ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ സിറ്റിംഗ് സീറ്റില്‍ നിന്ന് രാഹുല്‍ ഗാന്ധി മത്സരിക്കേണ്ടെന്ന അഭിപ്രായം ഇന്ത്യ മുന്നണിക്ക് പുറമേ കോണ്‍ഗ്രസിനുള്ളിലും ശക്തമാകുന്നു. രാഹുലിന്റെ മണ്ഡലം സംബന്ധിച്ച്‌ അന്തിമ തീരുമാനമെടുക്കുക കേന്ദ്ര നേതൃത്വമാണ്. എന്നാല്‍ ഇന്ത്യ മുന്നണിയില്‍ നിന്ന് തന്നെയുള്ള സിപിഐ മത്സരിക്കുന്ന വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന അഭിപ്രായമാണ് ശക്തമാകുന്നത്.

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിലും സംസ്ഥാന നേതൃത്വത്തിലും ഈ അഭിപ്രായം പൊതുവായി ശക്തിപ്രാപിക്കുന്നുണ്ട്. ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടി വേണം രാഹുല്‍ ലോക്‌സഭയിലേക്ക് പോകാനെന്നാണ് മുന്നണിക്കുള്ളിലെ അഭിപ്രായം. ഇക്കാര്യം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തിരുന്നു. ദക്ഷിണേന്ത്യയില്‍ നിന്നല്ല ഉത്തരേന്ത്യയില്‍ നിന്ന് വേണം രാഹുല്‍ മത്സരിക്കാനെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദക്ഷിണേന്ത്യയില്‍ നിന്ന് മത്സരിക്കുന്നുവെങ്കില്‍ ബിജെപിക്ക് മേഖലയില്‍ ശക്തിയുള്ള കര്‍ണാടകയില്‍ നിന്ന് വേണമെന്നാണ് നേതാക്കള്‍ പറയുന്നത്. മല്ലികാര്‍ജുന്‍ ഖാര്‍ഗേയുടെ സംസ്ഥാനമാണ് കര്‍ണാടക. അദ്ദേഹം ഇവിടെ നിന്ന് ജനവിധി തേടാന്‍ സാദ്ധ്യതയുണ്ട്. അങ്ങനെ വരുമ്ബോള്‍ മറ്റൊരു ദേശീയ നേതാവ് കൂടി കര്‍ണാടകയില്‍ മത്സരിക്കേണ്ടതില്ലെന്ന വികാരവും ശക്തമാണ്. ഗാന്ധി കുടുംബത്തില്‍ നിന്ന് ഒരാള്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കുകയാണെങ്കില്‍ അത് സോണിയ ഗാന്ധിയാകാനാണ് സാദ്ധ്യത. തെലങ്കാനയില്‍ നിന്ന് സോണിയ പോരിനിറങ്ങുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

സിറ്റിംഗ് മണ്ഡലമായ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്ന് സോണിയ മത്സരിക്കില്ല. പകരം രാജ്യസഭയിലേക്കോ അല്ലെങ്കില്‍ തെലങ്കാനയില്‍ നിന്ന് ലോക്‌സഭയിലേക്കോ എന്നതാണ് പരിഗണിക്കുന്നത്. തെലങ്കാനയുടെ അമ്മ എന്ന നിലയില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ സോണിയയെ അവതരിപ്പിച്ച്‌ വലിയ വിജയം നേടിയ കോണ്‍ഗ്രസ് ലോക്‌സഭയില്‍ സോണിയയെ സംസ്ഥാനത്ത് നിന്ന് മത്സരിപ്പിച്ചാല്‍ വന്‍ വിജയത്തിന് കളമൊരുക്കാമെന്ന് കണക്ക് കൂട്ടുന്നു.

സോണിയ റായ്ബറേലി വിടുകയാണെങ്കില്‍ പ്രിയങ്ക ഗാന്ധി അവിടെ നിന്ന് മത്സരിക്കും. അങ്ങനെയാണ് കാര്യങ്ങള്‍ എത്തുന്നതെങ്കില്‍ രാഹുല്‍ ഗാന്ധി രാജസ്ഥാനിലോ മദ്ധ്യപ്രദേശിലോ ജനവിധി തേടും. അമേഠിയില്‍ രാഹുല്‍ മത്സരിക്കാന്‍ സാദ്ധ്യത കുറവാണ്. ഹിന്ദി ഹൃദയ ഭൂമിയിലെ തന്നെ ഏതെങ്കിലും കോണ്‍ഗ്രസ് ശക്തികേന്ദ്രത്തില്‍ മത്സരിക്കാനാണ് സാദ്ധ്യത. ബിജെപിക്ക് മേല്‍ക്കൈയുള്ള മണ്ഡലത്തില്‍ മത്സരിക്കുകയാണെങ്കില്‍ സുരക്ഷിതമായ മറ്റൊരു മണ്ഡലത്തില്‍ കൂടി അദ്ദേഹം മത്സരിക്കണമെന്ന അഭിപ്രായവും നേതാക്കള്‍ക്കിടയിലുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക