യുകെയില്‍ കുടിയേറ്റ നിയമത്തില്‍ കര്‍ശന നിയന്ത്രണവുമായി സര്‍ക്കാര്‍. ഹെല്‍ത്ത് കെയറര്‍ വിസയില്‍ എത്തുന്നവര്‍ക്ക് ഇനി ആശ്രിത വിസ ലഭിക്കില്ല. ഏപ്രില്‍ മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. ഇതുപ്രകാരം നഴ്സിങ് ഹോമുകളില്‍ കെയറര്‍ വിസയില്‍ എത്തുന്നവര്‍ക്ക് പങ്കാളികളേയോ മക്കളേയോ യു.കെയിലേക്ക് കൊണ്ടുവരാനാകില്ല. ഗവേഷണാധിഷ്ഠിതമായ ബിരുദാനന്തര കോഴ്സ് പഠിക്കുന്നവരൊഴികെയുള്ള വിദേശവിദ്യാര്‍ഥികള്‍ക്ക് ആശ്രിതവിസയില്‍ കുടുംബാംഗങ്ങളെ യു.കെ.യിലേക്ക് കൊണ്ടുവരാൻ ഇനിമുതല്‍ അനുമതി ഇല്ല.

ഹോം സെക്രട്ടറി ജെയിംസ് ക്ലവര്‍ലി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ കുടിയേറ്റ നിയമഭേദഗതിയിലാണ് പ്രഖ്യപനം. കെയറര്‍ വിസകളുടെ ദുരുപയോഗം തടയുന്നതിനാണ് നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന് ക്ലവര്‍ലി അറിയിച്ചു. സന്ദര്‍ശക, വിദ്യാര്‍ഥി വിസാ ചട്ടങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിന് പിന്നാലെയാണ് പുതിയ നടപടി. യു.കെയിലേക്ക് കുടിയേറാൻ കാത്തിരിക്കുന്ന നിരവധി മലയാളികള്‍ക്കാണ് നിയന്ത്രണം തിരിച്ചടിയാവുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആശ്രിത വിസകള്‍ക്ക് അപേക്ഷിക്കാൻ വേണ്ട കുറഞ്ഞ ശമ്ബളം 18,600 പൗണ്ടില്‍നിന്ന് 38, 700 പൗണ്ടായി ഉയര്‍ത്തി. പോയിന്റ് ബെസ്ഡ് ഇമിഗ്രേഷൻ സിസ്റ്റത്തില്‍ സ്കില്‍ഡ് വിസയ്ക്ക് വേണ്ടിയിരുന്ന അടിസ്ഥാനശമ്ബളം 26,200 പൗണ്ടില്‍ നിന്ന് ശതമാനം വര്‍ധിപ്പിച്ച്‌ 38,700 പൗണ്ടാക്കി ഉയര്‍ത്തി. ആരോഗ്യമേഖലയിലെ ജീവനക്കാരുടെ എണ്ണക്കുറവിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടനിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിലേക്കുള്ള നിയമനങ്ങളെ വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

2023 ജൂണ്‍വരെ മാത്രം 75,717 ആശ്രിത വിസകളാണ് യു.കെ അനുവദിച്ചത്. 2022-ല്‍ ചരിത്രത്തിലാദ്യമായി 7,45,000 പേരാണ് യു.കെയിലേക്ക് കുടിയേറിയത്. 2023-ലെ കണക്കും ചെറുതല്ല. ജൂണ്‍വരെ മാത്രം 6,72000 പേര്‍ കുടിയേറിയെന്നാണ് ഔദ്യോഗിക കണക്കുകള്‍. നിലവിലെ നിയന്ത്രണങ്ങളിലൂടെ കുടിയേറ്റം മൂന്ന് ലക്ഷത്തോളം കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. യുകെയിലെ ആരോഗ്യപരിചരണ രംഗത്തുള്ള സ്കില്‍ഡ് വര്‍ക്കര്‍മാരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണെന്ന് ഓക്സ്ഫഡ് സര്‍വകലാശാലയിലെ മൈഗ്രേറ്ററി ഒബ്സര്‍വേറ്ററിയാണ് പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2022-23ല്‍ റിക്രൂട്ട് ചെയ്യപ്പെട്ടവരില്‍ 20 ശതമാനം ഡോക്ടര്‍മാരും 46 ശതമാനം നഴ്സുമാരും ഇന്ത്യയില്‍നിന്നാണെന്ന് പഠനം പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക