
ശീതള പാനീയ വിപണിയിലെ ആഗോള ഭീമന്മാരായ കൊക്കകോള, പെപ്സി എന്നിവരുമായെല്ലാം ഏറ്റുമുട്ടി ഇന്ത്യയിലെ ശീതള പാനീയ വിപണി പിടിച്ചടക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണ് സാക്ഷാല്‍ മുകേഷ് അംബാനി.2022ല്‍ വെറും 22 കോടി രൂപ മുടക്കി ഏറ്റെടുത്ത കാംപ എന്ന ശീതള പാനീയ ബ്രാൻറിലൂടെയാണ് മുകേഷ് അംബാനി അങ്കത്തട്ടിലിറങ്ങിയിരിക്കുന്നത്. രുചി കൊണ്ടും, പ്രശസ്തി കൊണ്ടും വിപണിയിലെ പ്രമുഖന്മാരെ പൂട്ടാൻ വില കുത്തനെക്കുറച്ചാണ് അംബാനി രംഗത്തെത്തിയിരിക്കുന്നത്. കാംപയുടെ വില 50 ശതമാനം കുറച്ച് ഈ ഉല്‍സവ സീസണില്‍ വിപണിയില്‍ തരംഗമാകാനാണ് റിലയൻസ് പദ്ധതിയിടുന്നത്.
എതിരാളികളേക്കാള്‍ വളരെ കുറഞ്ഞ വിലയില്‍, വിവിധ വിലയിലുള്ള പാക്കുകളിലും രുചിയിലുമാണ് കാംപ അവതരിപ്പിച്ചിരിക്കുന്നത്. 250 മില്ലി കുപ്പികള്‍ 10 രൂപയ്ക്ക് ആണ് കാംപ വില്‍ക്കുന്നത്. അതേസമയം കൊക്കകോളയും പെപ്സികോയും ഇതേ അളവിലുള്ള കുപ്പികള്‍ 20 രൂപയ്ക്കാണ് വില്‍ക്കുന്നത്. കൂടാതെ, കാംപ 500 മില്ലി കുപ്പികള്‍ 20 രൂപയ്ക്ക് വില്‍ക്കുന്നു. അതേസമയം 30 രൂപയ്ക്കോ, 40 രൂപയ്ക്കോ ആണ് കൊക്കകോളയും പെപ്സിയും ഇതേ കുപ്പികള്‍ വില്‍ക്കുന്നത്.