തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാര്‍ക്കായി 10 പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ കൂടി വാങ്ങാന്‍ ടൂറിസം വകുപ്പിന്റെ ശുപാര്‍ശ. കാറുകളുടെ കാലപ്പഴക്കത്തെ തുടര്‍ന്നാണ് ശുപാര്‍ശ നല്‍കിയത്. ഇക്കാര്യം ധനകാര്യ വകുപ്പ് പരിശോധിച്ചുവരികയാണ്. അടുത്തിടെ ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ കാറിന്റെ ടയര്‍ ഓട്ടത്തിനിടെ പൊട്ടിത്തെറിച്ചിരുന്നു.

സംസ്ഥാനത്തെ മന്ത്രിമാരെല്ലാം ഇന്നോവ ക്രിസ്റ്റ കാറുകളാണ് ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ വാഹനങ്ങള്‍ 10 വര്‍ഷം സേവന കാലാവധിയോ മൂന്നു ലക്ഷം കിലോമീറ്ററോ പിന്നിടുമ്ബോഴാണ് സാധാരണയായി സേവനത്തില്‍നിന്ന് മാറ്റുന്നതെന്നു ടൂറിസം വകുപ്പിലെ വാഹനങ്ങളുടെ ചുമതലയുള്ള അസി. എന്‍ജീനീയര്‍ പറഞ്ഞു. ടൂറിസം വകുപ്പാണ് മന്ത്രിമാര്‍ക്കുള്ള ഔദ്യോഗിക വാഹനം അനുവദിക്കുന്നത്. പ്രോട്ടോക്കോള്‍ അനുസരിച്ച്‌ മൂന്ന് വര്‍ഷവും ഒരു ലക്ഷം കിലോമീറ്ററും മാത്രമേ ഇവ ഔദ്യോഗിക വാഹനമായി ഉപയോഗിക്കാന്‍ സാധിക്കൂവെന്നാണ് നിര്‍ദേശം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവിലുള്ള പ്രോട്ടോക്കോള്‍ അനുസരിച്ച്‌ 17 മന്ത്രിമാരുടെ ഔദ്യോഗിക കാറുകള്‍ മാറാറായവയാണ്. ഇവയെല്ലാം 2017-ല്‍ വാങ്ങിയതും ഒരു ലക്ഷത്തിലധികം കിലോമീറ്റര്‍ സഞ്ചരിച്ചവയുമാണ്. ധനമന്ത്രിയുടെ കഴിഞ്ഞ ദിവസം അപകടത്തില്‍പെട്ട കാര്‍ അഞ്ച് വര്‍ഷത്തിലധികം പഴക്കമുള്ളതും 1,64,000 കിലോമീറ്റര്‍ ഓടിയതുമാണെന്നാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി ഉപയോഗിക്കുന്ന കറുത്ത ഇന്നോവ ക്രിസ്റ്റ മാത്രമാണ് ഔദ്യോഗിക വാഹനങ്ങളില്‍ പുതിയതായുള്ളത്. ഇത് പോലീസ് ഫണ്ട് ഉപയോഗിച്ച്‌ വാങ്ങിയതാണ്. അദ്ദേഹം മുമ്ബ് ഉപയോഗിച്ചിരുന്ന വെള്ള ഇന്നോവ 2017 മോഡലാണ്. മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.രാധാകൃഷണന്‍ തുടങ്ങിയവരുടെ വാഹനം 2019-ല്‍ വാങ്ങിയവയാണ്. അതേസമയം, മന്ത്രി വി.അബ്ദുറഹ്‌മാന്‍ അദ്ദേഹത്തിന്റെ സ്വന്തം വാഹനമാണ് ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നത്.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മന്ത്രിമാര്‍ക്ക് ഔദ്യോഗിക വാഹനം വാങ്ങിയിട്ടില്ല. മുഖ്യമന്ത്രിക്കു മാത്രമാണ് പുതിയ കാര്‍ ലഭിച്ചത്. സുരക്ഷ മുന്‍നിര്‍ത്തിയാണ് 62.5 ലക്ഷം രൂപ മുടക്കി രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകളും അകമ്ബടിക്കായി ടാറ്റ ഹാരിയര്‍ കാറും വാങ്ങിയത്. മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ ശുപാര്‍ശ അനുസരിച്ച്‌, സുരക്ഷാ കാരണങ്ങളാല്‍ കാറുകളുടെ നിറം വെള്ളയില്‍നിന്ന് കറുപ്പിലേക്കു മാറ്റിയിരുന്നു. ആഭ്യന്തരവകുപ്പാണ് മുഖ്യമന്ത്രിക്കായി വാഹനങ്ങള്‍ വാങ്ങിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക