ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എംഎം മണി അധിക്ഷേപ പരാമര്‍ശം നടത്തിയതോടെ ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് പുതിയ തലത്തിലേക്കെത്തി മണിയുടെ പരാമര്‍ശത്തെക്കുറിച്ച്‌ ഗവര്‍ണര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും അതീവ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. അതിനാല്‍ രൂക്ഷ പ്രതികരണം തന്നെയാകും ഉണ്ടാവുക എന്ന് ഉറപ്പാണ്. പോര് കടുത്തിരിക്കുകയാണെങ്കിലും നിയമസഭയില്‍ നയപ്രഖ്യാപനം നടത്തുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് വീണ്ടും പ്രകോപനം സൃഷ്ടിച്ചുകൊണ്ട് വിവാദ പരാമര്‍ശവുമായി മണി എത്തിയത്.

സംസ്ഥാന നിയമസഭ പാസാക്കിയ ഭൂനിയമ ഭേദഗതിയില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണ്ണര്‍ നാറിയാണെന്നാണ് എം.എം. മണി പറഞ്ഞത്. മണിയുടെ വാക്കുകള്‍ ഇങ്ങനെ – ‘ഇടുക്കി ജില്ലയില്‍ ഗവര്‍ണര്‍ പ്രവേശിക്കുന്നത് പെറപ്പ് പണിയാണ്. വ്യാപാരികള്‍ ഗവര്‍ണര്‍ക്ക് പൊന്നുകൊണ്ട് പുളിശേരി വച്ച്‌ കൊടുക്കുന്നത് അംഗീകരിക്കാനാകില്ല. ജനങ്ങളുടെ വികാരം മനസിലാക്കണം. ജനങ്ങളുടെ ഭാഗമല്ലേ കച്ചവടക്കാര്‍. അവര്‍ പുതിയതായി വന്നതല്ലല്ലോ. ഈ നാറിയെ പേറാൻ നിങ്ങള്‍ പോകേണ്ട കാര്യമില്ല.”- അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എല്‍.ഡി.എഫ് ഇടുക്കി ജില്ലാ കമ്മിറ്റി രാജ്ഭവൻ മാര്‍ച്ച്‌ നടത്താൻ തീരുമാനിച്ച ജനു.ഒമ്ബതിന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിക്ക് ഗവര്‍ണര്‍ തൊടുപുഴയിലെത്തുന്നുണ്ട്. ഇതില്‍ പ്രതിഷേധിച്ച്‌ജില്ലയില്‍ അന്ന് എല്‍.ഡി.എഫ് ഹര്‍ത്താലും പ്രഖ്യാപിച്ചു. പരിപാടി ഒഴിവാക്കണമെന്ന് എല്‍.ഡി.എഫ്. നേതാക്കള്‍ വ്യാപാരി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ നിശ്ചയിച്ചപോലെ ഒമ്ബതിന് പരിപാടി നടത്തുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്ബിള്ളില്‍ പറഞ്ഞു.

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലയില്‍ നടപ്പിലാക്കുന്ന കാരുണ്യം കുടുംബ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനമാണ് രാവിലെ 11.30ന് തൊടുപുഴ മര്‍ച്ചന്റ്സ് ട്രസ്റ്റ് ഹാളില്‍ നടക്കുന്നത്. നവംബര്‍ ആറിനാണ് ഗവര്‍ണറെ ക്ഷണിച്ചതെന്നും ഡിസംബറിലെ തീയതി നല്‍കണമെന്നാണ് അഭ്യര്‍ത്ഥിച്ചതെന്നും വ്യാപാരികള്‍ വ്യക്തമാക്കി. ജനുവരി രണ്ടാം തീയതിയാണ് ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് ഒമ്ബതിന് പങ്കെടുക്കാമെന്ന് അറിയിച്ചത്. ചടങ്ങില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അംഗങ്ങള്‍ മാത്രമാണ് പങ്കെടുക്കുന്നത്. ഗവര്‍ണര്‍ പങ്കെടുക്കുന്നു എന്ന ഒറ്റക്കാരണത്താല്‍ ജീവകാരുണ്യ പരിപാടിയെ എതിര്‍ക്കുന്നത് ശരിയാണോയെന്ന് വ്യാപാരികള്‍ ചോദിക്കുന്നു. പരിപാടിയുമായി മുന്നോട്ടുപോകുന്നതിന് രാജ്ഭവൻ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹര്‍ത്താലിന്റെ ഭാഗമായി ഗവര്‍ണറെ തടയുന്ന നടപടി ഉണ്ടായാല്‍ അത് കാര്യങ്ങള്‍ വേറൊരു തലത്തിലേക്ക് എത്തിച്ചേക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക