പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി സി.പി.എമ്മിലെ തീ പാറും നേതാവാണ്. തിരുവനന്തപുരം ജില്ലയിലെ പ്രധാന മണ്ഡലമായ നേമത്തു നിന്നും ബി.ജെ.പിയെ ഇറക്കിവിട്ട് മണ്ഡലം പിടിച്ചെടുത്ത നേതാവിനെ കാത്തിരുന്നത് മന്ത്രിപദവും. നിയമസഭയില്‍ സാമാജികര്‍ ആരും ചെയ്യാത്ത സമരമുറകള്‍ നടത്തിയും മന്ത്രി ശിവന്‍കുട്ടി സ്റ്റാറായിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ അദ്ദേഹം വാര്‍ത്താ താരമായിരിക്കുന്നത്, തനിക്ക് ഭക്ഷണം പാചകം ചെയ്തു തരാന്‍ പുതിയൊരു പാചകക്കാരനെ നിയമിച്ചതു വഴിയാണ്. സര്‍ക്കാര്‍ ചെലവിലാണ് വിദ്യഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് പുതിയ പാചകക്കാരനെ നിയമിച്ചിരിക്കുന്നത്. ശമ്ബളം 30000 രൂപയാണ്.

തിരുവനന്തപുരം കവടിയാര്‍ സ്വദേശി എസ്. ഷെയ്ഖ് മൊയ്തിനാണ് ശിവന്‍കുട്ടിയുടെ പുതിയ പാചകക്കാരന്‍. പഴയ പാചകക്കാരന്റെ പാചകം പിടിക്കാഞ്ഞിട്ടാണെന്ന് കരുതുന്നവര്‍ക്ക് തെറ്റി. മന്ത്രി മന്ദിരത്തിലെ പാചകക്കാരനും രണ്ടു വര്‍ഷം കഴിഞ്ഞാല്‍ പെന്‍ഷന്‍ കിട്ടുമെന്നതാണ് നേട്ടം. പുതിയ പാചകക്കാരനായി ഷെയ്ഖ് മൊയ്തിനെ നിയമിക്കാന്‍ കഴിഞ്ഞ മാസം ആദ്യം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ജനുവരി 27 ന് പൊതുഭരണവകുപ്പില്‍ നിന്ന് ഉത്തരവിറങ്ങുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സര്‍ക്കാരിന്റെ കാലാവധി 2026 മെയ് വരെ ഉള്ളതിനാല്‍ പുതിയ പാചകക്കാരനും സര്‍ക്കാര്‍ പെന്‍ഷന്‍ ഉറപ്പാക്കിയിട്ടുണ്ട്. 2 വര്‍ഷം സര്‍വീസുള്ള പേഴ്‌സണല്‍ സ്റ്റാഫിന് ആജീവനാന്ത കാല പെന്‍ഷന് അര്‍ഹതയുണ്ട്. അതിനാല്‍ ഇത്തരത്തില്‍ സഖാക്കന്മാര്‍ക്കെല്ലാം ആജീവനാന്ത കാല പെന്‍ഷന്‍ ഉറപ്പ് വരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അതേ സമയം ഇതിന് മുമ്ബ് മന്ത്രിമാരുടെ അടുക്കളയില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയായ പാചകക്കാരെ മാറ്റി പുതിയ ആളുകളെ നിയമിക്കുമെന്ന് നേരത്തെ അറിയിച്ചതാണ്.

നിത്യവൃത്തിക്കു പോലും വകയില്ലെന്നും, കേന്ദ്രം ഞെരുക്കുന്നുവെന്നും പറയുന്ന സര്‍ക്കാര്‍ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ കൊടുക്കാന്‍ ബജറ്റില്‍ വകയിരുത്തിയത് 9.43 കോടി രൂപയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ അധികമായി വകയിരുത്തിയത് 44 ലക്ഷം രൂപ. 2023-24 ലെ ബജറ്റില്‍ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ 8.99 കോടിയാണ് വകയിരുത്തിയിരുന്നത്. പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷന്‍ വാങ്ങുന്നവരുടെ എണ്ണം 1600 ആണ്. 2 വര്‍ഷം സര്‍വീസുള്ള പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ട്.

പരമാവധി പേര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിനുവേണ്ടി 2 വര്‍ഷം കൂടുമ്ബോള്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ മാറ്റം വരുത്തുന്നത് ഇടതു സര്‍ക്കാരിന്റെ പതിവ് രീതിയാണ്. വര്‍ഷം കൂടുന്തോറും പെന്‍ഷനും വര്‍ദ്ധിക്കും. 34 വര്‍ഷമായി പേഴ്‌സണല്‍ സ്റ്റാഫില്‍ തുടരുന്ന സി എം രവീന്ദ്രനാണ് ഏറ്റവും കൂടുതല്‍ സര്‍വീസുള്ളത്. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യത മാത്രം ഉള്ള സി.എം രവീന്ദ്രന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ്. പദവിയില്‍ നിന്ന് ഇറങ്ങിയാല്‍ പെന്‍ഷനായി മാസം 80,000 രൂപ സി.എം. രവീന്ദ്രന് ലഭിക്കും. അടുത്തിടെ മന്ത്രിയായി അധികാരമേറ്റ കെ.ബി. ഗണേഷ്‌കുമാറും 20 പേഴ്‌സണല്‍ സ്റ്റാഫിനെയാണ് നിയമിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക