പുതിയ ഓണ്‍ലൈൻ ഉപഭോക്താക്കളെ ചേർക്കുന്നതിനും ക്രെഡിറ്റ് കാർഡുകള്‍ അനുവദിക്കുന്നതിനും കോടക് മഹീന്ദ്ര ബാങ്കിനെ വിലക്കി റിസർവ് ബാങ്ക് (ആർ.ബി.ഐ). സുരക്ഷ സംബന്ധിച്ച സംശയങ്ങളും, ഐ.ടി അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മുൻനിർത്തിയാണിത്. ക്രെഡിറ്റ് കാർഡ് ഉടമകള്‍ അടക്കമുള്ള നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന് തടസമില്ലെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.

2022 -23 കാലയളവില്‍ റിസർവ് ബാങ്ക് നടത്തിയ ഐ.ടി പരിശോധനയില്‍ കണ്ടെത്തിയ സുരക്ഷാ പിഴവുകള്‍ സമയബന്ധിതമായി പരിഹരിക്കുന്നതില്‍ ബാങ്കിന്റെ ഭാഗത്തുനിന്ന് തൃപ്തികരമായ നടപടികളുണ്ടാകാത്ത സാഹചര്യത്തിലാണ് നടപടി. ഡേറ്റ സംരക്ഷിക്കുന്നതിലും ഐ.ടി സേവനങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ബാങ്കിന്റെ ഭാഗത്ത് ഗുരുതരമായ ന്യൂനതകളുണ്ടെന്നാണ് ആർബിഐ പറയുന്നത്. വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും ചോർച്ച തടയുന്നതിലുമടക്കം വീഴ്ചയുണ്ടെന്നാണ് കണ്ടെത്തല്‍. റിസർവ് ബാങ്കിന്റെ പരിഹാര നിർദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ ബാങ്കിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതുസംബന്ധിച്ച്‌ സമർപ്പിച്ച റിപ്പോർട്ട് അപൂർണവും കൃത്യതയില്ലാത്തതും ആയിരുന്നുവെന്നും ആർബിഐ പറയുന്നു. ബാങ്കിന്റെ കോർ ബാങ്കിങ് സംവിധാനവും ഡിജിറ്റല്‍ ബാങ്കിങ് ചാനലുകളും കഴിഞ്ഞ രണ്ടുവർഷത്തിനിടെ പലതവണ തടസ്സപ്പെടുന്ന സാഹചര്യമുണ്ടായി. അവസാനമായി 2024 ഏപ്രില്‍ 15-ന് ബാങ്കിന്റെ സേവനങ്ങള്‍ തടസപ്പെട്ടതുമൂലം ഉപഭോക്താക്കള്‍ക്ക് കടുത്ത ബുദ്ധിമുട്ടുണ്ടായെന്നും ആർ.ബി.ഐ ചൂണ്ടിക്കാട്ടിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടുചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക