രാജ്യത്തെ സ്വകാര്യ കോച്ചിംഗ് സെന്ററുകള്‍ക്ക് കടിഞ്ഞാണിട്ട് കേന്ദ്ര സർക്കാർ. കോച്ചിംഗ് സെന്ററുകളെ നിയന്ത്രിക്കുന്നതിനായി മാർഗ്ഗനിർദ്ദേശങ്ങളും കേന്ദ്രം പുറത്തിറക്കി. കോച്ചിങ് സെന്ററുകള്‍ അനിയന്ത്രിതമായി വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. 16 വയസില്‍ താഴെയുള്ള വിദ്യാർഥികളെ കോച്ചിംഗ് സെന്ററുകളില്‍ ചേർക്കരുതെന്ന് കേന്ദ്രം പുറത്തിറക്കിയ ‘ഗൈഡ് ലൈൻസ് ഫോർ കോച്ചിംഗ് സെന്റർ 2024’ലെ മാർഗ്ഗനിർദ്ദേശങ്ങളില്‍ പറയുന്നു.

കോച്ചിംഗ് സെന്ററുകള്‍ രക്ഷിതാക്കള്‍ക്കും വിദ്യാർഥികള്‍ക്കും തെറ്റിദ്ധാരണാജനകമായ വാഗ്ദാനങ്ങളോ, റാങ്കുകള്‍ ഉറപ്പുനല്‍കുകയോ ചെയ്യരുതെന്നും മാർഗ്ഗ നിർദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. ബിരുദത്തില്‍ താഴെ യോഗ്യതയുള്ള ട്യൂട്ടർമാരെ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളില്‍ പഠിപ്പിക്കാൻ അനുവദിക്കരുതെന്നും കേന്ദ്രത്തിന്റെ പ്രത്യേക മാർഗ്ഗനിർദ്ദേശമുണ്ട്. വിദ്യാർത്ഥികളില്‍ നിന്ന് അമിതമായ ഫീസ് ഈടാക്കുന്നതോ, വിദ്യാർത്ഥികളുടെ ആത്മഹത്യയിലേക്കും മറ്റ് ക്രമക്കേടുകളിലേക്കും നയിക്കുന്നതുമായ കോച്ചിംഗ് സെന്ററുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ പിഴയോ, അല്ലെങ്കില്‍ രജിസ്ട്രേഷൻ റദ്ദാക്കാനോ അനുമതിയും കേന്ദ്രം നല്‍കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവിൽ ഏഴാം ക്ലാസ് മുതൽ തന്നെ വിദ്യാർത്ഥികളെ കോച്ചിംഗ് സെന്ററുകളിൽ പ്രവേശിപ്പിക്കുന്നുണ്ട്. സ്കൂളുകളിലും കോച്ചിംഗ് സെന്ററുകൾ ശാഖ തുറന്നു പ്രവർത്തിക്കുന്നുണ്ട്. പല സ്വകാര്യ സ്കൂളുകളും വിദ്യാർത്ഥികളെ ആകർഷിക്കുന്നത് തന്നെ കോച്ചിംഗ് സെന്ററുകളുടെ സാന്നിധ്യം പരസ്യം ചെയ്തു കൊണ്ടാണ്.

ഓൺലൈനായി അപ്പർ പ്രൈമറി വിദ്യാർത്ഥികൾ മുതൽ ഉള്ള കുട്ടികൾക്ക് പ്രവേശനം നൽകി പ്രവർത്തിക്കുന്ന കോച്ചിംഗ് സെന്ററുകളും സജീവമാണ്. ഇത്തരം പ്രവണതകളെ നിയന്ത്രിക്കാനാണ് കേന്ദ്രം പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. പ്രായോഗിക തലത്തിൽ ഇത് എത്രമാത്രം പ്രാവർത്തികമാകും എന്നതാണ് ഇനി കണ്ടറിയേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക