തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ച യുവാവിൻറെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്തപ്പോള്‍ ക്രൂരമായ മർദിച്ചു കൊലപ്പെടുത്തി എന്ന് കണ്ടെത്തല്‍.
ഇടുക്കി പള്ളിക്കുന്ന് വുഡ്‌ലാൻ്റ്സ് എസ്റ്റേറ്റില്‍ കൊല്ലമറ്റത്ത് ബാബുവിൻ്റെ മകൻ ബിബിൻ ബാബുവാണ് കൊല്ലപ്പെട്ടത്. അച്ഛനും ബന്ധുക്കളും അടക്കമുള്ളവരെ പീരുമേട് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കൊലപാതകമെന്ന് സ്ഥിരീകരിച്ചു.
-->
ചൊവ്വാഴ്ച വൈകീട്ടാണ് അടുത്ത ബന്ധുക്കള്‍ അടങ്ങുന്ന സംഘം ബിബിൻ ബാബുവിനെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനയില്‍ യുവാവ് മരിച്ചതായി കണ്ടെത്തി. വീട്ടിലെ ശുചിമുറിയില്‍ മുണ്ടില്‍ കെട്ടിത്തൂങ്ങി നില്‍ക്കുന്നതായി കണ്ടുവെന്നാണ് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട് ബന്ധുക്കള്‍ പറഞ്ഞത്. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നെത്തിയ പോലീസിൻറെ നിർദ്ദേശ പ്രകാരം പോസ്റ്റുമോർട്ടം നടത്തി. ഇതിലാണ് തലയ്ക്ക് ശക്തമായി അടിയേറ്റതാണ് മരണ കാരണമായതെന്ന് കണ്ടെത്തിയത്. ചവിട്ടേറ്റ് ജനനേന്ദ്രിയവും തകർന്നിരുന്നു.
തുടർന്ന് ജില്ലാ പൊലീസ് മോധാവി വിഷ്ണു പ്രദീപ് സംഭവ സ്ഥലത്തെത്തി ഫോറൻസിക് സർജൻ ആദർശ് രാധാകൃഷ്ണനുമായി സംസാരിച്ചു. അച്ഛനും അമ്മാവനും, സഹോദരിയുടെ സുഹൃത്തും അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസെത്തിയത്. കോയമ്ബത്തൂരില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ബിബിൻ ബാബു ദീപാവലി അവധി പ്രമാണിച്ചാണ് വീട്ടില്‍ എത്തിയത്. സഹോദരിയുടെ മകളുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത ശേഷം തിരികെ തമിഴ്നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സംഭവം. പിറന്നാള്‍ ആഘോഷത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കസ്റ്റഡിയിലുള്ളവരുടെ പങ്ക് സ്ഥിരീകരിച്ച ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. സംഭവം നടന്ന വീട്ടില്‍ ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്ക്വാഡുമെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക