ഓയൂരിൽനിന്ന് ആറു വയസ്സുകാരി അബിഗേലിനെ തട്ടിക്കൊണ്ടു പോയവർ കൊല്ലം ജില്ലക്കാർ തന്നെയെന്ന സംശയത്തിൽ പൊലീസ്. തിങ്കളാഴ്ച വൈകിട്ട് കുട്ടിയെ ബലമായി വാഹനത്തിൽ പിടിച്ചുകയറ്റിയ സംഘം നേരെ പോയത് വർക്കല കല്ലുവാതുക്കൽ ഭാഗത്തേക്കാണെന്ന് പൊലീസിനു സൂചന ലഭിച്ചു. അന്നു രാത്രി ഒറ്റ നിലയുള്ള വലിയ വീട്ടിലാണ് കഴിഞ്ഞതെന്ന് അബിഗേൽ പൊലീസിനു മൊഴി നൽകി.

സംശയനിഴലിലുള്ള മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങൾ പൊലീസ് അബിഗേലിനെ കാണിച്ചെങ്കിലും തിരിച്ചറിയാനായില്ല. അബിഗേൽ നൽകുന്ന വിവരങ്ങൾ അനുസരിച്ച് രേഖാചിത്രം തയാറാക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തട്ടിയെടുത്തതിനു പിന്നാലെ അബിഗേലിനു മയങ്ങാൻ മരുന്നു നൽകിയെന്ന സംശയത്തെ തുടർന്ന് കുട്ടിയുടെ രക്തവും മൂത്രവും പൊലീസ് രാസപരിശോധനയ്ക്ക് അയച്ചു. നിലവിൽ കൊല്ലം വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ ഇന്നു വൈകിട്ടോടെ വീട്ടിലേക്ക് അയയ്ക്കാനാണ് തീരുമാനം. കുട്ടിയുടെ പിതാവും മാതാവും ആശുപത്രിയിൽ ഒപ്പമുണ്ട്.

പ്രതികൾ പ്രദേശവാസികൾ തന്നെയാണെന്ന സംശയം ആദ്യം മുതൽക്കേ പൊലീസിനുണ്ട്. ഇന്നലെ മാധ്യമങ്ങളെ കണ്ടപ്പോൾ എഡിജിപി എം.ആർ. അജിത് കുമാർ പറഞ്ഞതും പ്രതികൾ പ്രദേശവാസികളാകാനുള്ള സാധ്യതയെക്കുറിച്ചാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ കാർ ഉപേക്ഷിച്ച് നീലക്കാറിലാണ് ഇന്നലെ അബിഗേലിനെ യുവതിയും സംഘവും കൊല്ലം നഗരത്തിലെത്തിച്ചത്.

അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. അബിഗേലിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് മുന്നോട്ടു നീങ്ങുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക