ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുടെ കോട്ടയം ജില്ലാ അധ്യക്ഷനായി ഷോണ്‍ ജോര്‍ജിനെ നിയമിച്ചേക്കും. പി.സി.ജോര്‍ജിന്റെ ബിജെപിയിലേക്കുള്ള വരവ് ലോക്‌സഭയില്‍ പ്രതിഫലിച്ചാലാകും ഈ മാറ്റം. പത്തനംതിട്ട ലോക്‌സഭാ സീറ്റില്‍ ഉണ്ണി മുകുന്ദനാണ് ബിജെപിയുടെ പ്രഥമ പരിഗണന. ഉണ്ണി മുകുന്ദനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനായി മാറ്റി നിര്‍ത്തിയാല്‍ പി.സി.ജോര്‍ജിന് നറുക്ക് വീഴും.
പത്തനംതിട്ടയില്‍ കടുംപിടത്തമുണ്ടാകരുതെന്ന് ബിജെപി ദേശീയ നേതൃത്വം പിസി ജോര്‍ജിനെ അറിയിച്ചിട്ടുണ്ട്. ഇത് പിസിയും സമ്മതിച്ചു. തിരുവനന്തപുരത്ത് നിര്‍മ്മലാ സീതാരാമന്‍ അല്ലെങ്കില്‍ ഐഎസ്‌ആർഒയിലെ ഉന്നതൻ, തൃശൂരില്‍ സുരേഷ് ഗോപി, ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി മുരളീധരൻ എന്നിങ്ങനെയാണ് ബിജെപിയുടെ പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക. ഈ സാഹചര്യത്തില്‍ ഈ മൂന്ന് മണ്ഡലങ്ങളിലും ക്രൈസ്തവ വോട്ടുകള്‍ എല്ലാം നേടുകയാണ് ബിജെപി ലക്ഷ്യം.
പത്തനംതിട്ടയിലും കരുത്ത് കാട്ടണം. അതുകൊണ്ട് തന്നെ പിസി ജോര്‍ജിനെ ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താരപ്രചാരകനായി അവതരിപ്പിക്കും. ബിജെപിയുടെ പരീക്ഷണം ജയിച്ചാല്‍ ക്രൈസ്തവർക്ക് മുന്‍തൂക്കമുള്ള കോട്ടയത്ത് പിസി ജോര്‍ജിന്റെ മകനെ പാര്‍ട്ടി അധ്യക്ഷനാക്കും. ഇതിലൂടെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്ബ് ആ വിഭാഗത്തിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലാനാകും എന്നാണ് കണക്കുകൂട്ടല്‍.
എക്‌സാലോജിക്കില്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം എന്ന ആവശ്യം അതിവേഗം അംഗീരിച്ചതോടെ പി.സി.ജോർജും സന്തോഷത്തിലാണ്. ജനപക്ഷം സെക്കുലര്‍ നേതാവും ഏഴ് വട്ടം എംഎല്‍എയുമായ പി.സി.ജോര്‍ജ് ബിജെപിയില്‍ എത്തുന്നതിനെ പ്രതീക്ഷയോടെയാണ് പാര്‍ട്ടി കാണുന്നത്. കേരള ജനപക്ഷം സെക്കുലര്‍ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുകയായിരുന്നു. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രിമാരായ വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും ബിജെപി ജനറല്‍ സെക്രട്ടറി രാധാമോഹന്‍ദാസ് അഗര്‍വാളും ചേര്‍ന്ന് പി.സി.ജോര്‍ജിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. പി.സി.ജോര്‍ജിന്റെ മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജും അംഗത്വം സ്വീകരിച്ചു.
കേരളത്തിലെ റോമന്‍ കത്തോലിക്കാ വിഭാഗത്തില്‍നിന്നുള്ള പ്രധാന നേതാവാണ് പി.സി.ജോര്‍ജ്. ഈ വിഭാഗത്തെ പാർട്ടിയിലേക്ക് അടുപ്പിക്കാന്‍ ജോര്‍ജിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. ലയനത്തിന്റെ ഭാഗമായി കേരളത്തില്‍ വലിയ റാലി നടത്തും. ഇത് കോട്ടയത്തോ പത്തനംതിട്ടയിലോ ആകും. മുതിര്‍ന്ന കേന്ദ്ര നേതാക്കള്‍ തന്നെ ഈ യോഗത്തില്‍ പങ്കെടുക്കും. ഇനിയും ക്രൈസ്തവ നേതാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടു വരാനും സാധ്യതയുണ്ട്.
വലിയ പ്രതീക്ഷയാണ് ബിജെപിക്കുള്ളത് എന്നാണ് പി.സി.ജോർജിനെ സ്വീകരിച്ചുകൊണ്ട് പ്രഭാരി പ്രകാശ് ജാവേദ്കര്‍ പറഞ്ഞത്. കേരളത്തില്‍ ഇപ്പോള്‍ ഏത് പാര്‍ട്ടിക്കാരോട് ചോദിച്ചാലും നരേന്ദ്രമോദി പ്രധാനമന്ത്രിയാവുമെന്ന് പറയും. എന്നാല്‍, 2019-ല്‍ പലരും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന് വിശ്വസിച്ചു. 2019 തിരഞ്ഞെടുപ്പ് പോലെയല്ല കേരളത്തില്‍ ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പ്. പി.സി.ജോര്‍ജിന്റേയും ഭാവിയില്‍ വരാനിരിക്കുന്നവരുടെയും മികവില്‍ കുറഞ്ഞത് അഞ്ച് സീറ്റില്‍ കേരളത്തില്‍ ബിജെപി ജയിക്കുമെന്നുമാണ് ജാവദേക്കര്‍ അവകാശപ്പെട്ടത്.