മുദ്ര ലോണ്‍ എടുത്ത് സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷം പകരുന്നതായിരുന്നു ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. മുദ്ര വായ്പയുടെ പരിധി 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായി വർധിപ്പിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. മുൻപ് തരുണ്‍ വിഭാഗത്തില്‍ വായ്പ എടുത്ത് തിരിച്ചടച്ചവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നപദ്ധതിയായി 2015ല്‍ ആരംഭിച്ചതാണ് പ്രധാനമന്ത്രി മുദ്ര യോജന അഥവാ പി.എം.എം.വൈ. ശിശു, കിഷോർ, തരുണ്‍ എന്നിങ്ങനെ മൂന്ന് തരം മുദ്രാ ലോണുകളാണ് ഉള്ളത്. 20 ലക്ഷം രൂപ വരെ മുദ്രയുടെ പരിധി ഉയർത്തിയതോടെ സംരംഭകർക്ക് തങ്ങളുടെ ബിസിനസ് വിപുലീകരിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.
-->
മുദ്ര യോജന പ്രകാരം ഇതുവരെ 10 ലക്ഷം രൂപ വരെയാണ് വാഗ്ദാനം ചെയ്തിരുന്നത്, എന്നാല്‍ ഇനി മുതല്‍ വായ്പാ തുക 20 ലക്ഷമായി മാറും. തിരിച്ചടവ് കാലാവധി 5 വർഷം വരെയാണ്, കൂടാതെ പ്രോസസ്സിംഗ് ഫീസായി നാമമാത്രമായ തുക കൂടി ഈടാക്കും. ഈ വായ്പാ സ്‌കീമില്‍ പലിശ നിരക്കുകള്‍ ഓരോ ബാങ്കിനും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
പിഎം മുദ്ര യോജനയ്ക്ക് കീഴില്‍ ലഭ്യമായ വായ്പകളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ശിശു വായ്പ, കിഷോർ വായ്പ, തരുണ്‍ വായ്പ എന്നിവയാണ് ഈ മൂന്ന് വിഭാഗങ്ങള്‍. ശിശു വായ്പയ്ക്ക് കീഴില്‍ 50,000 രൂപ വരെയാണ് അനുവദിക്കുക. കിഷോർ വായ്പ പ്രകാരം 50,000 മുതല്‍ 5 ലക്ഷം രൂപ വരെയാണ് നല്‍കുന്നത്. തരുണ്‍ വായ്പയ്ക്ക് കീഴില്‍ ഇതുവരെ 10 ലക്ഷം രൂപ വരെയായിരുന്നു നേടാമായിരുന്നത്. ഇതിന് മാറ്റം വരാൻ ഇടയുണ്ട്.
പിഎം മുദ്ര സ്‌കീമിന് കീഴില്‍, ചെറുകിട കടയുടമകള്‍ക്കും പഴവർഗങ്ങള്‍ക്കും ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ക്കും മറ്റ് ചെറുകിട വ്യവസായങ്ങള്‍ക്കും വായ്പാ സൗകര്യം ലഭ്യമാണ്. ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിന്, നിങ്ങള്‍ക്ക് ആധാർ കാർഡ്, പാൻ കാർഡ്, റസിഡൻഷ്യല്‍ പ്രൂഫ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബിസിനസ് സർട്ടിഫിക്കറ്റ് എന്നിവ മാത്രമാണ് ആവശ്യം.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക