കുട്ടികള്‍ക്കൊപ്പം മഴ നനഞ്ഞ് കേന്ദ്രമന്ത്രി സുരേഷ്ഗോപി. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴില്‍ കോവളം ആർട്സ് & ക്രാഫ്റ്റ്സ് വില്ലേജില്‍ നടന്ന യോഗാദിനാചാരണത്തിനിടെയാണ് ഹൃദ്യമായ സംഭവം. തുറന്ന വേദിയിലാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രസംഗത്തിനിടെ അപ്രതീക്ഷിതമായി മഴ എത്തിയപ്പോള്‍ കുട്ടികളോട് പ്രസംഗം നിർത്തണോയെന്ന് മന്ത്രി ചോദിച്ചു. പ്രസംഗത്തിന്റെ കോപ്പി എല്ലാ കുട്ടികള്‍ക്കും നല്‍കാമെന്നും പറഞ്ഞു. എന്നാല്‍ കുട്ടികള്‍ സമ്മതിച്ചില്ല. പ്രസംഗം തുടരണമെന്ന് കുട്ടികള്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ഇതിനിടെ പൊലിസുകാരൻ കുടയുമായി എത്തി. അത് സ്നേഹപൂർവ്വം നിരസിച്ച അദ്ദേഹം മഴ നനഞ്ഞു കൊണ്ടു തന്നെ പ്രസംഗം പൂർത്തിയാക്കി.
തിരുവനന്തപുരം ശിവാനന്ദാശ്രമത്തിന്റെ പിന്തുണയോടെയാണ് യോഗാദിനാചാരണം സംഘടിപ്പിച്ചത്. കേന്ദ്രീയ വിദ്യാലയത്തിലെ നിന്നുള്ള വിദ്യാർത്ഥികള്‍, ടൂറിസം ക്ലബ്ബുകള്‍ പരിപാടിയുടെ ഭാഗമായി.