എന്‍ ഡി എയിലെ ഒരു ഘടകകക്ഷി സീറ്റ് കച്ചവടം ചെയ്യാന്‍ ശ്രമിച്ചുവെന്ന ഗുരുതര ആരോപണവുമായി ബി ജെ പി നേതാവ് പി സി ജോര്‍ജ്. രണ്ട് കോടി രൂപ തന്നാല്‍ സീറ്റ് തരാമെന്ന് ഒരു നേതാവിനോട് പറഞ്ഞു എന്നാണ് പി സി ജോര്‍ജിന്റെ ആരോപണം. റിപ്പോര്‍ട്ടര്‍ ടി വിയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. എന്‍ ഡി എയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ബി ഡി ജെ എസുമായി ഇടഞ്ഞ് നില്‍ക്കുന്നതിനിടെയാണ് ജോര്‍ജിന്റെ പ്രതികരണം.

സീറ്റ് വാഗ്ദാനം ലഭിച്ച നേതാവ് ജീവനും കൊണ്ട് ഓടിയെന്നും എന്നാല്‍ സീറ്റ് കച്ചവടം ചെയ്യാന്‍ ശ്രമിച്ച ഘടകകക്ഷിയുടെ പേര് വെളിപ്പെടുത്താന്‍ ഇപ്പോള്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ഘടകകക്ഷികളും അങ്ങനെയല്ല എന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ബി ഡി ജെ എസ്, ബി ജെ പിയോട് ഒട്ടി നില്‍ക്കുന്ന പാര്‍ട്ടിയാണ് എന്നും എന്നാല്‍ താന്‍ ബി ജെ പിയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബി ഡി ജെ എസിന് നല്‍കിയ ഇടുക്കി, കോട്ടയം സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ല. രണ്ട് സീറ്റുകളില്‍ മാത്രമാണ് ബി ഡി ജെ എസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. നേരത്തെ പത്തനംതിട്ടയിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയാകാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ട നേതാവായിരുന്നു പി സി ജോര്‍ജ്. എന്നാല്‍ അനില്‍ ആന്റണിയെ ആണ് ബി ജെ പി ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയത്.

തന്റെ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചത് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും അദ്ദേഹത്തിന്റെ മകനും ബി ഡി ജെ എസ് നേതാവുമായ തുഷാര്‍ വെള്ളാപ്പള്ളിയുമാണ് എന്ന് പി സി ജോര്‍ജ് തുറന്നടിച്ചിരുന്നു. എന്നാല്‍ ഇത് തള്ളിക്കൊണ്ട് തുഷാര്‍ വെള്ളാപ്പള്ളിയും പി സി ജോര്‍ജിനെ പരിഹസിച്ച്‌ വെള്ളാപ്പള്ളി നടേശനും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പി സി ജോര്‍ജിന്റെ ആരോപണം.

അതേസമയം പ്രകാശ് ജാവദേക്കറിന്റെ പൂഞ്ഞാര്‍ സന്ദര്‍ശനത്തില്‍ സംസ്ഥാന രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ചയായി എന്ന് ജോര്‍ജ് പറഞ്ഞു. ബി ജെ പിയുടെ നില എങ്ങനെ ഭദ്രമാക്കി കൊണ്ടുപോകാനാകുമെന്ന് ആലോചിച്ചെന്നും താന്‍ യഥാര്‍ത്ഥ ചിത്രം അദ്ദേഹത്തിന്റെ മുന്നില്‍ തുറന്നുകാട്ടിയിട്ടുണ്ട് എന്നും ജോര്‍ജ് വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുമ്ബ് തന്നെ സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം മതമേലധ്യക്ഷന്‍മാരെ സന്ദര്‍ശിച്ചുവെന്നും പി സി പറഞ്ഞു. ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്പിനെ നേരില്‍ കണ്ട് സംസാരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ബി ജെ പി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടിയായിരുന്നു കൂടിക്കാഴ്ച്ചയെന്നും അദ്ദേഹത്തെ പോലുള്ള ആളുകള്‍ ജയിക്കുക എന്നത് എല്ലാ മതവിഭാഗങ്ങളുടെയും ആവശ്യമാണെന്നും പി സി ജോര്‍ജ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക