സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച്‌ കൊട്ടിക്കലാശം. ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചരണം. കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി. ക്രെയിനുകളിലും ജെസിബികളിലുമേറിയാണ് പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ കൊട്ടിക്കലാശത്തിന്‍റെ ഭാഗമായുള്ള റോഡ് ഷോയില്‍ പങ്കെടുത്തത്.

20 മണ്ഡലങ്ങളിലും വൈകിട്ട് ആറോടെ കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം സമാപിച്ചു. നാളെ ഒരു ദിവസത്തെ നിശബ്ദ പ്രചാരണത്തിനുശേഷം മറ്റന്നാള്‍ ആണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക.കരുനാഗപ്പള്ളിയില്‍ കലാശക്കൊട്ടിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സിആര്‍ മഹേഷ് എംഎല്‍എക്ക് പരിക്കേറ്റു. സിഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കും പരിക്കേറ്റു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാൻ കണ്ണീര്‍ വാതകം പ്രയോഗിച്ചു. സിആര്‍ മഹേഷ് എംഎല്‍എ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറിലാണ് എം.എല്‍എക്കും പൊലീസുകാര്‍ക്കും പരിക്കേറ്റത്.

തൊടുപുഴയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. യുഡിഎഫ് വാഹനത്തിന് മുകളില്‍ എല്‍ഡിഎഫ് പ്രവർത്തകർ കൊടി നാട്ടാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായത് .പൊലീസും നേതാക്കളും ചേർന്ന് പരിഹരിക്കുകയായിരുന്നു. നെയ്യാറ്റിൻകരയില്‍ പൊലീസ് ലാത്തിവീശി. കെഎസ്‍യു -കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് ലാത്തിവീശി ഓടിച്ചത്. കെഎസ്‌ആര്‍ടിസി ബസിന് മുകളില്‍ കയറി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാക്രമം നടത്തി. കെഎസ്‌ആര്‍ടിസി ബസിനും കേടുപാട് സംഭവിച്ചു. ബസ് തടഞ്ഞു നിർത്തിയതാണ് സംഘർഷത്തിന് കാരണം.

കൊല്ലം പത്തനാപുരത്ത് യുഡ‍ിഎഫ് -എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി. ഉച്ചഭാഷിണി നിര്‍ത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. തിരുവനന്തപുരം മണ്ഡലത്തിലെ കൊട്ടിക്കലാശം നടന്ന പേരൂര്‍ക്കടയില്‍ മഴ പെയ്തെങ്കിലും പ്രവര്‍ത്തകരുടെ ആവേശം ഒട്ടും ചോര്‍ന്നില്ല. മലപ്പുറം, കല്‍പ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലും കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷമുണ്ടായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക