കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. ഇത് സംബന്ധിച്ച ഹര്‍ജി വെളളിയാഴ്ച പരിഗണിക്കും. കേന്ദ്ര സര്‍ക്കാരിനെ കൂടാതെ ഗവര്‍ണറുടെ അഡീഷണല്‍ സെക്രട്ടറിക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വെളളിയാഴ്ചക്കുളളില്‍ നോട്ടീസിന് മറുപടി നല്‍കണമെന്ന് കോടതി അറിയിച്ചു.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്ര സര്‍ക്കാരിനുവേണ്ടി അറ്റോര്‍ണി ജനറലും സോളിസിറ്റര്‍ ജനറലും വെള്ളിയാഴ്ച ഹാജരാകരണമെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗവര്‍ണര്‍ ബില്ലുകള്‍ ഒപ്പിടാതെ വൈകിപ്പിക്കുന്നതിനെ തുടര്‍ന്നാണ് കേരളം ഹര്‍ജി നല്‍കിയത്. ഇതുവരെയായിട്ടും നിയമസഭ പാസാക്കിയ എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുത്തിട്ടില്ല. മൂന്ന് ബില്ലുകള്‍ രണ്ട് വര്‍ഷത്തില്‍ കൂടുതലായി അടയിരിക്കുന്നുവെന്ന് ആരോപിച്ചാണ് കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ഭരണഘടനയിലെ 200-ാം അനുഛേദം അനുസരിച്ച് നിയമസഭ പാസാക്കി പരിഗണനയ്ക്ക് അയക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ എത്രയും വേഗം തീരുമാനം എടുക്കണമെന്നാണ്. എന്നാല്‍ ഇതില്‍ ഗവര്‍ണറുടെ നിലപാട് ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാണെന്നും സംസ്ഥാനത്തിന്റെ സദ്ഭരണ സങ്കല്‍പ്പം അട്ടിമറിക്കാൻ ശ്രമിക്കുന്നതായും കേരളം ആരോപിച്ചു. ചീഫ് സെക്രട്ടറി ഡോ വേണു, ടി പി രാമകൃഷ്ണൻ എംഎല്‍എ തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാൻഡിംഗ് കൗണ്‍സില്‍ സി കെ ശശിയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഗവര്‍ണറുടെ ഈ നിലപാട് കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാക്കുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. ബില്ലുകള്‍ ഒപ്പിടാതെ തീരുമാനം വൈകിപ്പിക്കുന്നത് ജനങ്ങളോടും നിയമസഭാംഗങ്ങളോടും ഗവര്‍ണര്‍ കാണിക്കുന്ന കടുത്ത അനീതിയാണെന്നും കാണിച്ച് സര്‍ക്കാര്‍ സപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്.