അഞ്ച് അസി.കമ്മിഷണര്‍മാരുടെ നേതൃത്വത്തില്‍ വൻ പൊലീസ് സന്നാഹം നോക്കിനില്‍ക്കെ ക്രമസമാധാന ലംഘനത്തിന് ഇടയാക്കുംവിധം ഗവര്‍ണറെ നഗരത്തില്‍ മൂന്നിടത്ത് എസ്.എഫ്.ഐക്കാര്‍ തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ചയായി. ഗവര്‍ണറുടെ കാര്‍ തടയുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ടായിരുന്നു. അതിനാല്‍ ഗവര്‍ണറുടെ വിമാനത്താവളത്തിലേക്കുള്ള യാത്രാവിവരങ്ങള്‍ വയര്‍ലെസിലൂടെ അറിയിക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍ ഫോണിലൂടെയാണ് കൈമാറിയത്.

എസ്എഫ്ഐക്ക് യാത്രാ വിവരങ്ങൾ ചോർത്തിയത് സേനയിലെ സഖാക്കൾ: യാത്രാവിവരം ചോര്‍ന്നതും ഗുരുതര വീഴ്ചയാണ്.ഇന്റലിജൻസിലെ ഒരു സി.ഐയും എസ്.ഐയുമാണ് എസ്.എഫ്.ഐക്കാര്‍ക്ക് യാത്രാവിവരം ചോര്‍ത്തി നല്‍കിയതെന്നാണ് അറിയുന്നത്. പൊലീസ് സംഘടനയുടെ ഭാരവാഹിയാണ് ഇതിലൊരാള്‍. മറ്റേയാള്‍ അടുത്തകാലംവരെ നഗരത്തിലെ സ്റ്റേഷനിലെ എസ്.ഐയായിരുന്നു. ഇക്കാര്യം ഇന്റലിജൻസും പൊലീസും അന്വേഷിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗവര്‍ണര്‍ക്കെതിരെ കഴിഞ്ഞദിവസം വഴുതക്കാടുവച്ച്‌ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ യാത്രാവിവരം വയര്‍ലെസിലൂടെ പറയരുതെന്ന് ഉന്നതഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചത്. അസി.കമ്മിഷണര്‍മാരായ അനുരൂപ്, ഷീൻ തറയില്‍, നിയാസ്, അജിത്കുമാര്‍, സ്റ്റുവര്‍ട്ട് കീലര്‍ എന്നിവര്‍ക്കായിരുന്നു ഗവര്‍ണറുടെ സുരക്ഷച്ചുമതല. രണ്ട് എ.സി.പിമാര്‍ ഗവര്‍ണറുടെ വാഹന വ്യൂഹത്തിനൊപ്പമുണ്ടായിരുന്നു. പേട്ടയില്‍ മൂന്ന് എ.സി.പിമാര്‍ പ്രതിഷേധക്കാരെ തടയാനുമുണ്ടായിരുന്നു.

ഇത്തരത്തില്‍ വൻ പൊലീസ് സന്നാഹമുണ്ടായിരിക്കെയാണ് എസ്.എഫ്.ഐക്കാര്‍ പേട്ടയില്‍ ഗവര്‍ണറുടെ കാറിനു മുന്നിലേക്ക് ചാടിവീണത്. ഗവര്‍ണര്‍ കാറില്‍ നിന്നിറങ്ങിയപ്പോഴും സമരക്കാരെ നീക്കം ചെയ്യാൻ പൊലീസിന് സമയമേറെയെടുത്തു. പാളയത്താണ് ഗവര്‍ണര്‍ക്കുനേരെ ആദ്യ പ്രതിഷേധമുണ്ടായത്. ജനറല്‍ ആശുപത്രിക്കടത്തും പേട്ടയിലും ആവര്‍ത്തിച്ചു. പേട്ട സ്റ്റേഷന് തൊട്ടടുത്തുണ്ടായ സംഭവം പൊലീസിന് നാണക്കേടുമായി. വിമാനത്താവളത്തിലേക്കുള്ള പാതയില്‍ പൊലീസിനെ വിന്യസിച്ചിരുന്നു. ഗവര്‍ണറുടെ വാഹനവ്യൂഹം കടന്നുപോകുമ്ബോള്‍ ഇടറോഡില്‍ നിന്ന് വാഹനങ്ങള്‍ എയര്‍പോര്‍ട്ട് റോഡിലേക്ക് ഇറങ്ങാതിരിക്കാനും പൊലീസുകാരെ നിയോഗിച്ചിരുന്നു. എന്നിട്ടും എസ്.എഫ്.ഐക്കാരെ തടയുന്നതില്‍ ഗുരുതര വീഴ്ചയാണ് ഉണ്ടായത്.

അസാധാരണ സംഭവം: മൂന്നര കിലോമീറ്ററിനിടെ മൂന്നാമതും എസ്.എഫ്.ഐക്കാര്‍ തടഞ്ഞതാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. മൂന്നാമത് പേട്ടയില്‍ തടഞ്ഞതോടെ ഗവര്‍ണര്‍ കാറില്‍ നിന്ന് പുറത്തിറങ്ങി രൂക്ഷമായി പ്രതികരിച്ചു. സമരക്കാരുടെ അടുത്തുചെന്ന് ഗവര്‍ണര്‍ ആക്രോശിച്ചത് ഇന്ത്യയില്‍ അസാധാരണ സംഭവമാണ്. കേരള ചരിത്രത്തിലും അപൂര്‍വം. തമിഴ്നാട്ടില്‍ അടുത്തിടെ രാജ്ഭവന് നേരെ ബോംബേറുണ്ടായിരുന്നു.

സർക്കാരിനെ പിരിച്ചുവിടാമോ? ആശങ്കാജനകമായ സാമ്പത്തിക സ്ഥിതിക്ക് പിന്നാലെ കലുഷിതമായ ക്രമസമാധാന പ്രശ്നങ്ങളും സംസ്ഥാനത്ത് രൂക്ഷമാവുകയാണ്. ഗവർണറെ വഴി തടഞ്ഞത് ആക്രമിക്കാൻ ശ്രമിച്ചതും ഭരണകക്ഷി വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തകരാണ്. വളരെ ലാഘവ ബുദ്ധിയോടുകൂടിയാണ് ഈ വിഷയങ്ങൾ പോലീസ് സേന കൈകാര്യം ചെയ്തതും. അതുകൊണ്ടുതന്നെ പ്രശ്നം രൂക്ഷമായാൽ സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നുവെന്ന് വേണമെങ്കിൽ ഗവർണർക്ക് രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാം. ഇത്തരം സാധാരണ സാഹചര്യത്തിൽ സർക്കാരിനെ പിരിച്ചുവിടാനുള്ള അധികാരങ്ങൾ രാഷ്ട്രപതിക്ക് ഉണ്ട് താനും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക