തിരുവനന്തപുരം: കെപിസിസി മാര്‍ച്ചിനെതിരെ പൊലീസ് സ്വീകരിച്ചത് കിരാത നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്തിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കോണ്‍ഗ്രസ് നേതാക്കളെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പൊലീസ് നടപടിയെന്നും അദ്ദേഹം ആരോപിച്ചു.

കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വേദിയിലിരിക്കെ, പ്രതിപക്ഷ നേതാവ് പ്രസംഗിക്കുന്നതിനിടയില്‍ ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. കേരള ചരിത്രത്തില്‍ ഇത്തരം സംഭവം ഉണ്ടായിട്ടില്ല. പൊലീസിന്റെ നിയന്ത്രണം പൂര്‍ണമായും സിപിഐഎമ്മിന് തീറെഴുതിക്കൊടുത്ത സംസ്ഥാന പൊലീസ് മേധവി സേനയ്ക്ക് മേല്‍ ഒരു നിയന്ത്രണവും ഇല്ലാതെ വെറും നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സ്ഥലത്തുള്ളപ്പോള്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് കാടത്തം കാട്ടിയത്. രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്ന പൊലീസുകാര്‍ കാലം മാറുമെന്ന് ഓര്‍ക്കണം. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസും യുഡിഎഫുും പിന്‍മാറില്ല. ജനവിരുദ്ധ സര്‍ക്കാരിനെതിരെ സമരം ശക്തമാക്കും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക