തമിഴ് നാട് സര്‍ക്കാര്‍ രണ്ടുദിവസങ്ങളിലായി നടത്തുന്ന ആഗോള നിക്ഷേപ സംഗമം ആദ്യ ദിനം തന്നെ ബമ്ബര്‍ ഹിറ്റ്. വമ്ബൻ നിക്ഷേപങ്ങളാണ് വൻകിട കമ്ബനികള്‍ ആദ്യ ദിനം തന്നെ പ്രഖ്യാപിച്ചിരിക്കുന്നത്. 5.5 ലക്ഷം കോടിയുടെ 100 ധാരണാപത്രങ്ങളാണ് ഇതുവരെ ഒപ്പിട്ടത്. സര്‍ക്കാര്‍ പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണ് ആഗോള നിക്ഷേപ സംഗമത്തില്‍ ഉണ്ടാകുന്നതെന്നും ആദ്യ ദിനം തന്നെ ലക്ഷ്യം മറികടക്കാനായെന്നുമാണ് വ്യവസായമന്ത്രി ടി ആര്‍ ബി രാജ പറഞ്ഞത്.

അറുപതിനായിരം കോടിയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച മുകേഷ് അംബാനിയാണ് ആദ്യ ദിനത്തിലെ താരമായത്. റിലയൻസ് റിട്ടെയില്‍സ് 25000 കോടിയുടെ നിക്ഷേപവും ജിയോ 35000 കോടിയുടെ നിക്ഷേപവും നടത്തുമെന്നാണ് മുകേഷ് അംബാനി പ്രഖ്യാപിച്ചത്. തമിഴ്നാട് ഉടൻ തന്നെ ഒരു ട്രില്യണ്‍ ഡോളര്‍ സമ്ബദ്‌വ്യവസ്ഥയായുള്ള സംസ്ഥാനമായി മാറുമെന്നുമാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ ഐ എല്‍) ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി ഗ്ലോബല്‍ ഇൻവെസ്‌റ്റേഴ്‌സ് മീറ്റില്‍ പറഞ്ഞത്. റിലയൻസ് ഗ്രൂപ്പ് ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് നടത്തിയ നിക്ഷേപങ്ങളെ കുറിച്ച്‌ അംബാനി എടുത്തുപറഞ്ഞു. രാജ്യത്തെ ഏറ്റവും ബിസിനസ് സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാടെന്നും സംസ്ഥാന സര്‍ക്കാരില്‍ ആത്മവിശ്വാസം മികച്ചതാണെന്നും അംബാനി ചൂണ്ടികാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തമിഴ് നാട് സര്‍ക്കാരിന്‍റെ ആഗോള നിക്ഷേപ സംഗമത്തില്‍ വമ്ബൻ കമ്ബനികളെല്ലാം വലിയ നിക്ഷേപങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ആദ്യ ദിവസം ഇതുവരെയുള്ള വിവരങ്ങള്‍ പ്രകാരം 5.5 ലക്ഷം കോടിയുടെ 100 ധാരണാപത്രങ്ങളാണ് ഒപ്പിട്ടിരിക്കുന്നത്. കൃഷ്ണഗിരി ജില്ലയിലെ മൊബൈല്‍ ഫോണ്‍ അസംബ്ലി യൂണിറ്റില്‍ 12,082 കോടിയുടെ നിക്ഷേപത്തിലൂടെ 40,050 തൊഴില്‍ അവസരങ്ങളാണ് ടാറ്റാ ഇലക്‌ട്രോണിക്സിന്റെ വാഗ്ദാനം. പുനരുപയോഗ ഊര്‍ജ മേഖലയില്‍ അടുത്ത 5 വര്‍ഷത്തില്‍ 55,000 കോടിയുടെ പദ്ധതികള്‍ക്കുള്ള ധാരണപത്രം നാളെ ഒപ്പിടുമെന്ന് ടാറ്റാ പവറും അറിയിച്ചിട്ടുണ്ട്.

തൂത്തുക്കൂടി, തിരുനെല്‍വേലി എന്നീ ജില്ലകളില്‍ 10000 കോടിയുടെ നിക്ഷേപവും 6000 പേര്‍ക്ക് ജോലിയും ആണ് ജെ എസ് ഡബ്ല്യു എനര്‍ജിയുമായുള്ള ധാരണാപാത്രത്തിലെ സവിശേഷത. വിയറ്റ്നാം കമ്ബനിയായ വിൻഫാസ്റ്റിന് പിന്നാലെ കാഞ്ചീപുരത്ത് 6180 കോടിയുടെ ഇലക്‌ട്രിക് കാര്‍ -ബാറ്ററി യൂണിറ്റ് തുടങ്ങുമെന്ന് ഹ്യുണ്ടായ് അറിയിച്ചു. ആപ്പിള്‍ കരാര്‍ കമ്ബനി പെഗാട്രോണ്‍ ചെങ്കപ്പെട്ടില്‍ 1000 കോടി മുടക്കി നിര്‍മിക്കുന്ന പുതിയ പ്ലാന്റിലൂടെ ലക്ഷ്യമിടുന്നത് 8000 തൊഴിലാവസരങ്ങളാണ്. റിലേയൻസ് എനര്‍ജി, ടി വി എസ്, ഗോദ്‌റെജ് തുടങ്ങിയവരും സംസ്ഥാനത്ത് പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെയും ഇന്നുമായി നടക്കുന്ന ആഗോള നിക്ഷേപ സംഗമം മുഖ്യമന്ത്രി സ്റ്റാലിനും കേന്ദ്രമന്ത്രി പിയൂഷ്‌ ഗോയലും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. 50 രാജ്യങ്ങളില്‍ നിന്നുള്ള 450 അന്താരാഷ്ട്ര പ്രതിനിധികള്‍ അടക്കം 30,000 പേരാണ് നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കുന്നത്. കമ്ബനികളുടെ നിക്ഷേപം കൂടുന്നതോടെ തൊഴിലവസരവും കുത്തനെ ഉയരുമെന്നാണ് പ്രതീക്ഷ. അഡിഡാസ്, ബോയിങ് തുടങ്ങിയ വമ്ബന്മാരുമായി നാളെ ധാരണാപത്രം ഒപ്പിട്ടേക്കമെന്നും സൂചനയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക