വരുണ്‍ ഗാന്ധിക്ക് മുമ്ബില്‍ വാതില്‍ കൊട്ടിയടച്ച്‌ ബി.ജെ.പി. അഞ്ചാം സ്ഥാനാർഥി പട്ടികയില്‍ വരുണ്‍ ഗാന്ധിയെ പരിഗണിച്ചില്ലെന്ന് മാത്രമല്ല, സിറ്റിങ് സീറ്റായ പിലിഭിത്തിയില്‍ മറ്റൊരു സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയും ചെയ്തു. മുൻ കോണ്‍ഗ്രസ് നേതാവ് ജിതിൻ പ്രസാദയാണ് ഇത്തവണ വരുണിന് പകരം പിലിഭിത്തില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുക. അതേസമയം വരുണിന്റെ മാതാവും സുല്‍ത്താൻപുരിലെ സിറ്റിങ് എംപിയുമായ മനേക ഗാന്ധിക്ക് ബിജെപി വീണ്ടും സീറ്റ് നല്‍കി.

പിലിഭിത്തില്‍ സീറ്റ് നിഷേധിച്ചാല്‍ വരുണ്‍ ഗാന്ധി ബിജെപി വിടുമെന്ന അഭ്യൂഹം ശക്തമായിരുന്നു. വരുണിന് സീറ്റ് വാഗ്ദാനം ചെയ്ത് എസ്.പി. അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തുകയും ചെയ്തിരുന്നു. കേന്ദ്ര സർക്കാരിനെതിരെയും ഉത്തർപ്രദേശില്‍ യോഗി സർക്കാരിനെതിരെയും നിരന്തരം വിമർശനങ്ങള്‍ ഉന്നയിച്ച്‌ പാർട്ടിക്ക് തലവേദന സൃഷ്ടിച്ച വരുണിന് ഇത്തവണ സീറ്റ് നല്‍കേണ്ടതില്ലെന്നാണ് പാർട്ടിയുടെ തീരുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനിടെ നടി കങ്കണ റണൗട്ട് ബി.ജെ.പി. സ്ഥാനാർഥി പട്ടികയില്‍ ഇടംനേടി. ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ നിന്നായിരിക്കും കങ്കണ മത്സരിക്കുക. രാമായണ ടെലിവിഷൻ സീരീസില്‍ രാമനായി വേഷമിട്ട അരുണ്‍ ഗോവില്‍ മീററ്റില്‍ നിന്ന് മത്സരിക്കും.ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദര ഭാര്യയും ജെ.എം.എം. എംഎല്‍എയുമായ സീത സോറൻ ധുംകയില്‍നിന്ന് മത്സരിക്കും. നേരത്തെ ജെ.എം.എമ്മില്‍നിന്ന് സിതാ സോറൻ രാജിവെച്ച്‌ ബി.ജെ.പിയില്‍ ചേർന്നിരുന്നു.

കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലേക്ക് തിരികെ എത്തിയ ജഗദീഷ് ഷെട്ടാർ കർണാടകയിലെ ബെല്‍ഗാമില്‍നിന്ന് മത്സരിക്കും. കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് അഭിജിത്ത് ഗംഗോപാധ്യായ ബംഗാളിലെ തംലുക് മണ്ഡലത്തില്‍ മത്സരിക്കും.അതേസമയം കേന്ദ്രമന്ത്രി അശ്വിനികുമാർ ചൗബേ, മുൻ കേന്ദ്ര മന്ത്രി ആനന്ദ് കുമാർ ഹെഗ്ഡെ, വികെ സിങ് എന്നിവരും അഞ്ചാം പട്ടികയില്‍ ഉള്‍പ്പെട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക