കടലാക്കി ഐഎൻടിയുസി മഹാറാലി pic.twitter.com/zboYXVg9J7
— Thomas R V Jose (@thomasrvjose) December 16, 2024
നിയോജകമണ്ഡലം പ്രസിഡന്റ് രാജൻ കൊല്ലംപറമ്പന്റെ സംഘാടക മികവ്.
കോൺഗ്രസ് പാർട്ടിയിൽ അടിത്തട്ട് മുതൽ തലമുറ മാറ്റം എന്ന ആവശ്യം ഉയരുമ്പോൾ പതിറ്റാണ്ടുകളുടെ പരിചയസമ്പത്തിന്റെ പ്രസക്തിയും സംഘാടനം മികവും എന്തെന്ന് ഏവർക്കും വ്യക്തമാക്കുന്ന ഒരു സംഭവം കൂടിയായിരുന്നു ഇന്നത്തെ ഐഎൻടിയുസി മഹാറാലി. നിയോജകമണ്ഡലത്തിന്റെ നാനാഭാഗത്തുനിന്നും പ്രവർത്തകരെ അണിനിരത്തി ഐഎൻടിയുസിയുടെയും കോൺഗ്രസിന്റെയും ശക്തിവിളിച്ചോതിയ പരിപാടിയുടെ പ്രധാന സംഘാടകൻ ഐഎൻടിയുസി നിയോജകമണ്ഡലം പ്രസിഡണ്ടും കോൺഗ്രസ് പാലാ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റുമായ രാജൻ കൊല്ലം പറമ്പിൽ ആയിരുന്നു. 1980ൽ കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് സെക്രട്ടറി ആയിട്ടാണ് അദ്ദേഹം പാലായിൽ പാർട്ടിയുടെ നേതൃനിരയിലേക്ക് എത്തുന്നത്. പിന്നീട് ഇന്ന് വരെയുള്ള നാലര പതിറ്റാണ്ട് കാലം കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഐഎൻടിയുസി നിയോജകമണ്ഡലം പ്രസിഡൻറ് എന്നീ നിലകളിൽ വിജയകരമായി പ്രവർത്തിച്ചതിന്റെ അനുഭവപരിചയവും, പ്രവർത്തക ബന്ധവും തന്നെയാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുവാനും ഗ്രൂപ്പിന് അതീതമായി നേതൃനിരയെ ഇതിന് പിന്നിൽ ഒറ്റക്കെട്ടായി അണിനിരത്തുവാനും ഇദ്ദേഹത്തിന് കരുത്ത് പകർന്ന ഘടകം.