ബെംഗളൂരുവിലെ എ.ഐ. കമ്ബനി സി.ഇ.ഒ. നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ എല്ലാം അടിമുടി ദുരൂഹം. ബെംഗളൂരു കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന എ.ഐ. സ്റ്റാര്‍ട്ടപ്പ് ആയ ‘മൈൻഡ്ഫുള്‍ എ.ഐ. ലാബി’ന്റെ സി.ഇ.ഒ.യും സഹസ്ഥാപകയുമായ സുചന സേതി(39)നെയാണ് നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞദിവസം ഗോവ പോലീസ് അറസ്റ്റ് ചെയ്തത്. ഗോവയിലെ അപ്പാര്‍ട്ട്മെന്റില്‍വെച്ച്‌ മകനെ കൊലപ്പെടുത്തിയശേഷം മൃതദേഹം ബാഗിലാക്കി ബെംഗളൂരുവിലേക്ക് യാത്രചെയ്യുന്നതിനിടെയാണ് യുവതി പോലീസിന്റെ പിടിയിലായത്.

അതേസമയം, കൊലപാതകത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കര്‍ണാടകയില്‍നിന്ന് കസ്റ്റഡിയിലെടുത്ത യുവതിയെ ഗോവയിലെത്തിച്ച്‌ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്. നാലുവയസ്സുള്ള മകനുമായി ശനിയാഴ്ചയാണ് സുചന ഗോവയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. നോര്‍ത്ത് ഗോവയിലെ ഒരു അപ്പാര്‍ട്ട്മെന്റിലാണ് യുവതിയും മകനും താമസിച്ചിരുന്നത്. ശനിയാഴ്ച അപ്പാര്‍ട്ട്മെന്റില്‍ ചെക്ക് ഇൻ ചെയ്ത യുവതി തിങ്കളാഴ്ച രാവിലെയോടെ മുറി വിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അപ്പാര്‍ട്ട്മെന്റില്‍നിന്ന് ചെക്ക് ഔട്ട് ചെയ്യുന്നതിന് മുൻപ് ഗോവയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകാനായി ഒരു ടാക്സി വേണമെന്ന് സുചന ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. ടാക്സിയെക്കാള്‍ കുറഞ്ഞനിരക്കില്‍ വിമാനടിക്കറ്റ് ലഭ്യമാണെന്ന് ജീവനക്കാര്‍ അറിയിച്ചിട്ടും യുവതി ടാക്സിക്കായി നിര്‍ബന്ധം പിടിച്ചു. ഇതോടെ അപ്പാര്‍ട്ട്മെന്റ് ജീവനക്കാര്‍ തന്നെ ബെംഗളൂരുവിലേക്ക് ടാക്സി ഏര്‍പ്പാടാക്കി നല്‍കി. അതേസമയം, മകനുമായി അപ്പാര്‍ട്ട്മെന്റില്‍ എത്തിയ യുവതി തനിച്ചാണ് തിരികെപോയതെന്ന കാര്യം ജീവനക്കാരൻ ശ്രദ്ധിച്ചിരുന്നു. പക്ഷേ, ഇതേക്കുറിച്ച്‌ കൂടുതല്‍ തിരക്കാൻ ആരും തയ്യാറായില്ല.

മുറിയിലെ രക്തക്കറ സംശയം ജനിപ്പിച്ചു:

സുചന മുറിയൊഴിഞ്ഞതിന് പിന്നാലെ ശുചീകരണത്തൊഴിലാളി മുറി വൃത്തിയാക്കാനെത്തിയിരുന്നു. ഇതിനിടെയാണ് യുവതി താമസിച്ചിരുന്ന മുറിയില്‍ ചോരക്കറയുള്ളത് ജീവനക്കാരിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ജീവനക്കാരി മറ്റുള്ളവരെ വിവരമറിയിച്ചു. പിന്നാലെ പോലീസിനും വിവരം കൈമാറി. മുറിയില്‍ ചോരക്കറ കണ്ടതും മകനുമായി വന്ന യുവതി ഒറ്റയ്ക്ക് മടങ്ങിയതും പോലീസിനും സംശയത്തിനിടയാക്കി. അപ്പാര്‍ട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് സംഘം, യുവതി മടങ്ങിയത് തനിച്ചാണെന്ന് സ്ഥിരീകരിച്ചു.

തൊട്ടുപിന്നാലെ യുവതി ബെംഗളൂരുവിലേക്ക് യാത്രതിരിച്ച ടാക്സി ഡ്രൈവറെ പോലീസ് ഫോണില്‍ ബന്ധപ്പെട്ടു. ഫോണ്‍ യുവതിക്ക് കൈമാറാൻ ആവശ്യപ്പെട്ട പോലീസ് ഇൻസ്പെക്ടര്‍ മകനെക്കുറിച്ചാണ് ആദ്യം തിരക്കിയത്. എന്നാല്‍, മകനെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഏല്‍പ്പിച്ചെന്നായിരുന്നു സുചനയുടെ മറുപടി. ഗോവയിലെ ഫതോര്‍ദയിലുള്ള സുഹൃത്തിന്റെ വീട്ടിലാണ് മകനുള്ളതെന്നും ഇവര്‍ പറഞ്ഞു. ഇതോടെ സുഹൃത്തിന്റെ വിലാസം നല്‍കാൻ പോലീസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് യുവതി അയച്ചുനല്‍കിയ വിലാസം പോലീസ് പരിശോധിച്ചെങ്കിലും ഇത് വ്യാജമാണെന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ വ്യക്തമായി.

ഇതോടെയാണ് അസ്വാഭാവികമായി എന്തോ സംഭവിച്ചതായി പോലീസ് ഉറപ്പിച്ചത്. സുഹൃത്തിന്റെ വിലാസം വ്യാജമാണെന്ന് ബോധ്യപ്പെട്ടതോടെ പോലീസ് ഇൻസ്പെക്ടര്‍ പരേഷ് നായിക് ടാക്സി ഡ്രൈവറെ വീണ്ടും ഫോണില്‍വിളിച്ചു. കാറിലുണ്ടായിരുന്ന സുചനയ്ക്ക് സംശയം തോന്നാതിരിക്കാൻ ഇത്തവണ കൊങ്കിണി ഭാഷയിലാണ് ഇൻസ്പെക്ടര്‍ ഡ്രൈവറുമായി ഫോണില്‍ സംസാരിച്ചത്. കാറിലുള്ള സുചനയ്ക്ക് സംശയം തോന്നാത്തരീതിയില്‍ വാഹനം എത്രയുംവേഗം സമീപത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിടണമെന്നായിരുന്നു ഇൻസ്പെക്ടര്‍ ഡ്രൈവര്‍ക്ക് നല്‍കിയ നിര്‍ദേശം.

കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ പ്രവേശിച്ചതിന് പിന്നാലെയാണ് ഗോവ പോലീസില്‍നിന്ന് ടാക്സി ഡ്രൈവര്‍ക്ക് ഈ നിര്‍ദേശം ലഭിച്ചത്. ഇതോടെ ടാക്സി ഡ്രൈവര്‍ ഏറ്റവും അടുത്തുള്ള ഐമംഗല പോലീസ് സ്റ്റേഷനിലേക്ക് വാഹനം തിരിച്ചുവിട്ടു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ കാറില്‍നിന്ന് യുവതിയെ കസ്റ്റഡിയിലെടുക്കുകയും ബാഗ് പരിശോധിക്കുകയും ചെയ്തതോടെയാണ് ബാഗില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

ഗോവയിലെ അപ്പാര്‍ട്ട്മെന്റില്‍വെച്ചാണ് സുചന മകനെ കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ നിഗമനം. ശേഷം മൃതദേഹം ബാഗിലാക്കി തിരികെ ബെംഗളൂരുവിലേക്ക് മടങ്ങാനാണ് പദ്ധതിയിട്ടതെന്നും പോലീസ് കരുതുന്നു. യാത്രയ്ക്കിടെ മൃതദേഹം ഉപേക്ഷിക്കാൻ പ്രതി ലക്ഷ്യമിട്ടിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്ത യുവതിയെ പിന്നീട് ഗോവ പോലീസിന് കൈമാറി. തിങ്കളാഴ്ച വൈകിട്ടോടെ തന്നെ പ്രതിയെ ഗോവയില്‍ എത്തിച്ചു.

ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘മൈൻഡ്ഫുള്‍ എ.ഐ. ലാബ്’ എന്ന എ.ഐ. സ്റ്റാര്‍ട്ടപ്പിന്റെ സി.ഇ.ഒ.യും സഹസ്ഥാപകയുമാണ് സുചന സേത്. ഡാറ്റ സയൻസുമായി ബന്ധപ്പെട്ട മേഖലയില്‍ 12 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുണ്ടെന്നാണ് സാമൂഹികമാധ്യമങ്ങളില്‍ യുവതി അവകാശപ്പെടുന്നത്. ചെന്നൈയിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. ശേഷം കൊല്‍ക്കത്ത സര്‍വകലാശാലയില്‍നിന്ന് ഫിസിക്സില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടി. ബെംഗളൂരുവിലെ രാമൻ റിസര്‍ച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്, ഹാര്‍വാഡ് സര്‍വകലാശാല എന്നിവിടങ്ങളില്‍ റിസര്‍ച്ച്‌ ഫെലോ ആയി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും യുവതിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ അവകാശപ്പെടുന്നുണ്ട്. എ.ഐ. ഡെവലപ്പറായി ജോലിചെയ്യുന്ന വെങ്കട്ടരാമനാണ് സുചനയുടെ ഭര്‍ത്താവ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക