രാജ്യത്തെ ഏറ്റവും പഴക്കംചെന്ന പാര്‍ട്ടിയായ ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിന് ഇനി പുതിയ ആസ്ഥാനം. ഇന്ദിരാഭവൻ എന്ന പേരില്‍ അറിയപ്പെടുന്ന പുതിയ ആസ്ഥാനത്തേക്കുള്ള മാറ്റം ജനുവരി രണ്ടാം വാരമുണ്ടാകും. ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ നവംബര്‍ 19-ന് പുതിയ ആസ്ഥാനത്തേക്ക് മാറുമെന്നായിരുന്നു കോണ്‍ഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. സെൻട്രല്‍ ഡല്‍ഹിയിലെ കോട്ല റോഡ് 9-ലാണ് ആറ് നിലകളുള്ള പുതിയ ഓഫീസ് വരുന്നത്.

ദീൻദയാല്‍ ഉപാധ്യായ മാര്‍ഗിലെ ബിജെപിയുടെ ആസ്ഥാനമന്ദിരം കോണ്‍ഗ്രസിന്റെ പുതിയ ആസ്ഥാനത്തിന് സമീപമാണ് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസിന്റെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്ബര്‍ റോഡിലെ കെട്ടിടം പാര്‍ട്ടിയുടെ നിരവധി ഉയര്‍ച്ചതാഴ്ച്ചകള്‍ക്ക് സാക്ഷിയായിട്ടുണ്ട്. നാല് പ്രധാനമന്ത്രിമാര്‍ക്കും ഏഴ് പാര്‍ട്ടി അധ്യക്ഷൻമാര്‍ക്കും ഈ ഓഫീസ് ഇരിപ്പിടമൊരുക്കിയിട്ടുണ്ട്. ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, പി.വി.നരസിംഹ റാവു, മൻമോഹൻ സിങ് എന്നീ പ്രധാനമന്ത്രിമാരും ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു, സീതാറാം കേസരി, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുൻ ഖാര്‍ഗെ എന്നീ പ്രസിഡന്റുമാരും അക്ബര്‍ റോഡിലെ ഓഫീസില്‍ പ്രവര്‍ത്തിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോണ്‍ഗ്രസിന്റെ പുതിയ ഓഫീസ് രൂപകല്‍പന ചെയ്യുകയും നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുകയും ചെയ്തിരുന്ന പ്രധാനപ്പെട്ട രണ്ടുപേര്‍ അഹമ്മദ് പട്ടേലും മോത്തിലാല്‍ വോറയുമായിരുന്നു. രണ്ടുപേരും നിലവില്‍ ജീവിച്ചിരിപ്പില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.പുതിയ കെട്ടിടം ബിജെപി ആസ്ഥാനത്തിന് സമീപമാണെങ്കിലും അതേ വിലാസം കോണ്‍ഗ്രസ് ഓഫീസിന് വരാതിരിക്കാനും അഹമ്മദ് പട്ടേലും മോത്തിലാല്‍ വോറയും ശ്രദ്ധ കാണിച്ചിട്ടുണ്ട്. സംഘപരിവാര്‍ ആചാര്യനായ ദീൻ ദയാല്‍ ഉപാധ്യായയുടെ പേര് വിലാസത്തില്‍ വരാതിരിക്കാൻ കോണ്‍ഗ്രസ് ഓഫീസിന്റെ പ്രധാന ഗേറ്റ് കോട്ല റോഡിലാണ് സ്ഥാപിച്ചിട്ടുള്ളത്. കോണ്‍ഗ്രസിലെ പിളര്‍പ്പിന് പിന്നാലെ 1978-ലാണ് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ അക്ബര്‍ റോഡിലെ ഓഫീസ് പാര്‍ട്ടി ആസ്ഥാനമാക്കിയത്. അതിന് മുമ്ബ് ജന്തര്‍ മന്തറിന് സമീപമായിരുന്നു കോണ്‍ഗ്രസ് ആസ്ഥാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക