കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ എസ്‌എഫ്‌ഐ സ്ഥാപിച്ച ബാനറുകള്‍ അഴിപ്പിച്ച്‌ ഗവര്‍ണര്‍. മലപ്പുറം എസ്പി അട‌ക്കമുള്ളവരോ‌ട് ക്ഷുഭിതനായ ഗവര്‍ണര്‍ നിര്‍ബന്ധപൂര്‍വ്വം ബാനറുകള്‍ അഴിപ്പിക്കുകയായിരുന്നു. ‘ഗോ ബാക്ക് ഗവര്‍ണര്‍’ അടക്കമുള്ള ബാനറുകളാണ് പൊലീസിനെക്കൊണ്ട് ഗവര്‍ണര്‍ അഴിപ്പിച്ചത്. മുഖ്യമന്ത്രിക്കെതിരെയാണ് ബാനറെങ്കില്‍ നിങ്ങളിങ്ങനെയാണോ എന്നാണ് ഗവര്‍ണര്‍ പൊലീസിനോട് ചോദിച്ചത്. മുഖ്യമന്ത്രിയെന്നും അധികാരത്തിൽ ഇരിക്കില്ല എന്നോർത്ത് കൊള്ളണമെന്നും ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ സമാധാനം പറയേണ്ടി വരുമെന്നും അദ്ദേഹം എസ്പിയോട് കടുപ്പിച്ചു.

ഗവര്‍ണര്‍ വൈസ് ചാൻസിലറോടും കയര്‍ത്തു സംസാരിച്ചു. ഗവര്‍ണര്‍ ഗസ്റ്റ് ഹൗസിലേക്ക് വൈസ് ചാൻസിലര്‍ കെഎം ജയരാജിനെ വിളിച്ചുവരുത്തുകയായിരുന്നു. വൈസ് ചാൻസിലര്‍ എത്തിയ ശേഷമാണ് ഗവര്‍ണര്‍ അകത്തേക്ക് കയറിയത്. നിങ്ങളുടെ സുരക്ഷ എനിക്ക് വേണ്ടന്ന് പൊലീസിനോട് കയര്‍ത്ത് പറഞ്ഞാണ് ഗവര്‍ണര്‍ മടങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ തനിക്കെതിരായി എസ്‌എഫ്‌ഐ സ്ഥാപിച്ചിട്ടുള്ള ബാനറുകള്‍ നീക്കം ചെയ്യണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടിരുന്നു. സര്‍വ്വകലാശാലയില്‍ എത്തിയപ്പോള്‍ വാഹനത്തില്‍ നിന്നിറങ്ങിയ ഗവര്‍ണര്‍ ഫോണില്‍ വിളിച്ചാണ് ബാനറുകള്‍‍ നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.ക്യാമ്ബസില്‍ ഗവര്‍ണര്‍ക്കെതിരെ കെട്ടിയ ബാനറുകള്‍ നീക്കം ചെയ്യില്ലെന്നായിരുന്നു പൊലീസ് നിലപാട്. നീക്കം ചെയ്യേണ്ടത് സര്‍വ്വകലാശാല അധികൃതരെന്നാണ് പൊലീസ് നിലപാടെടുത്തത്. നീക്കം ചെയ്യാൻ ക്യാമ്ബസ് സെക്യൂരിറ്റി ഓഫീസര്‍ക്കും നിര്‍ദ്ദേശം കിട്ടിയിരുന്നില്ല.

കേരളത്തിലെ സര്‍വ്വകലാശാലയില്‍ ഗവര്‍ണറെ പ്രവേശിപ്പിക്കില്ലെന്ന് എസ്‌എഫ്‌ഐ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെ, കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ താമസിക്കാൻ തീരുമാനിച്ച ഗവര്‍ണര്‍ താമസം കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്ബസിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവര്‍ണറെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ആഹ്വാനം ചെയ്ത് എസ്‌എഫ്‌ഐ ഇന്നലെ ക്യാമ്ബസില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇത് അക്രമാസക്തമായി. ‘ഗവര്‍ണര്‍ ഗോ ബാക്ക്’ മുദ്രാവാക്യങ്ങളുമായായിരുന്നു പ്രതിഷേധം. ക്യാമ്ബസിലു‌ടനീളം ഗവര്‍ണര്‍ ഗോ ബാക്ക് ബാനറുകളും എസ്‌എഫ്‌ഐ ഉയര്‍ത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ വീണ്ടും ഗവര്‍ണര്‍ ക്രിമിനലുകള്‍ എന്ന് വിളിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം രംഗത്തെത്തിയിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക