പാലാ: ട്വന്റി20 പാർട്ടി പാലാ നിയോജകമണ്ഡലം പ്രതിനിധി സമ്മേളനം ഫെബ്രുവരി 11 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് പാലാ കോഓപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടന്നു. പാലാ മുനിസിപ്പാലിറ്റിയിൽ നിന്നും വിവിധ പഞ്ചായത്തുകളിൽ നിന്നുമായി 100-ലധികം പ്രതിനിധികൾ പങ്കെടുത്തു. കോട്ടയം ജില്ലാ കോർഡിനേറ്റർ സജി തോമസ് അധ്യക്ഷത വഹിച്ചു.
എറണാകുളം ജില്ലാ കോർഡിനേറ്റർ സന്തോഷ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് മെമ്പർ ജോർജ് ജോസഫ് പകലോമറ്റം, ഡോ. ആൽബർട്ട് എബ്രഹാം,പ്രൊഫ. റോയി ജോർജ് അരയത്തിനാൽ, മുൻ പോലീസ് സൂപ്രണ്ട് ആന്റണി തോമസ്, എന്നിവർ പ്രസംഗിച്ചു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ പാലാ മുനിസിപ്പാലിറ്റിയിലെയും മറ്റ് 12 പഞ്ചായത്തുകളിലെയും എല്ലാ വാർഡുകളിലും കമ്മിറ്റി രൂപീകരിച്ച് ട്വന്റി20 പാർട്ടിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്ന് കോട്ടയം ജില്ലാ കോർഡിനേറ്റർ സജി തോമസ് പറഞ്ഞു.
2026ൽ നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് എമ്പാടും ചുവടുറപ്പിക്കാൻ ഉള്ള 20 ട്വന്റിയുടെ നീക്കങ്ങളുടെ ഭാഗമായിട്ടാണ് പാലായിൽ ഉൾപ്പെടെ നടക്കുന്ന യോഗങ്ങൾ എന്ന് വിലയിരുത്തപ്പെടുന്നു. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ പാലാ നഗരസഭ പോലെയുള്ള പ്രധാന തദ്ദേശ മണ്ഡലങ്ങളിലും ഇവർ മത്സരിച്ചേക്കാം. സാബു ജേക്കബ് നേതൃത്വം നൽകുന്ന സംഘടനയുടെ ആശയങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. എന്നാൽ പ്രാദേശികമായി കേരളമെമ്പാടും ചുവട് ഉറപ്പിക്കുക എന്നത് രാഷ്ട്രീയമായി വലിയ വെല്ലുവിളിയുമാണ്.