ഉത്തര്‍പ്രദേശിലെ കാൻപുരില്‍ സ്കൂള്‍ അധ്യാപകന്റെ അപകടമരണം കൊലപാതകമെന്ന് പോലീസ്. കാൻപുരിലെ സുജൻപുര്‍ സ്വദേശിയും പ്രൈമറി സ്കൂള്‍ അധ്യാപകനുമായ രാജേഷ് ഗൗത(40)ത്തിന്റെ അപകടമരണമാണ് വിശദമായ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ അധ്യാപകന്റെ ഭാര്യയും ഇവരുടെ കാമുകനും അടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നും ഇയാള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. നവംബര്‍ നാലാം തീയതി പ്രഭാതസവാരിക്കിടെയാണ് രാജേഷ് ഗൗതം കാറിടിച്ച്‌ മരിച്ചത്.

സംഭവം അപകടമാണെന്നാണ് ആദ്യം കരുതിയതെങ്കിലും പോലീസ് സംഘം നടത്തിയ വിശദമായ അന്വേഷണത്തില്‍ ചുരുളഴിയുകയായിരുന്നു. രാജേഷിന്റെ ഭാര്യ പിങ്കി എന്ന ഊര്‍മിള കുമാരി(32) കാമുകൻ ശൈലേന്ദ്ര സൊങ്കാര്‍(34) കൂട്ടാളിയും ക്വട്ടേഷൻ സംഘാംഗവുമായ വികാസ് സൊങ്കാര്‍(34) എന്നിവരെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഊര്‍മിളയും കെട്ടിടനിര്‍മാണ തൊഴിലാളിയായ ശൈലേന്ദ്രയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും ഇരുവരും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. നവംബര്‍ നാലാം തീയതി പ്രഭാതസവാരിക്കിറങ്ങിയ രാജേഷിനെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടമുണ്ടാക്കിയ കാര്‍ പിന്നീട് ഒരു മരത്തിലിടിച്ചാണ് നിന്നത്. അപകടത്തിന് പിന്നാലെ കാര്‍ ഡ്രൈവര്‍ ഇതുവഴിയെത്തിയ മറ്റൊരു കാറില്‍ കടന്നുകളയുകയും ചെയ്തു.

സംഭവത്തില്‍ രാജേഷിന്റെ ഭാര്യ തന്നെയാണ് പോലീസില്‍ പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണത്തില്‍ തന്നെ സംശയം തോന്നിയ പോലീസ് സംഘം കേസില്‍ വിശദമായ അന്വേഷണത്തിനായി നാലുസംഘങ്ങളെ നിയോഗിച്ചു. തുടര്‍ന്ന് നിരീക്ഷണ ക്യാമറകളടക്കം പരിശോധിച്ചതോടെ ചില നിര്‍ണായക സൂചനകള്‍ പോലീസിന് ലഭിച്ചു. ഇതോടെ ഊര്‍മിള അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു.

നാലുലക്ഷം രൂപയ്ക്കാണ് ഡ്രൈവര്‍മാരായ വികാസ്, സുമിത് എന്നിവര്‍ക്ക് ഊര്‍മിള ക്വട്ടേഷൻ നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. നവംബര്‍ നാലാംതീയതി ഭര്‍ത്താവ് വീട്ടില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഊര്‍മിള കാമുകനായ ശൈലേന്ദ്രയെ വിവരമറിയിച്ചു. തുടര്‍ന്ന് ഇയാള്‍ വികാസിനും വിവരം കൈമാറി. വികാസ് ഓടിച്ച കാറാണ് രാജേഷിനെ ഇടിച്ചിട്ടത്. തൊട്ടുപിന്നാലെ മറ്റൊരു കാറില്‍ കൂട്ടാളിയായ സുമിതും സ്ഥലത്തെത്തി. തുടര്‍ന്ന് ഇരുവരും സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.

രാജേഷിന്റെ പേരിലുള്ള 45 കോടി രൂപയുടെ സ്വത്തും മൂന്നുകോടി രൂപയുടെ ഇൻഷുറൻസ് തുകയും കൈക്കലാക്കി കാമുകനൊപ്പം ജീവിക്കാനായിരുന്നു ഊര്‍മിള പദ്ധതിയിട്ടതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 2012-ലാണ് രാജേഷും ഊര്‍മിളയും വിവാഹിതരാകുന്നത്. അധ്യാപകനായ രാജേഷിന് റിയല്‍ എസ്റ്റേറ്റ് ബിസിനസും ഉണ്ടായിരുന്നു. കുടുംബസ്വത്ത് ഉള്‍പ്പെടെ ഏകദേശം 45 കോടി രൂപ വിലവരുന്ന വസ്തുവകകളാണ് ഇദ്ദേഹത്തിനുണ്ടായിരുന്നു.

2021-ല്‍ കൊയ്ലാനഗറിലെ വസ്തുവില്‍ രാജേഷ് കെട്ടിടം നിര്‍മിച്ചിരുന്നു. ഇവിടെ ജോലിക്കെത്തിയ തൊഴിലാളിയായിരുന്നു ശൈലേന്ദ്ര. ജോലിക്കിടെ രാജേഷിന്റെ വീട്ടിലും ഇയാള്‍ പതിവായി സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനിടെയാണ് ഊര്‍മിളയും ശൈലേന്ദ്രയും അടുപ്പത്തിലായതെന്നും രാജേഷ് ഇക്കാര്യമറിഞ്ഞതോടെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തി ഒരുമിച്ച്‌ ജീവിക്കാൻ പ്രതികള്‍ തീരുമാനിച്ചതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക