കുറേനാളായി രാജ്യത്ത് വിവാദത്തിലുള്ള വിഷയമാണ് ഹലാല്‍. ഇസ്ലാം മതവിശ്വാസ പ്രകാരം അനുവദനീയമെന്ന് അര്‍ഥമുള്ള ഹലാല്‍ എന്ന വാക്കിനെയും അതുമായി ബന്ധപ്പെട്ട വിശ്വാസത്തെയും ചുറ്റിപ്പറ്റി നിരവധി വിദ്വേഷ പ്രചാരണങ്ങള്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായി. ഇത്തരത്തിലൊന്നാണ് ഭക്ഷണത്തിലും മറ്റും തുപ്പുന്നതിലൂടെയാണ് അതിനെ ഹലാല്‍ ആക്കുന്നത് എന്ന പ്രചാരണവും.

ഈ പ്രചാരണത്തെ സാധൂകരിക്കാനായി നിരവധി തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകള്‍ ഇതിനിടെ വൈറലാവുകയും ചെയ്തു. എന്തിനേറെ, ഖുര്‍ആൻ വചനങ്ങള്‍ മന്ത്രിച്ച്‌ ഊതുന്നതിന്റെ വീഡിയോകള്‍ പോലും തുപ്പുന്നതിന്റേതെന്ന വ്യാജേന വിദ്വേഷം കലര്‍ന്ന വിവരങ്ങളോടൊപ്പം പ്രചരിച്ചിരുന്നു. ഇതിന്റെയെല്ലാം തുടര്‍ച്ചയായി പുതിയൊരു പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. ഭക്ഷണത്തിലേക്ക് തുപ്പുന്നതിലൂടെയാണ് അതിനെ ഹലാല്‍ ആക്കി മാറ്റുന്നത് എന്ന് ഇസ്ലാം മതവിശ്വാസികള്‍ കോടതിയില്‍ പറഞ്ഞു എന്നതാണ് ഇപ്പോഴത്തെ പ്രചാരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2023 ഫെബ്രുവരിയിലെ ഒരു എക്സ് പോസ്റ്റിന്റെ സ്ക്രീൻഷോട്ടാണ് ഈ അവകാശവാദത്തോടെ ഇപ്പോള്‍ പ്രചരിക്കുന്നത്. എന്താണ് ഇതിലെ വാസ്തവമെന്ന് പരിശോധിക്കുന്നു. തുപ്പുന്നതിലൂടെയാണ് ഭക്ഷണത്തെ ഹലാല്‍ ആക്കി മാറ്റുന്നതെന്ന് തമിഴ്നാട്ടിലെ ഒരു കോടതിയില്‍ ഇസ്ലാം മതവിശ്വാസികള്‍ വെളിപ്പെടുത്തിയെന്നാണ് പ്രചരിക്കുന്ന സ്ക്രീൻഷോട്ടിലുള്ളത്. എന്നാല്‍, ഇത് ഏത് കോടതിയിലാണ് നടന്നതെന്നോ ഏതു കേസുമായി ബന്ധപ്പെട്ടാണെന്നോ പോസ്റ്റില്‍ പറയുന്നില്ല. പകരം, മുംബൈയില്‍ സ്ഥിതി ചെയ്യുന്ന ‘ഡല്‍ഹി ദര്‍ബാര്‍’ എന്ന ഒരു ഹോട്ടലിനെ കുറിച്ച്‌ ഈ സ്ക്രീൻഷോട്ടില്‍ ഒരു പരാമര്‍ശമുണ്ട്.

മുസ്ലിം മതസ്ഥര്‍ മേല്‍പ്പറഞ്ഞ രീതിയില്‍ കോടതിയില്‍ വെളിപ്പെടുത്തിയതിനാല്‍, ഡല്‍ഹി ദര്‍ബാര്‍ ഹോട്ടലില്‍നിന്നു മാംസാഹാരം കഴിക്കുന്നവര്‍ക്ക് ഇനി മറ്റ് ഇടങ്ങള്‍ കണ്ടത്തേണ്ടി വരും എന്നാണ് ഇതില്‍ പറയുന്നത്. മുസ്ലിം മതസ്ഥരുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന മുംബൈയിലെ ഒരു പ്രമുഖ റെസ്റ്റോറെൻറ്റ് ശൃംഖലയാണ് ഡല്‍ഹി ദര്‍ബാര്‍. അന്വേഷണത്തില്‍, ഈ ഹോട്ടലിനെതിരെ ഇത്തരത്തിലുള്ള പരാതികളൊന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തില്‍, ഏതെങ്കിലും കേസിന്റെ ഭാഗമായി തമിഴ്നാട്ടിലെ കോടതികളില്‍ മേല്‍പ്പറഞ്ഞ ഒരു പരാമര്‍ശം ഇസ്ലാം മതവിശ്വാസികളുടെ ഭാഗത്തുനിന്നും ഉണ്ടായി എന്നതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും ലഭിച്ചില്ല.

പക്ഷെ, സമാനമായ ഒരു അവകാശവാദം കേരള ഹൈക്കോടതി പരിഗണിച്ച ഒരു കേസിലുണ്ടായിട്ടുണ്ട്. ശബരിമലയില്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ശര്‍ക്കര ഉപയോഗിച്ച്‌ അരവണ നിര്‍മിക്കാൻ പാടില്ലെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2021 നവംബറില്‍ സമര്‍പ്പിച്ച ഒരു റിട്ട് ഹര്‍ജിയിലാണ് ഇത്തരത്തിലൊരു അവകാശവാദമുള്ളത്. പക്ഷെ, ഈ വാദം ഉന്നയിച്ചത് മുസ്ലിം മതസ്ഥരായിരുന്നില്ല. ശബരിമല കര്‍മ്മ സമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഇക്കാര്യമുണ്ടായിരുന്നത്.

ഭക്ഷണ വസ്തുക്കളെ ഹലാല്‍ ആയി പ്രഖ്യാപിക്കുന്നതിന് ഉമിനീര് പ്രധാനമാണെന്ന് ഇസ്ലാമിക പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് എന്നായിരുന്നു ഹര്‍ജിക്കാരന്റെ അന്നത്തെ അവകാശവാദം. എന്നാല്‍, ചില ഭക്ഷണങ്ങള്‍ കഴിക്കാൻ പാടില്ല എന്നും മറ്റുള്ളവ അനുവദനീയമാണെന്നും മാത്രമാണ് ഹലാല്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നതെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. കൂടാതെ, റിട്ട് പെറ്റീഷൻ ഫയല്‍ ചെയ്യുന്നതിന് മുൻപ് ഹലാല്‍ എന്ന ആശയത്തെ കുറിച്ച്‌ ആഴത്തില്‍ മനസ്സിലാക്കണമെന്നും കോടതി പറഞ്ഞു.

ശബരിമലയിലേക്ക് ശര്‍ക്കര വിതരണം ചെയ്യുന്ന കമ്ബനി ഗള്‍ഫ് രാജ്യങ്ങളിലേക്കും ശര്‍ക്കര കയറ്റി അയക്കുന്നതിനാലാണ് അവരുടെ ചാക്കുകളില്‍ ഹലാല്‍ ചിഹ്നം ഉള്ളതെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അന്ന് കോടതിയില്‍ പറഞ്ഞത്. മാത്രമല്ല, ശബരിമലയിലേക്ക് ശര്‍ക്കര വിതരണം ചെയ്യുന്ന കമ്ബനി ഹിന്ദു മതവിശ്വാസികളുടേതാണെന്നും അന്നത്തെ മാധ്യമ റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കിയിരുന്നു.

വാസ്തവം: ഭക്ഷണത്തില്‍ തുപ്പല്‍ കലര്‍ന്നാല്‍ മാത്രമേ അതിനെ ഹലാല്‍ ആയി കണക്കാക്കാൻ സാധിക്കൂവെന്ന് ഇസ്ലാം മതവിശ്വാസികള്‍ കോടതിയില്‍ പറഞ്ഞുവെന്ന തരത്തിലുള്ള പ്രചാരണം വ്യാജമാണ്. ശബരിമലയില്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ശര്‍ക്കര ഉപയോഗിക്കുന്നതിനെതിരെ കേരള ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഹര്‍ജിക്കാരൻ ഉയര്‍ത്തിയ വാദത്തെയാണ് ഇപ്പോള്‍ തെറ്റായി പ്രചരിപ്പിക്കുന്നത്.

References: https://thewire.in/law/kerala-high-court-halal-sabarimala-temple, https://www.verdictum.in/pdf_upload/wpc-25645-of-2021-1272557.pdf

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക