അരീക്കോട്ട് ഏറനാട് മണ്ഡലം നവകേരള സദസ്സിനിടെ യൂട്യൂബറെ കൈയേറ്റം ചെയ്ത സംഭവത്തില്‍ 11 ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകരെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ അരീക്കോട് ബ്ലോക്ക് പ്രസിഡന്റും അരീക്കോട് ഗ്രാമപഞ്ചായത്ത് അംഗവുമായ കെ. സാദില്‍, തൃപ്പനച്ചി സ്വദേശി കെ. സല്‍മാൻ, തവരാപ്പറമ്ബ് സ്വദേശി എൻ.കെ. അബ്ദുല്‍ ഗഫൂര്‍, ഏലിയാപറമ്ബ് സ്വദേശി ഉബൈദുല്ല ശാക്കിര്‍, കാവനൂര്‍ സ്വദേശി കെ.വി. ശ്രീജേഷ്, ചെമ്രക്കാട്ടൂര്‍ സ്വദേശി ടി.സി. അബ്ദുല്‍ നാസര്‍, മണ്ണാറക്കല്‍പാറ സ്വദേശി നസീര്‍ പള്ളിയാലി, കുരിക്കലംപാട് സ്വദേശി എസ്. ജിനേഷ്, മൈത്ര സ്വദേശി എം.കെ. മുഹമ്മദ് അനീസ്, എടവണ്ണപ്പാറ സ്വദേശി മുഹമ്മദ് അഷ്‌റഫ്, കിഴിശ്ശേരി സ്വദേശി പി. സയ്യിദ് ആബിദ് എന്നിവരാണ് അറസ്റ്റിലായത്.

ഇവരെ മഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നവംബര്‍ 30 ന് യൂട്യൂബ് ചാനല്‍ ഉടമ കുഴിമണ്ണ സ്വദേശി നിസാര്‍ ബാബു അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന നവകേരള സദസ്സില്‍ പരാതി നല്‍കാനെത്തിയപ്പോഴായിരുന്നു സംഭവം. നേരത്തെ കുഴിമണ്ണ പഞ്ചായത്തിലെ കെട്ടിട പെര്‍മിറ്റ് ഫീസ് വര്‍ധനക്കെതിരെ ഇദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൈയേറ്റത്തില്‍ പരിക്കേറ്റ നിസാര്‍ അരീക്കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അരീക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് 11 പ്രതികളും ചൊവ്വാഴ്ച ഉച്ചയോടെ കീഴടങ്ങിയത്.അതേസമയം, ഏകദേശം രണ്ട് ലക്ഷം രൂപയോളം വിലയുള്ള ഫോണും, മൈക്കും ഇവര്‍ പിടിച്ചെടുത്തിരുന്നെന്നും അരീക്കോട് പൊലീസില്‍ നല്‍കിയിട്ടും തിരികെ ലഭിക്കാൻ നടപടിയുണ്ടായിട്ടില്ലെന്നും നിസാര്‍ ബാബു പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക