കോണ്ടം എന്നാല്‍ ഗര്‍ഭനിരോധനവും ജനസംഖ്യാനിയന്ത്രണവും മാത്രമാണെന്ന് കരുതുന്ന, ലൈംഗികതയെക്കുറിച്ച്‌ സംസാരിക്കാന്‍ മടിക്കുന്ന ഒരു ജനതയോട് കോണ്ടം എന്നാല്‍ ആനന്ദം കണ്ടെത്താനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണെന്ന് വിളിച്ചുപറഞ്ഞ ബ്രാന്‍ഡാണ് മാന്‍ഫോഴ്‌സ് കോണ്ടം. സ്വതവേ കടുത്ത മത്സരം നിലനില്‍ക്കുന്ന, വില്‍പ്പന തീരെ കുറവുള്ള ഈ വിപണിയുടെ 32 ശതമാനവും ഇപ്പോള്‍ മാന്‍ഫോഴ്സിന്റെ കൈയ്യിലാണ്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ മാന്‍കൈന്റ് ഫാര്‍മയുടെ ഉപകമ്ബനിയാണ് ഇത്.

എതിരാളികളായ ഡ്യൂറക്‌സ് കമ്ബനിക്ക് വിപണിയുടെ 13.8 ശതമാനവും കാമസൂത്രക്ക് വിപണിയുടെ 13.5 ശതമാനവും മാത്രമാണുള്ളത്. ‘മാന്‍ഫോഴ്‌സ് കോണ്ടത്തിന്റെ വളര്‍ച്ചയുടെ രഹസ്യം ‘പരസ്യം’ ആണ്. നിലവിലുള്ള കോണ്ടം ബ്രാന്‍ഡുകളും സര്‍ക്കാരും കോണ്ടത്തിനെ ഗര്‍ഭനിരോധനമാര്‍ഗ്ഗവും സുരക്ഷിതലൈംഗികബന്ധത്തിനുള്ള ഉപാധിയായുമാണ് ബോധവത്കരണം നടത്തിയത്. എന്നാല്‍ ഞങ്ങള്‍ എങ്ങനെ ആനന്ദം വര്‍ദ്ധിപ്പിക്കാം എന്നാണ് പരസ്യം ചെയ്തത്.’- മാന്‍കൈന്റ് ഫാര്‍മയുടെ മാനേജിങ് ഡയറക്ടറും വൈസ് പ്രസിഡന്റുമായ രാജീവ് ജുനേജ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അമേരിക്ക ആസ്ഥാനമായ ഡാറ്റ സ്ഥാപനം നീല്‍സന്റെ റിപ്പോര്‍ട്ടിലാണ് മാന്‍ഫോഴ്സിന് 32 ശതമാനം വിപണി ഓഹരിയുണ്ടെന്ന് വ്യക്തമായത്. 2007 ല്‍ മാത്രം തുടങ്ങിയ സ്ഥാപനമാണിത്. തുടക്ക കാലത്ത് വിപണിയില്‍ കാലൂന്നാന്‍ പെടാപ്പാട് പെട്ടൊരു കമ്ബനി. അന്ന് പലപ്പോഴും പ്രതീക്ഷകള്‍ നശിച്ചുപോയിരുന്നെന്ന് പറയുന്നു ജുനേജ.

കോണ്ടം വിപണിയിലേക്ക് വരുന്നതിന് മുന്‍പ് തന്നെ വിപണിയുടെ സ്വഭാവം മനസിലാക്കാന്‍ മാന്‍കൈന്റ് ഫാര്‍മ ഒരു പരീക്ഷണം നടത്തിയിരുന്നു. മാന്‍ഫോഴ്സ് കോണ്ടം കമ്ബനി തങ്ങളുടെ വയാഗ്ര ഗുളികകള്‍ക്കൊപ്പം സൗജന്യമായി നല്‍കി. ഇതിന് വിപണിയില്‍ ശ്രദ്ധ കിട്ടിത്തുടങ്ങിയെന്ന് കണ്ടപ്പോഴാണ് വാണിജ്യാടിസ്ഥാനത്തില്‍ കമ്ബനി ഉല്‍പ്പന്നം വിറ്റത്. എന്നാല്‍ വില്‍പ്പന പ്രതീക്ഷിച്ച പോലെ ഉണ്ടായിരുന്നില്ല.

ലൈംഗിക രോഗങ്ങള്‍ വരുമെന്നും പാക്കറ്റ് കാണാന്‍ ഭംഗിയില്ലെന്നും പറഞ്ഞ് ആളുകള്‍ കോണ്ടം വാങ്ങിയില്ലെന്ന് ജുനേജ പറയുന്നു. കോണ്ടത്തിലുണ്ടാകാന്‍ സാധ്യതയുള്ള ചോര്‍ച്ചയും പേടിയുടെ ഒരു കാരണമായി. ഇതിന് പുറമെ കോണ്ടം ഉപയോഗിക്കുന്നത് ലൈംഗികാസ്വാദനം കുറയ്ക്കുമെന്നും പലരും ഭയപ്പെട്ടു.

അതിനാല്‍ തന്നെ ഈ സാഹചര്യത്തെ മറികടക്കാന്‍ കമ്ബനി തങ്ങളുടെ തന്ത്രങ്ങള്‍ മാറ്റി. ഇതിലൂടെ കമ്ബനി വാര്‍ത്തകളില്‍ ഇടംപിടിച്ചു. പ്രാദേശിക ഭാഷകളിലും പരസ്യങ്ങള്‍ നല്‍കി 2015 ല്‍ കമ്ബനി ഇടപെടല്‍ സജീവമാക്കി. ഈ തന്ത്രമാണ് വിജയിച്ചത്. ബ്രാന്‍ഡിന് ജനശ്രദ്ധയാകര്‍ഷിക്കാനായി. ദില്ലിയിലും മുംബൈയിലും ഹിന്ദി പരസ്യങ്ങള്‍ ഫലം കണ്ടപ്പോള്‍ പ്രാദേശിക ഭാഷകളിലെ പരസ്യങ്ങള്‍ ഗുജറാത്തിലും ബംഗാളിലും ഒഡിഷയിലും കമ്ബനിക്ക് മുന്നേറ്റം നല്‍കി.

അന്ന് മുതല്‍ ബിസിനസ് ശക്തമായി മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍ കൊവിഡ് മഹാമാരി ഈ വിപണിയെയും ബാധിച്ചു. ഇത് കമ്ബനി പ്രതീക്ഷിച്ചതായിരുന്നില്ല. ഇതിന് കാരണം ഇന്ത്യാക്കാര്‍ വീടിനടുത്തെ മരുന്ന് കടകളില്‍ നിന്ന് കോണ്ടം വാങ്ങാന്‍ മടിക്കുന്നതാണെന്നും ജുനേജ കരുതുന്നു. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ആളുകള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചു.

രാജ്യത്ത് മരുന്ന് കടകളാണ് കോണ്ടം വിതരണക്കാരില്‍ പ്രധാനികള്‍. വില്‍പ്പനയുടെ 78 ശതമാനവും മരുന്ന് കടകള്‍ വഴിയാണ്. ഈ വെല്ലുവിളി മറികടക്കാന്‍ ഡിജിറ്റല്‍ രംഗത്ത് സാന്നിധ്യം ഉറപ്പിക്കാനാണ് മാന്‍ഫോഴ്സിന്റെ ശ്രമം. നേരത്തെ ഈ ചിന്ത ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ കൊവിഡ് പ്രതിസന്ധി ഈ സാധ്യതയെ കൂടി പരിശോധിക്കാന്‍ നിര്‍ബന്ധിതരാക്കിയെന്നും കമ്ബനി പറയുന്നു.

കൊവിഡ് കാലത്തെ നഷ്ടം കണക്കാക്കിയില്ലെങ്കിലും വില്‍പ്പന കൊവിഡിന് മുന്‍പത്തെ നിലയിലേക്ക് മാറുന്നുണ്ടെന്നും ജുനേജ പറഞ്ഞു. വില്‍പ്പനയിലെ ഈ വളര്‍ച്ച കമ്ബനിക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. സ്ത്രീകളിലെ ലൈംഗികതയെ പഠന വിഷയമാക്കി, സ്ത്രീകള്‍ക്ക് വേണ്ടി കോണ്ടം അവതരിപ്പിക്കാനാണ് ഇപ്പോള്‍ കമ്ബനി ശ്രമിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക